പ്രവാസികള്‍ക്ക് നേരിട്ടു വോട്ടു ചെയ്യാന്‍ അവസരം ലഭിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ ഇന്ത്യാക്കാര്‍ക്ക് നേരിട്ട് വോട്ടു ചെയ്യാനുള്ള അവകാശം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവാസിക്ക് വോട്ടവകാശമുണ്ടെങ്കിലും തെരഞ്ഞെടുപ്പു ദിവസം നാട്ടിലെത്തി വോട്ടു ചെയ്യണമെന്ന ഇന്നത്തെ രീതിക്കു പകരം വിദേശരാജ്യങ്ങളില്‍ ഇരുന്നു കൊണ്ടു തന്നെ വോട്ടവകാശം രേഖപ്പെടുത്താനുളള സൗകര്യം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച വിശ്വമലയാളി ഐക്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി മലയാളി കൗണ്‍സില്‍ ഐക്യത്തോടെ പ്രവൃത്തിച്ചാല്‍ സര്‍ക്കാര്‍ തന്നെ വര്‍ഷം തോറും വിശ്വമലയാളി ഐക്യദിനം ആഘോഷിക്കാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കി.

പ്രവാസികളുടെ നാനാവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു എന്‍. ആര്‍. ഐ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്ന് പ്രവാസികാര്യ വകുപ്പു മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. പ്രവാസികള്‍ക്ക് കേരളത്തില്‍ നിക്ഷേപം നടത്താന്‍ നല്ല അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ഭിന്നിച്ചു നിന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഐക്യപ്പെടുന്നതിന്റെ ഭാഗമായി വി.സി. പ്രവീണ്‍ ഗ്ലോബല്‍ ചെയര്‍മാനായും, ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍ ഗ്ലോബല്‍ പ്രസിഡന്റായും, അഡ്വ. സിറിയ്ക്ക് തോമസ്, ജോസഫ് കില്ലിയാന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായും ഭരണസമിതി രൂപികരിച്ചു.

Share this news

Leave a Reply

%d bloggers like this: