Tuesday, August 4, 2020

മകള്‍ക്ക് അസുഖം മൂലം വിസ നിഷേധിക്കപ്പെട്ട് മലയാളി കുടുംബം

Updated on 14-06-2017 at 9:45 am

Share this news

ശാരീരിക വൈകല്യങ്ങളുള്ള മൂന്നുവയസ്സുകാരിയായ പെണ്‍കുഞ്ഞിനെ നാട്ടിലേക്കു മടക്കി അയക്കാനുള്ള ഓസ്ട്രേലയന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പകച്ച് മലയാളി കുടുംബം. കുടിയേറ്റ മന്ത്രാലയമാണ് കുട്ടിക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. നികുതിദായകരുടെ പണം ഈ കുഞ്ഞിന്റെ ചികിത്സയ്ക്കായി നല്‍കാനാവില്ലെന്നാണ് ഇതു സംബന്ധിച്ചു മന്ത്രാലയം നല്‍കുന്ന വാദം. എന്നാല്‍ കുഞ്ഞിന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് മാതാപിതാക്കള്‍ അവകാശപ്പെടുന്നത്.

മേരി ജോര്‍ജ് എന്ന മൂന്നുവയസുകാരിയെയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നത്. മനു ജോര്‍ജിന്റെയും സീന ജോസിന്റെയും മൂത്ത കുട്ടിയാണ് മൂന്നു വയസുകാരിയായ മേരി. ന്യൂറോളജിക്കല്‍ ഡിസോര്‍ഡറോടെയായായിരുന്നു മേരിയുടെ ജനനം. ജനനശേഷം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അവള്‍ കഴിഞ്ഞത്. ആന്തരികാവയവങ്ങള്‍ പലതും തളരുന്ന രോഗമാണ് മേരിക്ക്. ജീവിച്ചിരിക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും ദൈവാനുഗ്രഹത്താല്‍ അവളുടെ സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോഴും സ്വന്തമായി ഒന്നും ചെയ്യാനാവാത്ത മേരിയുടെ പ്രാഥമിക കൃത്യങ്ങളുള്‍പ്പെടെയെല്ലാത്തിനും മാതാപിതാക്കളുടെ സഹായം ആവശ്യമാണ്. സാധാരണ ഭക്ഷണംപോലും കഴിക്കാന്‍ അവള്‍ക്കു സാധിക്കുകയില്ല. വയറ്റിലൂടെ കടത്തിവിട്ടിരിക്കുന്ന ട്യൂബിലൂടെയാണ് അവള്‍ക്കുള്ള പ്രത്യേക ഭക്ഷണം നല്‍കുന്നത്.

സ്റ്റുഡന്റ് വിസയില്‍ ഓസ്ട്രേലിയയിലെത്തിയ മനു-സീന ദമ്പതികള്‍ അഡ്ലെയ്ഡില്‍ ആറു വര്‍ഷമായി താമസിക്കുന്നു. ഇവര്‍ പെര്‍മനെന്റ് റെസിഡന്‍സി വിസയ്ക്കായി അപേക്ഷ നല്‍കിയെങ്കിലും ഇവരുടെ അപേക്ഷ മന്ത്രാലയം ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. മകള്‍ക്ക് ശാരീരിക വൈകല്യമുള്ളതിനാല്‍ അപേക്ഷ നിരസിക്കുകയാണെന്ന് കുടിയേറ്റ മന്ത്രാലയം കത്തു നല്‍കിയിട്ടുണ്ടെന്ന് മനു പറഞ്ഞു. ഈ കുടുംബം ഓസ്ട്രേലിയയില്‍ തങ്ങുന്നത് പൊതുതാല്‍പര്യത്തിനു വിരുദ്ധമാണെന്നും പൊതുതാല്‍പര്യമനുസരിച്ച് ഈ കുടുംബത്തിന് സ്ഥിര താമസ വിസ നല്‍കാനാവില്ലെന്നും ഈ വിഷയം വ്യക്തിപരമായി പരിഗണിച്ച അസിസ്റ്റന്റ് കുടിയേറ്റ മന്ത്രി പറഞ്ഞു. ഓസ്ട്രേലിയയില്‍ സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കണമെങ്കില്‍ ശാരീരിക യോഗ്യത നേടിയിരിക്കണം. എന്നാല്‍ മേരിക്ക് ഈ യോഗ്യത നേടാനായിട്ടില്ല. ശാരീരിക വൈകല്യങ്ങളുള്ള ഈ കുഞ്ഞ് സാമ്പത്തീകപരമായി നോക്കിയാല്‍ ഓസ്ട്രേലിയന്‍ സമൂഹത്തിന് ബാധ്യതയാണെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ തങ്ങളുടെ കുഞ്ഞിന്റെ ചികിത്സ സര്‍ക്കാര്‍ ചെലവിലല്ലെന്നും സ്വകാര്യ ഇന്‍ഷുറന്‍സ് വഴിയാണെന്നും മനു പറഞ്ഞു. ഓസ്ട്രേലിയയില്‍ രജിസ്ട്രേഡ് നഴ്സായി ജോലി ചെയ്യുന്ന മനു മെച്ചപ്പെട്ടൊരു ജീവിതം തേടിയാണ് ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയില്‍ എത്തിയത്. തങ്ങളുടെ കുഞ്ഞിന് ഇവിടെ ലഭിക്കുന്നതുപോലെ മെച്ചപ്പെട്ട ചികിത്സ സ്വദേശത്ത് ലഭിക്കില്ലെന്ന് കുഞ്ഞുമേരിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ജനനം മുതല്‍ അവളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് രോഗത്തിന്റെ ചരിത്രം അറിയാവുന്നതിനാല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സാധിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. കുടിയേറ്റ വകുപ്പിന്റെ മനുഷ്യത്വ രഹിതമായ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാനാണ് മനുവിന്റെ തീരുമാനം. കുടിയേറ്റ വകുപ്പ് അപ്പീല്‍ പരിഗണിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. അഥവാ അപേക്ഷ നിരസിക്കുകയാണെങ്കില്‍ ഈ മാസം അവസാനത്തോടെ മനുവും കുടുംബവും നാട്ടിലേക്ക് മടങ്ങേണ്ടിവരും. മനു-സീന ദമ്പതികള്‍ക്ക് 11 മാസം പ്രായമുള്ള ഒരു മകനുമുണ്ട്.
എ എം

comments


 

Other news in this section
WhatsApp chat