മെല്‍ബണ്‍ സാം എബ്രഹാം കൊലക്കേസ്: അന്തിമ വിചാരണ ജനുവരി 29 -നു നീട്ടിവച്ചു

 

മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ നടത്തുന്നത് മാറ്റിവച്ചു. അടുത്ത വര്‍ഷം ജനുവരിയിലേക്കാണ് വിക്ടോറിയന്‍ സുപ്രീം കോടതിയിലെ വിചാരണ നീട്ടിവച്ചിരിക്കുന്നത്.ജൂറിക്കു മുന്നിലുള്ള കേസിന്റെ അന്തിമ വിചാരണ നവംബര്‍ എട്ടിന് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കേസിന്റെ നിയമവശങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വാദങ്ങള്‍ കാരണമാണ് വിചാരണ ജനുവരിയിലേക്ക് നീട്ടിവച്ചത്. കേസ് പരിഗണിക്കുന്നതിനായി ജൂറി ജനുവരി 29 -നു ചേരുമെന്ന് സുപ്രീം കോടതി അറിയിച്ചു.

2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മെല്‍ബണിലെ എപ്പിങ്ങിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമിന്റെ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുണ്‍ കമലാസനനും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.2016 ഒക്ടോബറിലാണ് മെല്‍ബണിലെ എപ്പിംഗിലുള്ള വസതിയില്‍ വച്ച് സാം കൊല്ലപ്പെട്ടത്. അതിനു മുന്പ്, 2016 ജൂലൈ 30 ന് രാവിലെ ലാലൂര്‍ ട്രെയിന്‍ സ്റ്റേഷനിലെ കാര്‍ പാര്‍ക്കില്‍ വച്ച് സാമിന് നേരെ നടന്ന ആക്രമണവും അരുണ്‍ കമലാസനന്‍ തന്നെ നടത്തിയ വധശ്രമമായിരുന്നു എന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്

മുഖംമൂടി അഥവാ ബാലക്ലാവ ധരിച്ച ഒരാളായിരുന്നു സാമിനു നേരേ ആക്രമണം നടത്തിയത്. മുഖംമൂടി വലിച്ചൂരിയെങ്കിലും അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന് പൊലീസില്‍ പരാതിപ്പെട്ട സാം, വലിച്ചൂരിയ മുഖംമൂടി പൊലീസിന് കൈമാറിയിരുന്നു. അരുണ്‍ കമലാസനനായിരുന്നു ഈ ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ ആരോപണം. അരുണിന്റെ കൈവശം ഇത്തരം മുഖംമൂടി കണ്ടതായി അരുണിനൊപ്പം താമസിച്ചിരുന്ന മറ്റൊരു മലയാളിയും കോടതിയില്‍ പ്രോസിക്യൂഷന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു

കൊലപാതകം നടന്നശേഷം അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസുദ്യോഗസ്ഥര്‍ വ്യാജ പേരുകളില്‍ അരുണുമായി അടുത്തിടപഴകിയതിന്റെയും, മറ്റു കുറ്റകൃത്യങ്ങളില്‍ പങ്കാളിയായതിന്റെയും വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു സാം മരണമടഞ്ഞ ദിവസം വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തിയ രണ്ടു പൊലീസുകാരെയും അരുണിന്റെ അഭിഭാഷകര്‍ ക്രോസ് വിസ്താരം നടത്തി. പോലീസ് എത്തുമ്പോള്‍ കിടപ്പുമുറിയില്‍ തറയില്‍ കിടക്കുകയായിരുന്നു മൃതദേഹം എന്നാണു പ്രോസിക്യൂഷന്‍ അറിയിച്ചത്. സാമിന്റെ ചുണ്ടുകള്‍ ചുവന്നു തടിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്തു നിന്നും ഓറഞ്ച് ജ്യൂസ് ഒഴിച്ചിരുന്ന ഒരു ഗ്ലാസും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രവും പോലീസ് കോടതിക്ക് നല്‍കിയിരുന്നു

ഈ കേസിന്റെ പ്രാരംഭ വാദം ജൂണ്‍ മാസത്തില്‍ നടന്നിരുന്നു. ഇതില്‍ സോഫിയയും അരുണ്‍ കമലാസനനും കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. കേസിലെ തെളിവുകളെക്കുറിച്ച് പ്രധാന സാക്ഷികളുടെ ക്രോസ് വിസ്താരവും നടന്നിരുന്നു. സാം എബ്രഹാമിനെ കിടപ്പറയില്‍ വച്ച് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തിക്കൊടുത്ത് കൊലപ്പെടുത്തി എന്ന കുറ്റമാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് മൂന്നു മാസം മുന്പ് സാമിനെ വധിക്കാന്‍ ശ്രമിച്ചതിന് മറ്റൊരു വധശ്രമക്കേസ് കൂടി അരുണ്‍ കമലാസനനു മേല്‍ ചുമത്തിയിട്ടുണ്ട്. സാമിന്റെ ശരീരത്തില്‍ സൈനയ്ഡിന്റെ അംശം കണ്ടെത്തിയതായി ടോക്‌സിക്കോളജിസ്‌റ് കോടതിയോട് പറഞ്ഞിരുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: