കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ പള്ളിയിലെ ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി

കാന്‍ബറ : ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി. ദുഃഖ വെള്ളിയാഴ്ച ആചരണത്തോടനുബന്ധിച്ചു കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലാണ് കുരിശിന്റെ വഴിയുടെ നേര്‍ക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്റെ കൊട്ടാരത്തില്‍ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതല്‍ ഗാഹുല്‍ത്താമലയില്‍ മരണം വരിച്ചു കല്ലറയില്‍ സംസ്‌കരിക്കപ്പെടുന്നത് വരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേര്‍ക്കാഴ്ച വിശ്വാസി സമൂഹത്തിനു നവ്യാനുഭവമായി.

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് പീഡാനുഭവ ചരിത്ര അവതരണം നടത്തിയത്. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ പ്രത്യേക താല്പര്യ പ്രകാരം യുവജനങ്ങള്‍ അവതരിപ്പിച്ച പരിപാടി സംവിധാനം ചെയ്തത് ആനിമേറ്റര്‍ വില്‍സണ്‍ ചക്കാലയാണ്. ജസ്റ്റിന്‍. സി. ടോം കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. പ്രിന്‍സി വില്‍സണ്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചു. ഫ്രാങ്ക്‌ളിന്‍( യേശു ), എഡ്‌വിന്‍ (പീലാത്തോസ്), ആല്‍ഫ്രഡ്, കെവിന്‍, പ്രവീണ്‍(സൈനികര്‍ ),തെരേസ (പരി. മറിയം), അഗസ്റ്റിന്‍(യോഹന്നാന്‍), ജോയല്‍ (ശിമയോന്‍), ജെസ്‌ലിന്‍(വെറോണിക്ക), അനിറ്റ (കുട്ടി), ഐലീന്‍, ഡോണ, ലയ(ജറുസലേമിലെ സ്ത്രീകള്‍), ജെറിന്‍ (നിക്കേദേമോസ്), ജെയിംസ്(അരിമത്യക്കാരന്‍ ജോസഫ്) എന്നിവരാണ് വിവിധ വേഷങ്ങള്‍ അഭിനയിച്ചത്.

കുരിശിന്റെ വഴിയിലെ സംഭവങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി നടത്തിയ അവതരണം പീഡാനുഭവത്തിന്റെ തീവ്രത കാഴ്ചക്കാര്‍ക്ക് പകര്‍ന്നു നല്‍കി. കുരിശിന്റെ വഴിക്കുശേഷം ഓ കോണര്‍ സെന്റ്. ജോസഫ് പള്ളിയില്‍ പീഡാനുഭവ ദിന തിരുകര്‍മ്മങ്ങള്‍ നടന്നു. വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍, ഫാ. പ്രവീണ്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
വാര്‍ത്ത:ജോമി പുലവേലില്‍

Share this news

Leave a Reply

%d bloggers like this: