Friday, January 24, 2020

മൂന്നാര്‍ തോട്ടം തൊഴിലാളി സമരം ശക്തമാകുന്നു, ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി

Updated on 12-09-2015 at 8:52 pm

Share this news

 

മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളിസമരം എട്ടാം ദിവസവും അതിശക്തമായി തുടരുകയാണ്. സമരവേദിയിലെത്തിയ പി കെ ശ്രീമതിയടക്കമുള്ള സിപിഎം നേതാക്കളെ തൊഴിലാളികള്‍ ഇറക്കിവിട്ടു. ടാറ്റയില്‍ നിന്ന് വീട് കൈപ്പറ്റിയ എസ് രാജേന്ദ്രനടക്കമുള്ള നേതാക്കളുടെ പേരും സമരസമിതി പുറത്തുവിട്ടിട്ടുണ്ട്. ഇതിനിടെ, സമരക്കാര്‍ കഴിഞ്ഞദിവസം വിരട്ടിയോടിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, മൂന്നാറില്‍ സമാന്തര നിരാഹാരം തുടങ്ങി. സമരം സിപിഎം ഏറ്റെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. വി.എസ് നാളെ മൂന്നാറിലെത്തും.

സമരം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ഴും മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ശക്തിപ്രാപിക്കുകയാണ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പി കെ ശ്രീമതി, എം സി ജോസഫൈന്‍, കെകെ ശൈലജ തുടങ്ങിയ സിപിഎം വനിതാനേതാക്കള്‍ സമരവേദിയിലെത്തിയത്. തൊഴിലാളികള്‍ ആദ്യം അവരോട് സംസാരിച്ചെങ്കിലും സിപിഎം നേതാക്കളാണെന്ന് അറിഞ്ഞതോടെ രോഷത്തോടെ രംഗത്തെത്തി. തൊഴിലാളികള്‍ക്കൊപ്പം ഇരിക്കാന്‍ ശ്രമിച്ച ഇവരെ സമരക്കാര്‍ എഴുന്നേല്‍പ്പിച്ച് വിട്ടു. എന്നാല്‍ തങ്ങള്‍ സമരക്കാര്‍ക്കൊപ്പമാണെന്നും സമരക്കാര്‍ തെറ്റിദ്ധരിച്ചതാണെന്നും പി കെ ശ്രീമതി പിന്നീട് പറഞ്ഞു. ഇതിനിടെ മൂന്നാറില്‍ ടാറ്റയുടെ പക്കല്‍നിന്ന് വീടുകള്‍ കൈപ്പറ്റിയ ട്രേഡ് യൂണിയന്‍ നേതാക്കളുടെ പേരുകളും സമരസമിതി പുറത്തുവിട്ടു. സിപിഎം നേതാവും എംഎല്‍എയുമായ എസ് രാജേന്ദ്രന്‍ , കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ കെ മണി, എന്നിവരടക്കം 150ഓളം പേര്‍ വീടുകള്‍ കൈപ്പറ്റിയെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്.

വനിതാ നേതാക്കള്‍ക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമരവേദിയിലെത്തി. രാവിലെ പത്ത് മണിയോടെയാണ് ഇന്നലെ തൊഴിലാളികള്‍ വിരട്ടിയോടിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ മൂന്നാറില്‍ തന്നെ നിരാഹാരം തുടങ്ങിയത്. പ്രധാന സമരപ്പന്തലില്‍ നിന്ന് അര കിലോമീറ്റര്‍ മാറിയാണ് രാജേന്ദ്രന്റെ സമരം. തൊഴിലാളികള്‍ ഇവിടെയുമെത്തി രാജേന്ദ്രനെതിരെ മുദ്രാവാക്യം വിളിച്ചു.

സമരം ശക്തമാകുമ്പോഴും തങ്ങള്‍ നഷ്ടത്തിലാണെന്നും ബോണസ് കൊടുക്കാനാകില്ല എന്നുമുള്ള നിലപാടില്‍ തന്നെയാണ് ടാറ്റാ ടീ കമ്പനി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നാളെ രാവിലെ പതിനൊന്ന് മണിയോടെ മൂന്നാറിലെത്തും. പ്രശ്‌നപരിഹാരത്തിനായി നാളെ കൊച്ചിയില്‍ മന്ത്രിതല ചര്‍ച്ചയും നടക്കും.

അതിനിടെ മൂന്നാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രശ്‌നം സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി സമരത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്നായിരുന്നു വിഎം സുധീരന്റെ പ്രതികരണം. സമരത്തിലെ സിപിഎം ഇടപെടലിനെ വിമര്‍ശിച്ച് മന്ത്രി ഷിബു ബേബിജോണും ഇന്നും രംഗത്തെത്തി. മൂന്നാര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ഇന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനും പ്രകടിപ്പിച്ചത്. തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന ഇന്നും പ്രതികരിച്ച മുഖ്യമന്ത്രി ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്നും വ്യക്തമാക്കി. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎം പ്രശ്‌നം രാഷ്ട്രീയവത്കരിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി നാളത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് വിഎം സുധീരന്‍ പ്രതികരിച്ചു. മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യാനുള്ള സിപിഎം നീക്കം കണ്ണന്‍ ദേവന്‍ മാനേജ്‌മെന്റിനെ വെള്ളപൂശാനെന്ന് കുറ്റപ്പെടുത്തിയ മന്ത്രി ഷിബു ബേബി ജോണ്‍ പക്ഷെ വിഎസ് മൂന്നാറിലേക്ക് പോകുന്നത് സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.
മൂന്നാര്‍ സമരം ന്യായമെന്ന് പ്രതികരിച്ച ലത്തീന്‍ അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ് ഡോ.സൂസൈപാക്യം തൊഴിലാളികളോട് കാണിക്കുന്നത് ക്രൂരതയാണെന്നും പറഞ്ഞു. അതിനിടെ സമരത്തിന് പിന്തുണയുമായി മൂന്നാറിലെത്തിയ ആം ആദ് മി പാര്‍ട്ടി നേതാവ് സാറാ ജോസഫ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള താക്കീതാണ് സമരമെന്ന് പ്രതികരിച്ചു.

comments


 

Other news in this section