വിവാദം ഉയരും മുമ്പേ രാജി സന്നദ്ധത അറിയിച്ച് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ലളിത് മോദിയെ വഴിവിട്ട് സഹായിച്ച വിവരം പുറത്ത് വരും മുന്‍പേ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചതായി സൂചന. ആര്‍.എസ്സ്.എസ്സ് സുഷമ രാജി വെക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതിനാല്‍ പ്രധാനമന്ത്രി ഈ നിര്‍ദേശം നിരാകരിക്കുകയായിരുന്നു. സാമ്പത്തിക കുറ്റങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന ലളിത് മോദിയെ ബ്രിട്ടന്‍ വിടാന്‍ വഴിവിട്ട് ഇടപെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നതിന് ഒരാഴ്ച മുന്‍പാണ് സുഷമ പ്രധാനമന്ത്രിയെ കണ്ടത്. തുടര്‍ന്ന് പ്രധാനമന്ത്രി ആര്.എസ്സ്.എസ്സിന്റെയും ബി.ജെ.പിയുടെയും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടി. സുഷമ രാജിവെക്കേണ്ടതില്ലെന്ന് ആര്‍.എസ്സ്.എസ്സ് നിലപാടെടുത്തു.

ഞായറാഴ്ച ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നതിന് ശേഷവും സുഷമ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സാഹചര്യം വിശദീകരിച്ചു.സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന അവസ്ഥ താന്‍ വഴി ഉണ്ടാകരുതെന്ന് സുഷമ അറിയിച്ചു. എന്നാല്‍ നിയമ വിരുദ്ധമായ ഒന്നും സുഷമ ചെയ്തില്ലെന്നും രാജിവെക്കേണ്ടെന്നും ആര്‍എസ്സ്എസ്സ് നേതാക്കള്‍ നിലപാടെടുത്തു. വിവാദം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല.വിവാദത്തില്‍ അരുണ്‍ ജെയ്റ്റിലിക്ക് പങ്കുണ്ടെന്ന് അഡ്വാനി പക്ഷത്തെ കീര്‍ത്തി ആസാദ് എംപിയും ശത്രുഘ്‌നന്‍ സിന്‍ഹയും ആരോപിച്ചിരുന്നു.സുഷമ രാജിവെക്കേണ്ടതില്ലെ നിലപാട് ബി.ജെ.പി ആവര്‍ത്തിച്ചു.

എന്നാല്‍ വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം.വിദേശ കാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയാതെയാണ് ലളിത് മോദിക്കായി സുഷമ കത്തയച്ചതെന്ന വിവരവും പുറത്തു വന്നു. ലളിത് മോദിയെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും.

വിദേശ വിനിമയ ചട്ടലംഘനത്തിനും കുഴല്‍പണ ഇടപാടു സംബന്ധിച്ചുമാണ് മോദിക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. നിലവില്‍ ലളിത് മോദിക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് ഉണ്ട്. ഇന്റര്‍ പോള്‍ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ മോദിയെ അറസ്റ്റ് ചെയ്ത് മോദിയെ തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ്. 1700 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് ലളിത് മോദിക്കെതിരെ ഉള്ളത്.

Share this news

Leave a Reply

%d bloggers like this: