പങ്കാളിയോടൊപ്പം ബ്രിട്ടനിലെത്തുന്ന സ്ത്രീകള്‍ക്ക് ഇംഗ്ലീഷ് പരീക്ഷ;പാസായില്ലെങ്കില്‍ നാടുകടത്തും: ഡേവിഡ് കാമറൂണ്‍

ലണ്ടന്‍: പങ്കാളിയോടൊപ്പം ബ്രിട്ടനിലെത്തുന്ന സ്ത്രീകള്‍ ഇംഗ്ലീഷ് പരീക്ഷ പാസാകണമെന്ന് സര്‍ക്കാര്‍. പരീക്ഷയില്‍ പരാജയപ്പെടുന്നവരെ നാടുകടത്തുമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. പങ്കാളിക്കൊപ്പം ബ്രിട്ടനിലെത്തി രണ്ടരവര്‍ഷം പിന്നിടുന്ന സ്ത്രീകള്‍ക്കാണ് പരീക്ഷ വരുന്നത്. പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരും.

ബ്രിട്ടനില്‍ പങ്കാളിക്കൊപ്പം എത്തുന്ന സ്ത്രീകളുടെ ഇംഗ്ലീഷ് നിലവാരം മോശമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇവരുടെ ഭാഷാ പ്രാവീണ്യം വര്‍ധിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത്. രണ്ടര വര്‍ഷം പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കിയ ശേഷമാണ് പരീക്ഷ നടത്തുന്നത്. ഇതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നും കാമറോണ്‍ പറഞ്ഞു. പരീക്ഷ പാസാകാത്തവരെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കാനാണ് തീരുമാനം. ബ്രിട്ടനില്‍ മക്കള്‍ക്കൊപ്പമെത്തുന്ന അമ്മമാര്‍ക്കും പുതിയ നിയമം ബാധകമാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അക്കാര്യം ഉറപ്പു പറയാനാകില്ലെന്നും രാജ്യത്ത് എത്തുന്നവര്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ നിയമം ബ്രിട്ടനിലെ മുസ്ലിം സ്ത്രീകളും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലുള്ള മുസ്സീം സ്ത്രീകള്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യമില്ലാത്തതില്‍ അവര്‍ അവരുടെ സമൂഹത്തില്‍ മാത്രമായി ഒറ്റപ്പെട്ടുപോകുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അവരെ പൊതുസമൂഹവുമായി അടുപ്പിക്കാനാണ് ഇംഗ്ലീഷ് പരിജ്ഞാനം നല്‍കുന്നത്. പുതിയ നിയമം സ്പൗസല്‍ സെറ്റില്‍മെന്റ് വിസയില്‍ ബ്രിട്ടനിലെത്തുന്നവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.

മുകം മറയ്ക്കുന്ന രീതിയിലുള്ള പര്‍ദ നിരോധിക്കാനും സര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സ്‌കൂളുകള്‍, കോടതികള്‍, അതിര്‍ത്തി ചെക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പര്‍ദ നിരോധിക്കാനാണ് നീക്കം. ഇത്തരം സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന പര്‍ദയ്ക്ക് നിരോധനമേര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: