ആന്റിബയോട്ടിക്ക് പ്രതിരോധം വെല്ലുവിളിയാകുന്നു; 2050ഓടെ ക്യാന്‍സറിനെയും പ്രമേഹത്തെക്കാളും കൂടുതല്‍ രോഗാണുക്കള്‍ വ്യാപിക്കുമെന്ന് മുന്നറിയിപ്പ്

2050ഓടെ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ മനുഷ്യരാശിക്ക് വന്‍ പ്രതിസന്ധിയാകുമെന്ന് വിലയിരുത്തല്‍. നിലവിലെ ഏറ്റവും വലിയ കൊലയാളികളായ ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ഈ സൂപ്പര്‍ബഗ്ഗുകള്‍ കവച്ചുവെക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നു. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കണമെന്ന ബോധവല്‍ക്കരണം നടക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് പതിവാക്കിയിരിക്കുകയാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ പോലും മാരകമാക്കിയേക്കാമെന്നാണ് മുന്നറിയിപ്പ്.

സാധാരണ മരുന്നുകള്‍ പോലും രോഗികളില്‍ ഫലപ്രദമാകാത്ത അവസ്ഥ സംജാതമാകും. നിലവിലുള്ള ആന്റിബയോട്ടിക്കുകളും ഫലിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും മുന്നറിയിപ്പ് പറയുന്നു. ഇതോടെ അണുബാധകള്‍ക്ക് ചികിത്സ തന്നെ ഇല്ലാതാകും. ഇപ്പോള്‍ത്തന്നെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ മൂലം യൂറോപ്പില്‍ ആകമാനം 25,000 പേരാണ് ഇതുമൂലം മരിക്കുന്നത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ സൂപ്പര്‍ബഗ്ഗുകള്‍ മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം പത്ത് മില്യണ്‍ ആകുമെന്നാണ് കരുതുന്നത്.

ആന്റിബയോട്ടിക്കുകള്‍ ആരോഗ്യമേഖലയില്‍ അനിവാര്യമാണെങ്കിലും അമിതഉപയോഗം രോഗാണുക്കളില്‍ പ്രതിരോധം ഉണ്ടാക്കുന്നതായി മുന്‍പ് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ വൈദ്യശാസ്ത്രപരമായും സാമൂഹികമായും സാമ്പത്തികമായും ലോകം ഇതിന് കനത്തവില നല്‍കേണ്ടിവരുമെന്നും ലേഖനം മുന്നറിയിപ്പുനല്‍കുന്നു.

ആസ്പത്രികളില്‍ വിവേചനമില്ലാതെ ഈ ഇനത്തിലെ മരുന്നുകള്‍ ഉപയോഗിക്കുന്നതും പ്രശ്നമുണ്ടാക്കുന്നതായി ഗവേഷകര്‍ പറയുന്നു. സ്വയംചികിത്സ, മരുന്നുകളെക്കുറിച്ചുള്ള അറിവില്ലായ്മ, പരസ്യങ്ങളുടെ സ്വാധീനം തുടങ്ങിയവയും അമിത ആന്റിബയോട്ടിക് ഉപയോഗത്തിന് കാരണങ്ങളാണ്. ഇതുകൂടാതെ ദാരിദ്ര്യവും അനാരോഗ്യസാഹചര്യങ്ങളും രോഗാണുക്കളുടെ പ്രതിരോധം വര്‍ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ബാക്ടീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കേ ഇത്തരം മരുന്നുകള്‍ ഫലപ്രദമാകൂ. എന്നാല്‍, വൈറസ് ഉണ്ടാക്കുന്ന ജലദോഷം, അനുബന്ധരോഗങ്ങള്‍ ഇവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കാണുന്നു. ഇത് രോഗാണുക്കളുടെ ശക്തി വര്‍ധിപ്പിക്കാനേ ഉതകൂ.  മരുന്നുകള്‍കൊണ്ട് കീഴ്പ്പെടുത്താന്‍ കഴിയാത്ത പുതിയ രോഗാണുക്കളുടെ കടന്നുവരവിനെതിരായി വൈദ്യശാസ്ത്രസമൂഹവും ജനങ്ങളും ജാഗ്രതപുലര്‍ത്തേണ്ടിയിരിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: