ബാര്‍ കോഴ:സര്‍ക്കാരിനും മാണിക്കും കനത്ത തിരിച്ചടി; മന്ത്രിസ്ഥാനത്ത് തുടരണോയെന്ന് മാണിയുടെ മനസാക്ഷി തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി

 
കൊച്ചി: ബാര്‍ കോഴക്കേസില്‍ മാണിക്കും സര്‍ക്കാരിനും ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. കോഴവാങ്ങിയതിന് തെളിവുണ്ടെന്ന് പരാമര്‍ശിച്ച ഹൈക്കോടതി മാണി മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹത്തിന്റെ മനസാക്ഷി തീരുമാനിക്കട്ടെയെന്ന് ജസ്റ്റിസ് ബി. കമാല്‍ പാഷ അഭിപ്രായപ്പെട്ടു. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്നും ജസ്റ്റിസ് ബി. കമാല്‍ പാഷ ചൂണ്ടിക്കാട്ടി.

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോല്‍നെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച്ചപറ്റി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിലെ തെളിവുകള്‍ പരിശോധിച്ചില്ല. ഡയറക്ടര്‍ക്ക് തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. പക്ഷെ ആ അധികാരം പ്രയോഗിക്കാതെ യാന്ത്രികമായി പ്രവര്‍ത്തിച്ചു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍ പരിശോധിക്കാതെയാണ് കേസ് അവസാനിപ്പിക്കുയാണെന്ന് കാണിച്ച് ഡയറക്ടര്‍ റിപ്പോര്‍ട്ട് എഴുതിയത്. സ്വന്തം അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ഡയറക്ടര്‍ അടിച്ചേല്‍പിച്ചു. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പകരം സ്വകാര്യ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയത് ശരിയായ നടപടിയല്ലെന്നും കോടതി വിമര്‍ശിച്ചു.

ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 2015 ഒക്ടോബര്‍ 29ലെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവും അതിലെ തുടര്‍ നടപടിയും സ്‌റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്ന് വിജിലന്‍സിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കപ്പെട്ടിരുന്നില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: