അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്

 

ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍നിന്ന് എടുത്ത 1, 000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ച കേസിലാണ് അറ്റ്‌ലസ് ഗ്രൂപ്പ് ഉടമ എം. എം. രാമചന്ദ്രന്(74) മൂന്നു വര്‍ഷം തടവ ശിക്ഷ ലഭിച്ചത്. 5. 3 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദുബൈ കോടതി രാമചന്ദ്രന് ശിക്ഷവിധിച്ചത്. ബാങ്കുകളെ കബളിപ്പിച്ച കേസില്‍ ദുബായ് പൊലീസ് അറസ്റ്റു ചെയ്ത രാമചന്ദ്രന്‍ മൂന്നുമാസത്തിലേറെയായി ദുബായില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലാണ്.

ആയിരം കോടി രൂപയുടെ ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് രാമചന്ദ്രന്‍ വണ്ടിച്ചെക്ക് നല്‍കിയതെന്നാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്ന പരാതിയിലുള്ളത്. ബാങ്കുകളുമായി ലോണ്‍ തിരിച്ചടവിന് ധാരണയുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കോടതി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഓഗസ്റ്റ് മാസം 23 മുതല്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന രാമചന്ദ്രന്‍ നിലവില്‍ വീട്ടുതടങ്കലിലാണ്.

പ്രതിസന്ധിയിലായ അറ്റ്‌ലസ് ഗ്രൂപ്പിനെ രക്ഷിക്കുന്നതിനായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനം മാസ് ഗ്രൂപ്പുമായി കൈകോര്‍ത്ത് ധനസമാഹരണത്തിന് ശ്രമിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചുള് വിവരങ്ങള്‍ ലഭ്യമല്ല. ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പില്‍ അംഗമാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. പ്രശ്‌നപരിഹാരത്തിനും ഒത്തുതീര്‍പ്പ് ഉദ്യമത്തിനും മുന്‍കൈ എടുക്കാന്‍ ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് സന്നദ്ധമാണെന്ന് ചെയര്‍മാന്‍ തവ്ഹിദ് അബ്ദുല്ല അറിയിച്ചിരുന്നു. ഇതും ഫലം ചെയ്തില്ല. അറ്റ്‌ലസ് ഗ്രൂപ് മേധാവിയായ അദ്ദേഹത്തിന്റെ മകള്‍ ദുബായിലെ മറ്റൊരു ജയിലില്‍ വണ്ടിച്ചെക്ക് കേസില്‍ തടവില്‍ കഴിയുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: