വെള്ളാപ്പള്ളി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനേറ്റ തിരിച്ചടി; ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ മറുകരണത്തും അടിച്ചിരിക്കുകയാണ്: വി.എസ്

 

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് ഏറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ അപകടകരമായ നിലപാടുകളാണ് ബിജെപിക്ക് തിരുവനന്തപുരത്ത് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. വലിയ മുന്നേറ്റമുണ്ടാകുമെന്ന് വെള്ളാപ്പള്ളി അവകാശവാദം ഉന്നയിച്ച കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒരു ചലനവും ഉണ്ടായില്ല. കേരളത്തിന്റെ മനസ് മതേതരമാണെന്ന് തെരഞ്ഞെടുപ്പ് വിജയം തെളിയിക്കുന്നു.

‘എല്‍ഡിഫിന്റെ സംശുദ്ധരാഷ്ട്രീയത്തിന് അനുകൂലമായും യുഡിഎഫിന്റെ അഴിമതി അനുകൂല, വര്‍ഗീയ നിലപാടുകള്‍ക്കുമെതിരായും ജനങ്ങള്‍ എഴുതിയ വിധിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബാര്‍ കോഴ കേസില്‍ സര്‍ക്കാരിനേറ്റ തിരിച്ചടി ഉമ്മന്‍ ചാണ്ടിക്കേറ്റ കരണത്തടിയാണെന്ന് ഞാന്‍ നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ മറുകരണത്തും അടിച്ചിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോറ്റത് മാണിയുടെ കരണത്ത് ലഭിച്ച അടിയാണ്. ആറു മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഇവരെ കഴുത്തിന് പിടിച്ച് പുറത്താക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്’ വിഎസ് പറഞ്ഞു.

എല്‍ഡിഎഫിനു മികച്ച വിജയം സമ്മാനിച്ച ജനങ്ങള്‍ നന്ദി അറിയിച്ച വി.എസ് ലഡു വിതരണം ചെയ്തു കൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: