കെഎംമാണിക്കെതിരെ കേരള ഹൈക്കോടതി ഇന്ന് നടത്തിയ പരാമര്‍ശം അതീവ ഗൗരവതരമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി ശ്രീ. കെഎംമാണിക്കെതിരെ കേരള ഹൈക്കോടതി ഇന്ന് നടത്തിയ പരാമര്‍ശം അതീവ ഗൗരവതരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യു ഡി എഫും കോണ്‍ഗ്രസും ഈ പ്രശ്‌നം ഉടനടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഈ പ്രതിസന്ധി എത്രയും പെട്ടന്ന് അവസാനിപ്പിച്ചേ മതിയാകൂവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മാധ്യമങ്ങളോട് പ്രതികരിക്കവെ മാണിയുടെ രാജി പരസ്യമായി ആവശ്യപ്പെടാന്‍ ചെന്നിത്തല തയാറായിരുന്നില്ല. യുഡിഎഫ് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നു മാത്രമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇതിനുശേഷമാണ് മാണിക്കെതിരെ തുറന്നടിച്ച് ചെന്നിത്തല ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

മാണിയെ പരസ്യമായി തള്ളിപ്പറയാതെയായിരുന്നു മുഖ്യമന്ത്രിയും പ്രതികരിച്ചത്. നാളെ അടിയന്തര യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി രാജി ആവശ്യപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആരെങ്കിലും ആവശ്യപ്പെട്ടോ എന്ന് മറുചോദ്യം ഉന്നയിക്കുകയായിരുന്നു ചെയ്തത്‌

Share this news

Leave a Reply

%d bloggers like this: