കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍, അഭിമാന നിമിഷമെന്ന് ചെന്നിത്തല

പാലക്കാട്: പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍. കൊല്ലത്ത് പോലീസുകാരനെ കൊന്ന കേസിലെ പ്രതിയായ ഇയാളെ കേരള-തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഗോപാലപുരത്തു വച്ചാണ് പിടികൂടിയത്. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ആന്റണിയെ പാലക്കാട് പോലീസിന്റെ നേതൃത്വത്തില്‍ ഇന്നു പുലര്‍ച്ചെ പിടികൂടുകയായിരുന്നു. ചീറ്റൂര്‍ സിഐയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തു വരുകയാണ്.

2012 ജൂണില്‍ കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ പോലീസുകാരനായ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയതിനു ശേഷമാണ് ആന്റണി ഒളിവില്‍ പോകുന്നത്. ഒരു വാനില്‍ മാരകായുധങ്ങളുമായി അതുവഴിയെത്തിയ ആട് ആന്റണിയെ പിടികൂടി ജീപ്പിലേക്ക് കയറ്റുമ്പോഴാണ് പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയേയും എഎസ്‌ഐ ജോയിയേയും കുത്തിയശേഷം രക്ഷപ്പെട്ടത്.

ഒളിവില്‍ പോയ ആന്റണിക്കു വേണ്ടി പോലീസ് നാടും നഗരവും ഇളക്കി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. ആന്റണിയുടെ പതിനെട്ടോളം ഭാര്യമാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പലസ്ഥലങ്ങളിലായി വേഷം മാറി സഞ്ചരിക്കുന്ന ഇയാള്‍ മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. ഇതിനാലാണ് ആന്റണിയെ പിടികൂടാന്‍ പോലീസിനു സാധിക്കാതിരുന്നത്.

ആട് ആന്റണിയെ അറസ്റ്റ് ചെയ്തതു കേരളാ പോലീസിന് അഭിമാനിക്കാവുന്ന നിമിഷമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആന്റണിക്കുവേണ്ടിയുള്ള അന്വേഷണം കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയായി വ്യാഖ്യനിക്കാം. ആന്റണിയെ പിടികൂടിയ പോലീസുകാര്‍ക്കു പാരിതോഷികം നല്‍കുന്നതു സര്‍ക്കാര്‍ ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: