പ്രൈവറ്റ് ഏജന്‍സികള്‍ വഴി വിസ ലഭിച്ച നഴ്‌സുമാരുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന് സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിടുന്നതിനുമുമ്പ് വിസ ലഭിച്ചവരുടെ കാര്യത്തില്‍ അനുകൂലമായ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നഴ്‌സുമാര്‍ക്ക് വിസ നല്‍കുന്നതിലും അതിന്റെ കാലാവധി കഴിയുന്നതിലും സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഏജന്‍സികളായ ഒഡെപക്, നോര്‍ക്ക എന്നിവ വഴി മാത്രം നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റാക്കി കൊണ്ടുള്ള മാര്‍ച്ച് 12ലെ ഉത്തരവ് പ്രകാരം വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് കാരണം വിസ ലഭിച്ച 10,000ത്തോളം നഴ്‌സുമാര്‍ക്ക് ജോലിയില്‍ ചേരാന്‍ കഴിയുന്നില്ലെന്ന് പ്രവാസികാര്യമന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ സംഘടന ആരോപിച്ചിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയല്ലാത്ത ജോലി ലഭിച്ചവരാണിവര്‍.

സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നല്‍കിയ അപേക്ഷ തള്ളിയതായും പ്രവാസികാര്യ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയല്ലാതെ റിക്രൂട്ട്‌മെന്റ് നടത്തണമെങ്കില്‍ അതത് രാജ്യങ്ങളുടെ അപേക്ഷ പ്രകാരം മാത്രമായിരിക്കുമെന്ന് നേരത്തെ പ്രവാസികാര്യ മന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: