ബ്ലാസ്റ്റേഴ്‌സ് അങ്ങനെ സെമിയുടെ വഴിയില്‍ ബ്ലാസ്റ്റായി

കൊച്ചി : സ്വന്തം ആരാധകര്‍ക്കു മുന്നിലെങ്കിലും അന്തസായ ജയിച്ച് തലയെടുപ്പോടെ ഡല്‍ഹിയിലേക്ക് അവസാന മത്സരത്തിനിറങ്ങാമെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം ഗോവ ചുട്ടെരിച്ചു. ഒന്നിനെതിരെ അഞ്ച് വെടിയുണ്ടകള്‍ നെഞ്ചിലേറ്റു വാങ്ങിയാണ് കേരളക്കരയുടെ, സച്ചിന്റെ ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ തിരിച്ചു നടക്കുന്നത്. സെമി പ്രതീക്ഷകള്‍ക്കു വിദൂര സാധ്യത നിലനില്‌ക്കെയാണ് ഗോവയുമായി ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം മൈതാനത്ത് കളിക്കാന്‍ ഇറങ്ങിയത്. ടെറി ഫെലാനും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയാതെ പോയതിന്റെ പാപഭാരവുമായിട്ടാവും ഇനി മടക്കം. തുടക്കത്തില്‍ കസറി കളിച്ച കേരളം തിരിച്ചടികള്‍ ഒന്നൊന്നായി വന്നതോടെ മാളത്തിലൊളിക്കുകയായിരുന്നു. ഇതിനിടയില്‍ ഹോസു ചുവപ്പു കാര്‍ഡു കണ്ടു പുറത്തായതും കേരളത്തിനു തിരിച്ചടിയായി. കേരളത്തിന്റെ പാളയത്തില്‍ ചെന്നു വെടിപൊട്ടിച്ച് വിജയം ഗോവയ്ക്കു സമ്മാനിച്ചതില്‍ മുഖ്യ പങ്കുവഹിച്ചത് ബ്രസീലിയന്‍ താരം റെയ്‌നാള്‍ഡോയായിരുന്നു. അങ്ങനെ സെമി ഉറപ്പിച്ച് ഗോവ കൊച്ചി വിട്ടു.

കളിയുടെ തുടക്കത്തില്‍ രണ്ടാം മിനിറ്റത്തില്‍ പുള്‍ഗ നേടിയ ഗോള്‍ കേരളത്തിന്റെ ആശ്വാസ ഗോളായിരുന്നുവെന്ന് പിന്നീട് കാണികളും ആരാധകരും തിരിച്ചറിഞ്ഞു. തുടക്കത്തിലെ ആവേശം അവസാനം വരെയും വെച്ചു പുലര്‍ത്താന്‍ സാധിക്കാതിരുന്നതും കേരളത്തിനു കനത്ത തോല്‍വി സമ്മാനിച്ചു. കേരളത്തിന്റെ പ്രതിരോധം പതിവുപോലെ ഗോവയുടെ ആക്രമണത്തിനു മുന്നില്‍ അടി പതറി. 12ാം മിനിറ്റില്‍ ജോഫ്ര, 64ാം മിനിറ്റില്‍ മന്ദര്‍ റാവു, റെയ്‌നാള്‍ഡോയുടെ ഹാട്രിക്ക് ഗോളുകള്‍ (20,50,61 മിനിറ്റുകള്‍) കേരളത്തിന്റെ ആരാധകരുടെ ഹൃദയത്തിലേക്കാണ് പതിച്ചത്. ഇനി അടുത്ത കാവിലെ പാട്ടു മത്സരത്തിനു കാണാമെന്ന ശുഭ പ്രതീക്ഷയുമായിട്ടാണ് ആരാധകര്‍ സ്റ്റേഡിയം വിട്ടത്. എന്നിരുന്നാലും കേരളത്തിന്റെ ആരാധകര്‍ക്കു ചില സംശയങ്ങള്‍ ബാക്കി

1. കഴിഞ്ഞ കളിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വല കാത്ത മികച്ച സേവുകള്‍ നടത്തിയ ഗോല്‍ കീപ്പര്‍ സന്ദീപ് നന്തിയെ ഒഴിവാക്കി ഗോളുകള്‍ വഴങ്ങുന്ന ബൈവാട്ടിനു അവസരം നല്കിയത് എന്തിനായിരുന്നു?

2. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം കാഴ്ചവെച്ച കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിരോധ നിരയുടെ മോശം പ്രകടനത്തില്‍ പഴി ചാരേണ്ടത് കോച്ചിനെയാണോ അതോ ടീം മാനേജ്‌മെന്റിനെയോ?

3. ടീമിന്റെ വിജയത്തിനേക്കാളുപരി വ്യക്തിഗത ഗോളുകള്‍ക്ക് പ്രാധാന്യം നല്കുന്ന കളിക്കാര്‍ ടീമിലുണ്ടോ?

അടുത്ത സീസണില്‍ പുത്തനുണര്‍വ്വോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതിനു പിന്നിലെ പ്രധാന കാരണം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ദൈവം തന്നെയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കൂടുതല്‍ ഓഹരികള്‍ സച്ചിന്‍ ഉടന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ സച്ചിന്‍ മികച്ച ടീമിനെ ഇറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തോല്‍വിയായാലും വിജയമായാലും ഞങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന പ്ലക്കാര്‍ഡുകള്‍ ഇന്ന് സ്റ്റേഡിയത്തില്‍ ഉയര്‍ന്നതും കാണികളുടെ പിന്‍തുണ ടീമിനൊപ്പമുണ്ടെന്നു വിളിച്ചോതി.

ഡി

Share this news

Leave a Reply

%d bloggers like this: