അമേരിക്കയിലെ സ്‌കൂള്‍ കലണ്ടറില്‍ ദീപാവലിയും ഈദും ഇനി അവധി ദിനങ്ങള്‍

 

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഒരു സ്‌കൂള്‍ കലണ്ടറില്‍ ദീപാവലിയും ഈദുല്‍ഫിത്തരും അവധി ദിനങ്ങളാക്കി. മേരിലാന്റിലെ ഹോവാര്‍ഡ് കൗണ്ടി പബ്ലിക് സ്‌കൂളാണ് സ്‌കൂള്‍ കലണ്ടറില്‍ ഹിന്ദു, മുസ്ലീം മതസ്ഥരുടെ ആഘോഷങ്ങള്‍ക്ക് അവധി അനുവദിച്ചത്. ചൈനീസ് പുതുവര്‍ഷപിറവിക്കും അവധി നല്‍കിയിട്ടുണ്ട്.

ഹോവാര്‍ഡ് കൗണ്ടി പബ്ലിക് സ്‌കൂള്‍ സംവിധാനത്തിനു കീഴില്‍ 71 സ്‌കൂളുകളാണുള്ളത്. 50,000 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹോവാര്‍ഡ് കൗണ്ടി സ്‌കൂള്‍ അധികൃതരുടെ നടപടിയെ സ്വാഗതം ചെയ്ത ഇന്ത്യന്‍ സമൂഹം തീരുമാനം ചരിത്രപരമാണെന്ന് വിലയിരുത്തി. സ്‌കൂളിന്റെ തീരുമാനത്തെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്വാഗതം ചെയ്തു. ദീപാവലിയ്ക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും ചിന്മയ മിഷനും മൂന്നാഴ്ചകൊണ്ട് 250 പേരുടെ ഒപ്പ് ശേഖരിച്ച് സ്‌കൂളിന് നിവേദനം നല്‍കിയിരുന്നു. കൂടാതെ 500 മാതാപിതാക്കളും ഇതേ ആവശ്യമുന്നയിച്ച് സ്‌കൂള്‍ ബോര്‍ഡിന് ഇമെയില്‍ അയച്ചിരുന്നു. കഴിഞ്ഞ അധ്യായന വര്‍ഷത്തെ കണക്ക് പ്രകാരം ഹോവാര്‍ഡ് കൗണ്ടിയിലെ വിദ്യാര്‍ത്ഥികളില്‍ 42% വെളുത്തവരും 22% കറുത്ത വംശജരുമാണ്. ഏഷ്യന്‍ വംശജര്‍ 19 ശതമാനമാണ്. സ്‌കൂള്‍ സംവിധാനത്തില്‍ കുട്ടികളുടെ മതപരമായ പശ്ചാത്തലം രേഖപ്പെടുത്തുന്നില്ല.

സെന്റിനന്റല്‍ ഹൈ സ്‌കൂളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ദീപാവലിയ്ക്ക് അവധി നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. ഇതില്‍ ഈ മാസം അവസാനം ബോര്‍ഡ് തീരുമാനമെടുക്കും.

Share this news

Leave a Reply

%d bloggers like this: