തോട്ടം തൊഴിലാളി ചര്‍ച്ച പരാജയം…വീണ്ടും യോഗം ചേരും

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി നിശ്ചയിക്കാന്‍ ചൊവ്വാഴ്ച വിളിച്ച പ്രത്യേകയോഗത്തില്‍ ധാരണയായില്ല.രണ്ടാഴ്ചയ്ക്കിടെ ചേര്‍ന്ന അഞ്ചാമത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗമാണ് ഒത്തുതീര്‍പ്പിലെത്താതെ പിരിഞ്ഞത്.

ചര്‍ച്ചകള്‍ തുടരും. ബുധനാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും പി.എല്‍.സി. യോഗം ചേരുന്നുണ്ട്. യോഗം ബുധനാഴ്ചയും തുടരുന്ന സാഹചര്യത്തില്‍ ട്രേഡ് യൂണിയനുകളുടെ സംസ്ഥാന നേതാക്കള്‍ പ്രഖ്യാപിച്ച സമരം മാറ്റി. ചര്‍ച്ച പരാജയപ്പെട്ടാല്‍ ചൊവ്വാഴ്ച വൈകീട്ട് മുതല്‍ സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാര സമരം ആരംഭിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നത്. അതേസമയം കൂലിവര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികളുടെ സമരം മൂന്നാര്‍ അടക്കമുള്ള തോട്ടം മേഖലയില്‍ തുടരുകയാണ്.

ബുധനാഴ്ച രാവിലെ മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്യും. തുടര്‍ന്നായിരിക്കും വീണ്ടും പി.എല്‍.സി. യോഗം ചേരുക. ചൊവ്വാഴ്ച വൈകീട്ട് മൂന്നര മുതല്‍ രാത്രി എട്ടരവരെ നീണ്ട ചര്‍ച്ച ഒടുവില്‍ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെയും ഷിബു ബേബിജോണിന്റെയും നേതൃത്വത്തില്‍ ഇരുകൂട്ടരുമായും പലതവണ വെവ്വേറെ ചര്‍ച്ച നടത്തിയിട്ടും ഇരുകൂട്ടരേയും യോജിപ്പിക്കാനായില്ല.

ചര്‍ച്ചയില്‍ ധാരണയിലെത്തിയില്ലെങ്കില്‍ തോട്ടം ഉടമകളെ ചര്‍ച്ച നടക്കുന്ന മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ പൂട്ടിയിടുമെന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. ചര്‍ച്ചക്കിടെ പുറത്തിറങ്ങി ഭീഷണി മുഴക്കി. ഇടക്കാലാശ്വാസമായി വാഗ്ദാനംചെയ്ത 50 രൂപയുടെ വര്‍ധനവ് വരുത്താന്‍ പോലും തോട്ടം ഉടമകള്‍ തയ്യാറായിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

പി.എല്‍.സി. യോഗത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. തൊഴിലാളികളുടെ ദൈന്യാവസ്ഥ കണക്കിലെടുത്ത് സമരം ഒത്തുതീര്‍പ്പാക്കാനാവശ്യമായ ഇടപെടലിന് മുഖ്യമന്ത്രി അവരോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് കുറഞ്ഞകൂലി 300 നും 350 നും ഇടയില്‍ ലഭിച്ചാലും സമരം അവസാനിപ്പിക്കാമെന്ന് യൂണിയനുകള്‍ നിലപാട് മാറ്റിയത്.

 

Share this news

Leave a Reply

%d bloggers like this: