നിതാഖാത്ത്:ചുവപ്പ്,മഞ്ഞ,ഇളംപച്ച കാറ്റഗറിയിലുള്ള കമ്പനികള്‍ക്ക് തൊഴിലാളികളെ മറ്റു കമ്പനികളിലേക്ക് മാറ്റാം

 

റിയാദ്: നിതാഖാത്ത് തൊഴില്‍ പരിഷ്‌ക്കരണത്തില്‍ ചുവപ്പ്, മഞ്ഞ, ഇളംപച്ച കാറ്റഗറിയിലുള്ള സ്വകാര്യ കമ്പനികള്‍ക്ക് തങ്ങളുടെ തൊഴിലാളികളെ മറ്റു കമ്പനികളിലേക്ക് മാറ്റാം. തൊഴില്‍ മന്ത്രി മുഫ്രജ് അല്‍ ഹഖബാനി ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഇക്കാര്യത്തില്‍ നേരത്തെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും തൊഴില്‍ മന്ത്രാലയം റദ്ദാക്കുകയും ചെയ്തു.

നിതാഖാത്ത് പദ്ധതി പ്രകാരം നടപടി നേരിടുന്ന കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഗുണകരമാകുന്ന നടപടിയാണ് പുതിയ തൊഴില്‍ മന്ത്രി സ്വീകരിച്ചിരിക്കുന്നത്. നിലവിലെ തൊഴിലുടമയുടെ സമ്മതത്തോടെയാകണം തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം. ശരിയായ തൊഴില്‍താമസ വിസകളുള്ളവര്‍ക്ക് മാത്രമെ ഈ ആനുകൂല്യം ലഭിക്കൂ. രാജ്യത്ത് എത്തി മൂന്ന് മാസത്തിനകം തൊഴില്‍ പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല. പുതിയ നടപടി വിദേശ തൊഴിലാളികള്‍ക്കും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും ഏറെ ഗുണം ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹമദ് അല്‍ ഹുമൈദാന്‍ അവകാശപ്പെട്ടു.

നിതാഖാത്ത് കാറ്റഗറിയില്‍ താഴെയുള്ള കമ്പനികള്‍ക്കുമേല്‍ നേരത്തെ കടുത്ത നടപടികളായിരുന്നു സൗദി തൊഴില്‍ മന്ത്രാലയം സ്വീകരിച്ചിരുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനോ തൊഴിലാളികളുടെ പ്രൊഫഷനില്‍ മാറ്റം വരുത്താനോ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനോ ഈ കമ്പനികള്‍ക്ക് അനുമതിയില്ലായിരുന്നു.

സൗദിയിലെ തൊഴില്‍ മേഖലയില്‍ സ്വദേശി വല്‍ക്കരണം ലക്ഷ്യമിട്ട് 2011ലാണ് നിതാഖാത്ത് പരിഷ്‌ക്കാരം കൊണ്ടുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചുവപ്പ്, മഞ്ഞ, ഇളം പച്ച കാറ്റഗറിയിലുള്ള കമ്പനികളുടെ പ്രവര്‍ത്തനം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വദേശി വല്‍ക്കരണം കാരണം ഒഴിവു വന്ന തൊഴിലവസരങ്ങളില്‍ സൗദി പൗരന്മാര്‍ താല്‍പര്യം കാണിക്കാതായതോടെ നിര്‍മാണ മേഖലയിലടക്കം കടുത്ത തൊഴില്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത ജോലികളിലും സര്‍ക്കാര്‍ ജോലികളിലുമാണ് സൗദി പൗരന്മാര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: