വി.എസ് ആദ്യം അഴിമതി രഹിത പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്ന് വെള്ളാപള്ളി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. അഴിമതി രഹിത പ്രവര്‍ത്തനത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന വി.എസ് ആദ്യം അഴിമതി രഹിത പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്നാണെന്നും വി.എസിന്റേയും മക്കളുടേയും സാമ്പത്തിക സ്ഥിതി പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് എല്‍.ഡി.എഫ്യു.ഡി.എഫ് കക്ഷികളുമായി ചര്‍ച്ചയ്ക്കില്ലെന്നും കാഴ്ചപ്പാടിന് ഒപ്പം നില്‍ക്കുന്നവരെ കൂടെക്കൂട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമതത്വ മുന്നേറ്റ യാത്രയുടെ തുടക്കം മുതല്‍ ചെയ്യാത്ത കുറ്റങ്ങള്‍ക്ക് താന്‍ ക്രൂശിക്കപ്പെട്ടുവെന്നും സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണി അനിവാര്യമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 23 ന് കാസര്‍ഗോഡ് നിന്നും തുടക്കം കുറിച്ച സമത്വ മുന്നേറ്റയാത്രയ്ക്ക് ഇന്ന് വൈകുന്നേരം ശംഖുമുഖത്ത് സമാപനമാകും. ഇതിനിടെ, വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍.എസ്.എസിന്റെ പോഷകസംഘടനയാണെന്നും തട്ടിപ്പിന്റെ പാര്‍ട്ടിയാണ് വെള്ളാപ്പള്ളി ഉണ്ടാക്കുന്നതെന്നും ആരോപിച്ച് വി.എസ് ഇന്നും രംഗത്തെത്തി.

സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ വെള്ളാപ്പള്ളി ജലസമാധിയാകും എന്ന തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായും വി.എസ് ആവര്‍ത്തിച്ചു.

Share this news

Leave a Reply

%d bloggers like this: