ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും; വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടു; മരണത്തില്‍ ദിരൂഹത തുടരുന്നു

ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ ദുരൂഹമരണത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും അന്വേഷണം കാര്യക്ഷമമാക്കാനും എംബസി മുഖാന്തരം മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചിരുന്നു. മരണകാരണം കണ്ടെത്താന്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കണം. മൃതദേഹം എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുഷമ സ്വരാജിന് കത്തയച്ചിരുന്നു.

ഫാ മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കുമെന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലേ മരണകാരണം വ്യക്തമാവൂ. മരണ കാരണത്തേക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയാണ്. നടപടിക്രമങ്ങള്‍ സ്‌കോട്ലാന്റ് പൊലീസ് ആരംഭിച്ചു കഴിഞ്ഞു. ജൂണ്‍ 22നാണ് കേസ് രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. പ്രത്യക്ഷത്തില്‍ കാണാവുന്ന പരിക്കുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസ്വാഭാവികമരണമെന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അന്വേഷണം വ്യാപിപ്പിക്കും.

അടുത്തയാഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. മരണകാരണം ഇനിയും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യാസാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും വേഗത്തിലാക്കുമെന്ന് എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഞ്ജു രഞ്ജന്‍ അറിയിച്ചു.

പള്ളിയില്‍ നിന്ന് 35 മൈലിലേറെ ദൂരെയുള്ള ഡന്‍ബാര്‍ ബീച്ചിലാണ് അച്ചന്റെ ജഡം കണ്ടെത്തിയത്. അച്ചന്‍ എങ്ങനെ അവിടെയെത്തി എന്നതും ദുരൂഹമാണ്.അച്ചനെ കാണാതായതോടെ മൊബൈലും സ്വിച്ച് ഓഫ് ആയിരുന്നു. മാര്‍ട്ടിനച്ചന്റെ മരണം വഴിവയ്ക്കുന്നത് ഒട്ടേറെ ദുരൂഹതകളിലേക്കാണ്. പ്രധാനമായും സഹോദരന്റെ മൊഴിയാണ് വീട്ടുകാര്‍ക്ക് സംശയമുയര്‍ത്തുന്നത്. ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്നും പിന്നീട് മൃതദേഹം കണ്ടെത്തിയെന്നുമാണ് സ്‌കോട്ലന്‍ഡില്‍ നിന്നുള്ള വിവരം. അങ്ങനെയെങ്കില്‍, ബുധന്‍ രാവിലെ ഫാ.മാര്‍ട്ടിന്റെ സഹോദരന്‍ തങ്കച്ചന്‍ എന്നു വിളിക്കുന്ന ആന്റണി സേവ്യറിനു ഫാ.മാര്‍ട്ടിന്റെ ഫോണില്‍ നിന്ന കോള്‍ ആരു വിളിച്ചതാകും എന്ന സംശയമാണ് ദുരൂഹമായി തുടരുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: