മയക്കുമരുന്ന്:കബളിപ്പിക്കപ്പെടാ തിരിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: മയക്കുമരുന്നു കേസുകളില്‍ പെടാതിരിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. നിലവില്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 60 ശതമാനവും മയക്കുമരുന്ന് കേസില്‍ ശിക്ഷ ലഭിച്ചവരാണ്. രാജ്യത്തെ നിയമപ്രകാരം ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് മയക്കുമരുന്ന് ഉപയോഗം, വില്‍പന, കൈവശംവെക്കല്‍, കടത്ത് തുടങ്ങിയവ. സമീപകാലത്തായി ഇത്തരം കേസുകളില്‍ ഇന്ത്യക്കാര്‍ കൂടുതലായി പിടിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെടുന്നതിനാലാണ് വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതെന്ന് എംബസി അറിയിച്ചു.

ഇത്തരം കേസുകളില്‍ അകപ്പെട്ടാല്‍ സഹായിക്കുന്നതിന് എംബസിക്ക് പരിമിതിയുണ്ടെന്നും അതുകൊണ്ടുതന്നെ പൗരന്മാര്‍ പരമാവധി ജാഗ്രത പാലിക്കുക മാത്രമാണ് പോംവഴിയെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പലപ്പോഴും അറിയാതെ ഇത്തരം കേസുകളില്‍ പെടുന്നവരാണ് ഉള്ളത്. അതിനാല്‍ അപരിചിതര്‍ നല്‍കുന്ന പൊതികള്‍ സ്വീകരിക്കാതിരിക്കുക. സ്വന്തം വസ്തുക്കളല്ലാതെ മറ്റുള്ളവര്‍ നല്‍കുന്ന വസ്തുക്കള്‍ ഒന്നും തന്നെ യാത്രയില്‍ കൊണ്ടുവരാതിരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതം. അത് പരിചയക്കാരുടേതെങ്കില്‍ പോലും. അടുത്ത കാലത്തായി മറ്റുള്ളവര്‍ നല്‍കിയ പാക്കറ്റുകള്‍ കൊണ്ടുവന്ന് ഇന്ത്യക്കാര്‍ പിടിയിലായ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊണ്ടുവരുന്നവര്‍ അറിയാതെ മയക്കുമരുന്നുകളും നിരോധിത മരുന്നുകളും ഇവയിലൂടെ കുവൈത്തിലേക്ക് കടത്തുന്ന വന്‍സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍, നാട്ടില്‍നിന്ന് സ്വന്തമല്ലാത്ത ഒരുവിധത്തിലുള്ള പാക്കറ്റുകളും കൊണ്ടുവരാതിരിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണം.

മരിജുവാന, കൊക്കെയ്ന്‍, ഹെറോയിന്‍, മോര്‍ഫീന്‍,ഡ്രൈ ഐസ്, എല്‍.എസ്.ഡി, എം.ഡി.എം.എ (എക്സ്റ്റസി), ആംഫെറ്റമൈന്‍സ് (സപീഡ്) തുടങ്ങിയ നാര്‍കോട്ടിക് വിഭാഗത്തില്‍പ്പെടുന്നവ കൂടാതെ ആന്റിഡിപ്രസന്റ്‌സ്, ബാര്‍ബിച്വറേറ്റ്‌സ്, കാനബീസ്, ഡിപ്രസന്റ്‌സ്, ഹലൂസിനോജന്‍സ്, ഇന്‍ഹലന്റ്‌സ്, സ്‌റ്റെറോയിഡ്‌സ്, സ്റ്റിമുലന്റ്‌സ്, ടുബാകോ തുടങ്ങിയവയെല്ലാം നിരോധിത പട്ടികയില്‍പ്പെട്ടതാണ്. ഇന്ത്യയില്‍നിന്നോ കുവൈത്തിലത്തെിയ ശേഷമോ മറ്റുള്ളവര്‍ ബാഗേജുകള്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചാല്‍ ഏറ്റെടുക്കാതിരിക്കുക. ഉടമസ്ഥനില്ലാതെ ബാഗുകള്‍ മാത്രമായി എവിടെയെങ്കിലും എത്തിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കാതിരിക്കാന്‍ ടാക്‌സിഡ്രൈവര്‍മാര്‍ ജാഗ്രത കാണിക്കണം. വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ യാത്രക്കാരന്‍ വല്ലതും ബോധപൂര്‍വം മറന്നുവെക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.

മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ പ്രിസ്‌ക്രിപ്ഷന്‍ നിര്‍ബന്ധമായും കരുതുക. ഇന്ത്യയില്‍ ലഭിക്കുന്ന പല പൊതുസ്വഭാവമുള്ള മരുന്നുകളും കുവൈത്തില്‍ പ്രിസ്‌്രൈകബ്ഡ് മരുന്നുകളായതിനാല്‍ കൃത്യമായ രേഖകളില്ലാതെ നാട്ടില്‍നിന്ന് കൊണ്ടുവന്നാല്‍ ഇവിടെ പിടിക്കപ്പെടാം. അതിനാല്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും മരുന്ന് വാങ്ങിയതിന്റെ ബില്ലും നിര്‍ബന്ധമായും കൂടെ കരുതുക. രണ്ടാഴ്ചക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ കൊണ്ടുവരാതിരിക്കുക. എണ്ണം കൂടിയാല്‍ സംശയിക്കപ്പെടാം. ആയുര്‍വേദ, ഹോമിയോ മരുന്നുകളില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടാവാന്‍ ഇടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും എംബസി മുന്നറിയിപ്പുനല്‍കി.

Share this news

Leave a Reply

%d bloggers like this: