അമ്മ’ സംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി അംഗങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അമ്മക്കെതിരെ കടുത്ത വിമര്‍ശവുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി). ഡബ്ല്യു.സി.സി അംഗങ്ങളായ പാര്‍വതി, രേവതി, സജിത മഠത്തില്‍, ദീദി ദാമോദരന്‍, റീമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തിനായെത്തിയാണ് അമ്മ നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. അമ്മയില്‍ നിന്ന് രാജിവെക്കുന്നതായുള്ള ആക്രമിക്കപ്പെട്ട നടിയുടെ സന്ദേശം ഡബ്ല്യു.സി.സി വെളിപ്പെടുത്തി. ഇനിയും ഈ സംഘടനയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് അറിയിച്ചാണ് നടിയുടെ രാജിക്കത്ത് അവസാനിക്കുന്നത്.

കുറച്ചു ദിവസം മുമ്പ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഞങ്ങളെ വെറും നടിമാരെന്ന് പറഞ്ഞ് ആക്ഷേപിച്ചു. ഞങ്ങളുടെ പേരുപോലും പറയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഞങ്ങളെ ബുദ്ധിമുട്ടിച്ചു. കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്താണ്. ഇതാണോ നീതി- രേവതി ചോദിച്ചു. ആഗസ്റ്റ് ഏഴിലെ യോഗത്തില്‍ 40 മിനിറ്റ് നടന്നത് മുഴുവന്‍ ആരോപണങ്ങളായിരുന്നു. സംസാരിക്കാന്‍ അവസരം തരാന്‍ കെഞ്ചി പറയേണ്ടി വന്നു. പക്ഷേ അവര്‍ അതിനു തയാറായില്ലെന്ന് പാര്‍വതി പറഞ്ഞു. ജനറല്‍ ബോഡിയുടെ തീരുമാനത്തെ തിരുത്താനാവില്ലന്നും വ്യക്തിപരമായി പിന്തുണക്കാമെന്നും പ്രസിഡന്റ് പറഞ്ഞു. ക്രിമിനല്‍ കേസില്‍ പ്രതിയായ ആളെ സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടത്. ഇപ്പോള്‍ അവര്‍ക്കിത് ഒരു അസാധാരണ സംഭവമാണ്. അമ്മയുടെ കഴിഞ്ഞ യോഗത്തില്‍ 40 മിനിറ്റോളം ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. പക്ഷെ തങ്ങളെ കേള്‍ക്കാന്‍ ആരും തയ്യാറായിരുന്നില്ല.

ഇരയെ തിരിച്ച് വിളിക്കണം, രാജി വെച്ച നടിമാരെ തിരിച്ചെടുക്കണം’ എന്നും തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ തങ്ങളുടെ ഒരു ആവശ്യവും അംഗീകരിച്ചില്ല. കണ്ണില്‍പ്പൊടിയിടാനായിരുന്നു ആ മധ്യസ്ഥ ചര്‍ച്ച. ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് അമ്മ മീറ്റിങ്ങുകള്‍ കൂടിയിരുന്നത്. എല്ലാം തങ്ങള്‍ വിശ്വസിച്ചു. നടി വീണ്ടും സംഘടനയില്‍ അംഗത്വമെടുത്താല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. തിലകന്റെ കാര്യത്തില്‍ തീരുമാനമെടുത്തത് എക്‌സിക്യൂട്ടിവാണ്. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് ഈ വിഷയത്തില്‍ വ്യക്തമായ അജണ്ടയുണ്ട്. അവരുണ്ടാക്കിയ ബൈലോ തിരുത്തിയും മാറ്റിയുമാണ് നടപടികള്‍ സ്വീകരിക്കുന്നത്. അമ്മയില്‍ നിന്ന് ചിലര്‍ പുറത്ത് പോയതെന്തിനാണന്ന് പോലും അവര്‍ അന്വേഷിക്കുന്നില്ല.

മധ്യസ്ഥ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞു. ഇരയോടൊപ്പമല്ല അമ്മ ഭാരവാഹികള്‍. അമ്മയിലെ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും ഇരക്കെതിരായിരുന്നു. കുറ്റാരോപിതനെ സംരക്ഷിക്കാനാണ് അമ്മ ഭാരവാഹികള്‍ ശ്രമിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് തങ്ങളോട് അവശ്യപ്പെട്ടു. ഇരയെ ചുടുവെള്ളത്തില്‍ വീണ പൂച്ച എന്നു വിളിച്ച ബാബുരാജിന്റെ വാക്കുകള്‍ വേദനിപ്പിച്ചു. അമ്മക്കെതിരല്ല തങ്ങള്‍, അമ്മയുടെ ഭാരവാഹികളുടെ നിലപാടിനെതിരാണ് പോരാട്ടം.

ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പീഡിപ്പിച്ചുവെന്ന് ഒരു നടി തന്നോട് പറഞ്ഞിരുന്നതായി രേവതി വ്യക്തമാക്കി. അവള്‍ക്ക് പരാതിപ്പെടാന്‍ കഴിയാവുന്ന ഒരിടം ഇന്നും അമ്മയില്ല. സിനിമയില്‍ കടന്ന് വരുന്ന എല്ലാ സ്ത്രീകള്‍ക്കും ഒരു സുരക്ഷിത ഇടമൊരുക്കണമെന്ന് മാത്രമാണ് ഞങ്ങളുടെ ആവശ്യം. അമ്മ സംഘടനയില്‍ നില നിന്ന് കൊണ്ട് തന്നെ പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡബ്ല്യു.സി.സി തങ്ങളുടെ നിലയില്‍ തന്നെ ശക്തമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടി സ്വീകരിക്കുന്നു. പക്ഷേ കേരളത്തില്‍ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- അഞ്ജലി മേനോന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: