Tuesday, July 14, 2020

ഹാലോവീന്‍ ആഘോഷങ്ങളില്‍ മുഴുകി അയര്‍ലണ്ട്; ഹാലോവീന് പിന്നിലുള്ള ചരിത്ര വസ്തുതകള്‍ ഇങ്ങനെ

Updated on 01-11-2018 at 12:01 pm

Share this news

അയര്‍ലണ്ട് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്ന ആഘോഷമാണ് ഹാലോവീന്‍. എല്ലാവര്‍ഷവും ഒക്ടോബര്‍ 31ന് ആഘോഷിക്കുന്ന ഈ ദിനത്തിനും ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലമുണ്ട്, കത്തോലിക്കാ സഭയുള്‍പ്പെടെ മിക്ക ക്രൈസ്തവ സഭകളിലും എല്ലാ വിശുദ്ധരെയും അനുസ്മരിക്കുന്ന നവംബര്‍ 1ന്റെ തലേ രാത്രിയാണ് ഈ ആഘോഷം നടക്കുന്നത്. ക്രൈസ്തവ വിശ്വാസവും പാരമ്പര്യങ്ങളും ആചാരങ്ങളും അതിശക്തമായിരുന്ന കാലത്തു തുടങ്ങിയ ഈ ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും വിശുദ്ധരുടെയും പുണ്യാത്മാക്കളുടെയും മാലാഖമാരുടെയും വേഷം കെട്ടി വീടുവീടാന്തരം കയറിയിറങ്ങി സന്തോഷം പങ്കുവെയ്ക്കുകയും മധുരപലഹാരങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇംഗ്ലീഷില്‍ വിശുദ്ധന്‍ എന്നര്‍ത്ഥമുള്ള ഹാലോ, വൈകുന്നേരം എന്നര്‍ത്ഥമുള്ള ഈവെനിങ് എന്നീ പദങ്ങളില്‍നിന്നാണിത് രൂപംകൊണ്ടത്.

പുരാതന അയര്‍ലന്റിലെ കെല്‍റ്റിക് ഭാഷാ പ്രദേശങ്ങളിലാണ് ഹാലോവീന്‍ ആഘോഷമായി ഉടലെടുത്തത്. ഒക്ടോബര്‍ 31-ാം തീയതി രാത്രിയാണ് കെല്‍റ്റുകള്‍ സോ ഇന്‍ ആഘോഷിച്ചിരുന്നത്. പുതുവര്‍ഷ ദിനത്തില്‍ ജീവിച്ചിരിക്കുന്നവരുടെ ലോകവും മരിച്ചവരുടെ ലോകവും തമ്മിലുള്ള അതിര് അവ്യക്തമാവുകയും ഇല്ലാതാവുകയും ചെയ്യുമെന്ന് കെല്‍റ്റുകള്‍ വിശ്വസിച്ചിരുന്നു. ഇത്തരക്കാരുടെ പേഗന്‍ വിശ്വാസരീതിയനുസരിച്ച് ദൈവിക ആത്മാക്കളും മരിച്ചുപോയവരുടെ ആത്മാക്കളും അന്നേദിവസം രാത്രിയില്‍ ഭൂമിയില്‍ ചുറ്റിനടക്കും.

ഇത്തരം ദുരാത്മാക്കള്‍ തങ്ങളുടെ ഭവനത്തിലും കൃഷിയിടങ്ങളിലും പ്രവേശിക്കാതിരിക്കാനായി കൃഷിയിടങ്ങളില്‍ തീ കത്തിക്കുകയും മറ്റ് അഗ്നിവിളക്കുകള്‍ തെളിയിക്കുകയും ചെയ്തിരുന്നു. അന്ന് ആ സോ ഇന്‍ ആഘോഷരാവില്‍ പ്രേതങ്ങള്‍ ഭൂമിയിലേയ്ക്ക് മടങ്ങിവരും. അവര്‍ പലവിധ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യും. ഇവയെ അകറ്റുന്നതിനു വേണ്ടി വലിയ അഗ്നികുണ്ഡങ്ങള്‍ സൃഷ്ടിക്കുകയും മൃഗങ്ങളെ, ചിലപ്പോള്‍ മനുഷ്യരെ പോലും ബലിനല്‍കി ദൈവത്തിന്റെ സഹായം തേടുകയും ചെയ്യും. ഹാലോവീന്‍ രാത്രിയില്‍ പ്രേതാത്മാക്കള്‍ ഭൂമിയിലെത്തുന്നത്, ജീവിച്ചിരുന്നപ്പോള്‍ തങ്ങളുടെ ശത്രുക്കളായിരുന്നവരോട് പ്രതികാരം ചെയ്യാന്‍ കൂടിയാണത്രേ.

അന്തരീക്ഷത്തില്‍ അലഞ്ഞുനടക്കുന്ന ആത്മാക്കളെ ഭയപ്പെടുത്താനായി ചുവന്ന മത്തങ്ങയില്‍ പ്രകാശം കടക്കുന്ന രീതിയില്‍ തീ കത്തിച്ച് വീടിനു ചുറ്റുമുള്ള വഴികളിലും മറ്റു പൊതുവഴികളിലും വയ്ക്കുന്ന പതിവുണ്ടായിരുന്നു. ഈ മത്തങ്ങകളില്‍ വിളക്കുകള്‍ തെളിക്കുന്നതോടൊപ്പം ചിലര്‍ ഈ രാത്രിയില്‍ ചില വികൃതരൂപങ്ങള്‍ കെട്ടിയിരുന്നു, അതും ദുരാത്മാക്കളെ ഭീകരരൂപങ്ങള്‍ കാണിച്ച് പേടിപ്പിച്ച് തങ്ങളുടെ പ്രദേശത്തുനിന്ന് ഓടിക്കുക എന്ന വിശ്വാസത്തോടുകൂടി തന്നെ.

ഒന്‍പതാം നൂറ്റാണ്ടോടെ ക്രൈസ്തവ സ്വാധീനം കെല്‍റ്റിക് പ്രദേശങ്ങളില്‍ വ്യാപിക്കുകയും പഴയ ആചാര ആഘോഷങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്തു. എ.ഡി ആയിരത്തോടെ മരിച്ചവരെ ആദരിക്കാനായി നവംബര്‍ രണ്ടാം തീയതി എല്ലാ ആത്മാക്കളുടെയും ദിനമായി പ്രഖ്യാപിച്ചു. ഇത് കെല്‍റ്റിക് ആഘോഷങ്ങളുടെ പുനരാവിഷ്‌കാരത്തിന്റെ ഭാഗമായിരുന്നു. എല്ലാ ആത്മാക്കളുടെയും ദിനം സോ ഇന്നിനു സമാനമായിരുന്നു. അഗ്നികുണ്ഡങ്ങള്‍ തീര്‍ത്തും, ഘോഷയാത്രനടത്തിയും വിശുദ്ധരുടെ വസ്ത്രങ്ങള്‍ ധരിച്ചും മാലാഖയും ചെകുത്താനുമായി പകര്‍ന്നാടിയുമൊക്കെ ആഘോഷം മനോഹരമാക്കി. എല്ലാ വിശുദ്ധരുടെയും ദിനം ഓള്‍ ഹാലോസ് ഡേ ആയും അറിയപ്പെട്ടു. ഈ ദിനത്തിന്റെ തലേ രാത്രി കെല്‍റ്റുകളുടെ പരമ്പരാഗത ആഘോഷത്തെ അനുസ്മരിപ്പിക്കും വിധം ഓള്‍ ഹാലോസ് ഈവ് ആയും അത് കാലക്രമേണ ഹാലോവിന്‍ ആയും രൂപാന്തരപ്പെടുകയായിരുന്നു.

ഇന്ന് അയര്‍ലണ്ടില്‍ ഒരാചാരം നിലനില്‍ക്കുന്നുണ്ട്. അവിടുത്തെ പ്രധാന ഹാലോവീന്‍ ഭക്ഷണമാണ് ബ്രാംബ്രാക്ക്. ഇത് പഴങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന കേക്കാണ്. ബേക്ക് ചെയ്യുന്നതിനു മുമ്പ് മോതിരമോ നാണയമോ മറ്റ് ആകര്‍ഷക വസ്തുക്കളോ കേക്കിനുള്ളില്‍ നിക്ഷേപിക്കും. കേക്ക് വിതരണം ചെയ്യുകയും ചെയ്യും. മോതിരവും മറ്റും അടങ്ങിയ കേക്ക് ലഭിക്കുന്നയാള്‍ അടുത്ത ഹാലോവീനു മുമ്പ് തങ്ങളുടെ ജീവിതപങ്കാളിയാവുമെന്നാണ് വിശ്വാസം.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 31നു ആഘോഷിക്കുന്ന ഈ ഉത്സവം യഥാര്‍ഥത്തില്‍ പൈശാചികമാണെന്നും അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ ഈ ആഘോഷത്തില്‍ നിന്നും മാറ്റി നിര്‍ത്തി പകരം വിശുദ്ധരുടെ വേഷങ്ങള്‍ ധരിപ്പിച്ചു ഹാലോവീന്‍ ഉപേക്ഷിച്ചു ‘ഹോളിവീന്‍’ ആഘോഷിക്കണമെന്നും വത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചിക ശക്തികള്‍ മനുഷ്യരിലും പ്രകൃതിയിലും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നും സഭ അധികാരികള്‍ വ്യക്തമാക്കി.

2014ല്‍ വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിനു ശേഷം നടന്ന എക്‌സോര്‍സിട്‌സ് സമ്മേളനത്തില്‍ പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നവരായ ഏകദേശം 300ഓളം പേരാണ് ഹാലോവീനെതിരെ പങ്കെടുത്തത്.ഹാലോവീന്‍ പ്രവണതയില്‍ മുഴുകുന്നവരോട് ദയയോടെ പെരുമാറണമെന്നും പാപ്പ സമ്മേളനത്തോട് ആവശ്യപ്പെട്ടു.

 

 

എ എം

comments


 

Other news in this section
WhatsApp chat