സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്ന ഹൈക്കോടതി പരാമര്‍ശം; മാണിയുടെ രാജിക്കായി സമ്മര്‍ദമേറുന്നു

 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്നു തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന ആവശ്യം മുന്നണിക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഉയരുന്നു. കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും മാണിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. മാണിയുടെ രാജി ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മാണി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടു.

രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. മാണിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണനെന്നും അല്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടി വരുമെന്നു വി.ഡി. സതീശന്‍ അറിയിച്ചു.

മാണിക്കെതിരേ കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു പദവിയില്‍ തുടരന്‍ അര്‍ഹതയില്ലെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണിയെ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു. തുടരന്വേഷണം വേണമെന്ന വിധിയില്‍ മാണിയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

സാഹചര്യം ഗുരുതരമാണെന്നും മാണിയുടെ രാജിക്കാര്യത്തില്‍ കോണ്‍ഗ്രസ് കൂട്ടായി ആലോചിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തിരുവനന്തപുരത്തേക്കു തിരിച്ചു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. കോഴവാങ്ങിയതിന് തെളിവുണ്ടെന്ന് പരാമര്‍ശിച്ച ഹൈക്കോടതി മാണി മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹത്തിന്റെ മനസാക്ഷി തീരുമാനിക്കട്ടെയെന്നും മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് മാണി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായത്.

-എജെ-

Share this news

Leave a Reply

%d bloggers like this: