ഓസ്ട്രേലിയന്‍ മലയാളി സാം അബ്രഹാം കൊലക്കേസ്; അന്തിമ വിചാരണ നവംബര്‍ 8 മുതല്‍

മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് സയനൈഡ് കൊടുത്തു കൊലപ്പെടുത്തി എന്ന കേസില്‍, പ്രതികളായ സോഫിയ സാമിന്റെയും അരുണ്‍ കമലാസനന്റെയും അന്തിമ വിചാരണ നവംബര്‍ എട്ടിന് തുടങ്ങും. വിക്ടോറിയന്‍ സുപ്രീം കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. സുപ്രീം കോടതിയില്‍ ഇന്ന് നടന്ന ഡയറക്ഷന്‍സ് ഹിയറിംഗിലാണ് വിചാരണയ്ക്കുള്ള തീയതി തീരുമാനിച്ചത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന പ്രാരംഭവാദത്തിനു ശേഷം സോഫിയയും അരുണും കുറ്റം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സുപ്രീം കോടതിയില്‍ വിചാരണയ്ക്കായി നിശ്ചയിച്ചത്. വിചാരണ നടത്താനാവശ്യമായ തെളിവുകളുണ്ടെന്ന് ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് നിരീക്ഷിച്ചിരുന്നു. നവംബര്‍ എട്ടിന് തുടങ്ങുന്ന വിചാരണ നടപടികള്‍ എത്ര ദിവസം നീണ്ടു പോകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. എതിര്‍ സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം അഞ്ചു ദിവസമെങ്കിലും വേണ്ടിവരുമെന്ന് സോഫിയയുടെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിച്ചു.

കേസിലെ ടോക്‌സിക്കോളജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരിശോധന നടത്തിയ ടോക്‌സിക്കോളജി വിദഗ്ധനെ പ്രതികളുടെ അഭിഭാഷകര്‍ ഇന്നലെ ക്രോസ് വിസ്താരം നടത്തിയിരുന്നു . സാമിന്റെ ശരീരത്തില്‍ സൈനയ്ഡിന്റെ അംശം കണ്ടെത്തി എന്നായിരുന്നു വിദഗ്ധന്‍ നല്‍കിയ വിശദീകരണം. മാത്രമല്ല, ഒരു ലിറ്ററില്‍ 35 മില്ലിഗ്രാം എന്ന കണക്കിനുള്ള സയനൈഡിന്റെ അംശം സാമിന്റെ ശരീരത്തില്‍ കണ്ടെത്തിയതായി ടോക്‌സിക്കോളജിസ്‌റ് കോടതിയോട് പറഞ്ഞു.

സാമിന്റെ രക്തത്തിലും ലിവറിലും സയനൈഡിന്റെ അംശം കണ്ടെത്തിയതായും ഇദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍ ഇത് എങ്ങനെ ശരീരത്തില്‍ പ്രവേശിച്ചു എന്ന ചോദ്യത്തിന് ഇത്ര അധികം അംശം ശരീരത്തില്‍ കണ്ടെത്തിയതുകൊണ്ടുതന്നെ ഇത് ശ്വസിച്ചതല്ല മറിച്ച് വായിലൂടെ ആകാം ശരീരത്തിനുള്ളില്‍ പ്രവേശിച്ചത് എന്നാണ് വിദഗ്ധന്റെ മറുപടി.

കമലാസനന്‍ ഓസ്‌ട്രേലിയയിലേക്ക് വന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സെന്റ് കില്‍ഡാ ഫ്‌ലാറ്റില്‍ സോഫിയയും കമലസാനനുമായി കൂടിക്കാഴ്ച നടത്തിയെന്നും കമലസാനന്റെ മുന്‍ അയല്‍വാസി കോടതിയില്‍ മൊഴി നല്‍കി. സാം കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുന്‍പ് ലാലോര്‍ ട്രെയിന്‍ സ്റ്റേഷന്‍ കാര്‍ പാര്‍ക്കില്‍ കാറിനുള്ളില്‍ വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കമലാസനനെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. അന്നത്തെ സംഭവത്തില്‍ ഒരുവിധത്തിലാണ് സാം രക്ഷപെട്ടത്. തന്നെ ആക്രമിച്ച കൊലയാളിയുടെ മുഖമൂടി സാം പൊലീസിന് നല്‍കിയിരുന്നു. കമലാസനന്റെ DNA യുമായി ഇതിന് ബന്ധമുണ്ടെന്ന് പിനീട് പോലീസ് കണ്ടെത്തി.

ഓഗസ്റ്റ് പതിനാറിനു മുന്പ് കേസിലെ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നുള്ള എല്ലാ തെളിവുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സോഫിയയും അരുണും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെയും പൂര്‍ണമായി പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇത് പരിഭാഷപ്പെടുത്താന്‍ വേണ്ടിവരുന്ന കാലതാമസമാണ് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്.

2015 ഒക്ടോബറിലാണ് മെല്‍ബണിലെ എപ്പിങ്ങിലുള്ള വീട്ടില്‍ വച്ച് സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സാമിന്റെ ഭാര്യ സോഫിയയെയും സുഹൃത്ത് അരുണ്‍ കമലാസനനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: