ക്ഷയം ലോകത്തിലെ ഏറ്റവും മാരകമായ രോഗമെന്ന് ലോകാരോഗ്യ സംഘടന

ട്യൂബര്‍ക്കുലോസിസ് അഥവാ ടിബി ലോകത്തിലെ ഏറ്റവും മാരകമായ രോഗമാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ ഏകദേശം 54 ദശലക്ഷം ആളുകള്‍ ഈ മാരക രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് മരിച്ചതായും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ഈ വര്‍ഷത്തെ ഏറ്റവും പുതിയ ആഗോള ടിബി റിപ്പോര്‍ട്ടിലാണ് സംഘടന ഈ വിലയിരുത്തല്‍ നടത്തിയത്.

ട്യൂബര്‍ക്കുലോസിസ് രോഗത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി അണിനിരന്നാല്‍ മാത്രമേ ഈ രോഗത്തെ ഉന്‍മൂലനം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും 2030 ആകുമ്പോഴേക്കും രോഗത്തെ തുടച്ചു നീക്കാനുള്ള മാര്‍ഗങ്ങള്‍ മിക്ക രാജ്യങ്ങളും ഇനിയും സ്വീകരിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി. ഓരോ വര്‍ഷം കഴിയുന്തോറും രോഗത്തിന്റെ നിരക്കില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും ഈ മാരക രോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തരാകാന്‍ ഇനിയും പല രാജ്യങ്ങള്‍ക്കും കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം 10 ദശലക്ഷം ആളുകള്‍ക്കു മാത്രമാണ് ഈ രോഗം പുതിയതായി സ്ഥിരീകരിച്ചത്. ടിബി വഴിയുള്ള മരണനിരക്ക് 1.6 ദശലക്ഷമാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇവ രണ്ടും മുന്‍ വര്‍ഷത്തേതിനേക്കാള്‍ കുറവാണെന്നതാണ് അല്‍പ്പമെങ്കിലും ആശ്വാസകരമായ വിഷയം. എന്നാല്‍ ടിബി ബാധ പലയിടങ്ങളിലും കണ്ടുപിടിക്കപ്പെടാതെയോ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയോ പോകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ടിബി സ്ഥിരീകരിച്ച 10 ദശലക്ഷം പേരില്‍ 6.4 ദശലക്ഷം കേസുകള്‍ മാത്രമേ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളൂ. രോഗമുള്ളവരില്‍ ചികില്‍സ ലഭ്യമാക്കുന്നവരുടെ എണ്ണത്തിലും കാര്യമായി കുറവുണ്ട്. ഏകദേശം 64 ശതമാനം ആളുകള്‍ക്കു മാത്രമാണ് ഈ രോഗത്തിന് മതിയായ ചികില്‍സ ലഭിക്കുന്നത്. ഈ തോത് 2025 ഓടെ 90 ശതമാനത്തില്‍ എത്തിക്കാന്‍ സാധിച്ചാല്‍ മാത്രമേ 2030 എത്തുമ്പോഴേക്കും ഈ മാരക രോഗത്തെ തുടച്ചു നീക്കാന്‍ സാധിക്കുകയുള്ളുവെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

നിലവില്‍ രോഗബാധയുള്ളവര്‍ക്ക് ഗുണമേന്‍മയേറിയ ചികില്‍സാ സൗകര്യങ്ങള്‍ നല്‍കുന്നതിനൊപ്പം രോഗം വരാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ അതത് രാജ്യങ്ങള്‍ കൈക്കൊള്ളമെന്നും നിര്‍ദേശിക്കുന്നുണ്ട്. എച്ച്ഐവി ബാധയുള്ളവര്‍ക്ക് ടിബി വരാതിരിക്കാനുള്ള ചികില്‍സ നല്‍കുക, ടിബി ബാധിതരായ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എത്രയും വേഗം ചികില്‍സ ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ ത്വരിതഗതിയില്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും സംഘടന സൂചിപ്പിക്കുന്നു. ടിബി രോഗത്തിന്റെ ബാഹുല്യം തടയാന്‍ മികച്ച നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവരുടെ ഉന്നത തല മീറ്റിംഗ് അടുത്ത ആഴ്ച നടക്കുന്നുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: