ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ ധാരണ; പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ വീണ്ടും സംഘടനയില്‍ തിരിച്ചെടുത്തു. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. ദിലീപിനെ തിരിച്ചെടുക്കണമെന്ന് അംഗങ്ങളുടെ ശക്തമായ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് നടപടി. ആരോപണവിധേയനായ നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാണിച്ചാണ് നടപടി. വേണ്ട നടപടിക്രമം പാലിച്ചല്ല ദിലീപിനെ പുറത്താക്കിയതെന്നും യോഗത്തില്‍ വാദങ്ങളുയര്‍ന്നിരുന്നു.

അമ്മയുടെ എക്സിക്യൂട്ടീവ് പദവികളില്‍ പുതിയ ആളുകള്‍ ചുമതലയേറ്റതിന് പിന്നാലെ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപ് വിഷയം ചര്‍ച്ചയായത്. മോഹന്‍ലാല്‍ അധ്യക്ഷനായ ആദ്യ യോഗമായിരുന്നു ഇത്. വനിതാ അംഗങ്ങള്‍ അടക്കം ഭൂരിഭാഗം താരങ്ങളും യോഗത്തില്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് നിയമപരമല്ലാതെയായിരുന്നെന്ന് ഇടവേള ബാബു അടക്കമുള്ള ഭൂരിഭാഗം താരങ്ങള്‍ അഭിപ്രായപ്പെട്ടു. ദിലീപിനെ അന്ന് അമ്മയില്‍ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കാതെയായിരുന്നുവെന്നും അമ്മയുടെ നടപടിയ്ക്കെതിരേ ദിലീപിന് കോടതിയെ സമീപിക്കാമായിരുന്നുവെങ്കിലും എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നത് ആശ്വാസകരമായെന്ന് സിദ്ധിഖ് അഭിപ്രായപ്പെട്ടു. പുറത്താക്കലിനെതിരേ ദിലീപ് നിയപരമായി നീങ്ങിയിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെയെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ വിഷയത്തില്‍ ദിലീപിന്റെ തീരുമാനം നിര്‍ണായകമാണ്. അമ്മയിലേക്ക് മടങ്ങി വരാന്‍ താരത്തിന് താല്‍പര്യമുണ്ടോ എന്ന് ആരാഞ്ഞതിന് ശേഷം മാത്രമേ വിഷയത്തില്‍ ഭരണ സമിതി അന്തിമ തീരുമാനം എടുക്കുകയുള്ളൂ. അമ്മയില്‍ നിന്ന് പുറത്താക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ദിലീപ് സംഘടനയിലേക്ക് തിരികെ എത്തുന്നത്.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: