Wednesday, May 27, 2020

മതതീവ്രവാദികളുടെ കൊലവിളികള്‍ക്കിടെ ആസിയ ബീബി; പാക് ക്രൈസ്തവരും ഭീതിയില്‍

Updated on 17-11-2018 at 7:59 am

Share this news

മതതീവ്രവാദം ഒരു രാജ്യത്തിന്റെ നിയമവാഴ്ചയ്ക്കും ക്രമസമാധാനത്തിനും എത്രമാത്രം ഭീഷണിയാകാമെന്നതിന്റെ തെളിവാണ് മതനിന്ദാകുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന കത്തോലിക്കാ വനിതയായ ആസിയ ബീബിയെ പാക് സുപ്രീംകോടതി ഒക്ടോബര്‍ 31നു കുറ്റവിമുക്തയായി പ്രഖ്യാപിച്ചതിനു ശേഷം ആ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍. അഞ്ചുമക്കളുടെ അമ്മയായ പഞ്ചാബ്കാരി കര്‍ഷകത്തൊഴിലാളിയെ, പ്രവാചകനായ മുഹമ്മദിനെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ 2010ലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അതിന് ഒരു വര്‍ഷം മുമ്പ് കുടിവെള്ളം സംബന്ധിച്ച് കൂടെ ജോലിചെയ്തിരുന്ന ചില മുസ്ലിം സ്ത്രീകളുമായുണ്ടായ വാക്കുതര്‍ക്കമാണ് കേസിനാധാരം. വധശിക്ഷയും കാത്ത് 8 വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് അവര്‍ കുറ്റവിമുക്തയായത്. സുപ്രീംകോടതി വിധി ലിബറലുകളും മനുഷ്യാവകാശ ഗ്രൂപ്പുകളും സ്വാഗതം ചെയ്തു. പാകിസ്ഥാനില്‍ യാതനകള്‍ സഹിക്കുന്ന മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനായി മതനിന്ദാ നിയമം മേലില്‍ ഉപയോഗിക്കരുതെന്ന വ്യക്തമായ സന്ദേശമാണ് വിധി നല്‍കുന്നതെന്നായിരുന്നു ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചത്.

പക്ഷേ, അസിയാബീബി ഇപ്പോഴും മോചിതയായിട്ടില്ല. അവരെ വിട്ടയച്ച സുപ്രീംകോടതി വിധിക്കെതിരെ പാകിസ്ഥാനിലെ തെരുവുകളില്‍ ആയിരങ്ങള്‍ പങ്കെടുത്ത അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതാണ് കാരണം. ബീബിയെ തൂക്കിക്കൊല്ലണമെന്നാണ് അവരുടെ ആവശ്യം. വിധി പറഞ്ഞ ജഡ്ജിമാരെയും അതിനെ അനുകൂലിക്കുന്ന സൈനിക നേതാക്കളെയും മറ്റേതൊരാളെയും വധിക്കുമെന്ന ഭീഷണിയും ഉയര്‍ന്നിരിക്കുകയാണ്. ബീബിക്കനുകൂലമായി സംസാരിക്കുന്ന മാദ്ധ്യമങ്ങളെയും അവര്‍ കടന്നാക്രമിക്കുന്നു. ബീബിയെ വിട്ടയച്ച വിധിയെത്തുടര്‍ന്ന് പാകിസ്ഥാനിലെ തെരുവുകളില്‍ അക്രമങ്ങള്‍ അരങ്ങേറി. വലിയ കണ്ടെയിനറുകള്‍ കുറുകെയിട്ടും കല്ലുകള്‍ ഉരുട്ടിയിട്ടും ടയറുകള്‍ കത്തിച്ചിട്ടും റോഡുകളില്‍ ഗതാഗതം തടഞ്ഞു. വഴിയാത്രക്കാരോട് അവരുടെ മതം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യാനിയാണെന്ന് അറിയുമ്പോള്‍ കാറുകളില്‍ നിന്നും പിടിച്ചിറക്കി അവരെ മര്‍ദിച്ചു. തികഞ്ഞ അരാജകത്വമാണ് നടമാടിയത്.

ഗവണ്മെന്റ് പല ഭീഷണികളും മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. ദിവസങ്ങള്‍ ചെല്ലുന്തോറും പ്രതിഷേധക്കാരുടെ എണ്ണം കൂടിവന്നു; പ്രതിഷേധത്തിന്റെ തീവ്രതയും. രാജ്യത്തെ സ്തംഭിപ്പിച്ച മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഗവണ്മെന്റ് കീഴടങ്ങി. പ്രതിഷേധ പ്രകടനക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഗവണ്മെന്റ് നിര്‍ബ്ബന്ധിതമായി. കോടതിവിധിക്കെതിരെയുള്ള നിയമനടപടികളെ ഗവണ്മെന്റ് എതിര്‍ക്കില്ലെന്നും അസിയാ ബിബിയെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും ഗവണ്മെന്റ് സമ്മതിച്ചു. എങ്കിലും ഇപ്പോഴും വിദ്വേഷവും ആശങ്കയും അന്തരീക്ഷത്തിലുണ്ട്.

കുറ്റവിമുക്തയാക്കപ്പെട്ടെങ്കിലും ബീബി ഇപ്പോലും നിയമപരമായ ത്രശങ്കുവിലാണ്. ഔദ്യോഗികമായും നിയമപരമായും അവര്‍ മോചിതയാണ്. പക്ഷേ, അവര്‍ ഇപ്പോഴും തടങ്കലില്‍ത്തന്നെ. അവര്‍ക്ക് രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുമാകില്ല; വിദേശത്ത് അഭയം തേടാനുമാകില്ല. അവരെ പുറത്തുകണ്ടാല്‍ ജനം അവരെ തല്ലിക്കൊല്ലും. മതനിന്ദ ആരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടം ആള്‍ക്കാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ പാകിസ്ഥാനില്‍ പതിവാണ്. മതനിന്ദാ നിയമം അക്രമങ്ങള്‍ക്കു തിരികൊളുത്തുന്നു. ഈ സാഹചര്യത്തില്‍ അസിയ ബീബിയുടെ അഭിഭാഷകന്‍ ജീവന്‍ പേടിച്ച് രാജ്യംവിട്ടുപോയി നെതര്‍ലാന്റ്സില്‍ അഭയം തേടി.

ആസിയ ബീബിയില്‍ നിന്ന് അഭയാര്‍ത്ഥി അപേക്ഷ ലഭിച്ചാല്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അയര്‍ലണ്ട് വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഐറിഷ് നിയമ മന്ത്രി ചാര്‍ളി ഫ്‌ലനഗനും വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്‌നിയും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുരുന്നു. സ്വന്തം രാജ്യത്ത് അപകടകരമായ അവസ്ഥയില്‍ കഴിയുന്ന ഒരു വ്യക്തിക്ക് അയര്‍ലണ്ടില്‍ അഭയം കൊടുക്കുന്നതില്‍ അയര്‍ലന്റിന് താത്പര്യമുണ്ടെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. കാനഡയും ഇറ്റലിയും ഫ്രാന്‍സും അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ബീബിക്കും കുടുംബത്തിനും അഭയം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടങ്കിലും അവരെ പുറത്തുവിടാന്‍ പാക് ഗവണ്മെന്റിന് ധൈര്യമില്ല.

അവര്‍ പുറത്തുപോയി എന്നറിഞ്ഞാല്‍ ഉണ്ടാകാനിടയുള്ള വിപ്ലവം ഗവണ്മെന്റ് ഭയക്കുന്നു. ഗവണ്മെന്റ് തീരുമാനിക്കട്ടെ എന്നാണ് വിദേശ രാജ്യങ്ങളുടെ നിലപാട്. വിദേശത്ത് എത്തിയാലും ബീബിയുടെ ജീവന്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇപ്പോള്‍ അവര്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല. ജയിലില്‍നിന്നും അജ്ഞാതമായ ഒരു കേന്ദ്രത്തിലേക്കാണ് അവരെ കൊണ്ടുപോയതെന്ന് പറയപ്പെടുന്നു. അവര്‍ പാക്കിസ്ഥാനിലുണ്ട് എന്നു മാത്രമേ ഗവണ്മെന്റ് പറയുന്നുള്ളു. മുത്തഹിദ മജ്ലിസ് അമല്‍ ഇസ്ലാമിക, തെഹ്രീകെ ഇ ലബൈക് പാകിസ്ഥാന്‍ എന്നീ വലതുപക്ഷ ഇസ്ലാമിക സംഘടനകളാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തിന് പുറത്തേക്ക് പോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടവരുടെ പട്ടികയില്‍ ബീബിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുന്നതില്‍നിന്നും സംഘടനയെ തടയില്ല എന്ന ഉറപ്പിനെതുടര്‍ന്നാണ് അവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. കോടതി അതംഗീകരിച്ചാല്‍ ബീബിക്ക് രാജ്യത്തിന് പുറത്തേക്കു പോകാന്‍ കഴിയില്ല.

ബീബിയുടെയും കുടുംബത്തിന്റെയും സുരക്ഷയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോള്‍ത്തന്നെ പാകിസ്ഥാനില്‍ ചെറിയൊരു ന്യുനപക്ഷമായ ക്രിസ്ത്യന്‍ സമൂഹം ഭയവിഹ്വലരായി കഴിയുകയാണ്. രാജ്യത്തുണ്ടായ വലിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. മതനിന്ദാ നിയമം മുസ്ലിങ്ങളെയും ബാധിക്കുന്ന ഒന്നാണെങ്കിലും ഒരു മുസ്ലിം കുറ്റവാളിയായാല്‍ രോഷമെല്ലാം ആ വ്യക്തിയില്‍ ഒതുങ്ങുമെന്നും എന്നാല്‍ മുസ്ലിങ്ങളല്ലാത്തവരാണ് കുറ്റവാളിയാകുന്നതെങ്കില്‍ രോഷം അവരുടെ സമൂഹത്തിനെതിരെയാകെ തിരിയുമെന്നതാണ് വ്യത്യാസമെന്നും ക്രിസ്ത്യന്‍ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വനിത റോമ്നാ ബഷിര്‍ പറയുന്നു. 200 മില്യണിലധികം ജനസംഖ്യയുള്ള പാകിസ്ഥാനില്‍ ക്രൈസ്തവര്‍ 1.59% മാത്രമാണ്. എന്നാല്‍ മതനിന്ദ നിയമനുസരിച്ചുള്ള കുറ്റങ്ങളില്‍ മുസ്ലിങ്ങളല്ലാത്തവരാണ് ഏറെയും പ്രതിയാക്കപ്പെടുന്നതെന്നു ലാഹോറിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ പീറ്റര്‍ ജേക്കബ് പറയുന്നു. മുസ്ലിങ്ങളല്ലാത്ത കുറ്റാരാപിതര്‍ 50%മാണ്. ജനസംഖ്യയില്‍ ന്യുനപക്ഷത്തിന്റെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ മതനിന്ദ പ്രകാരം കുറ്റവാളികളാക്കപ്പെടുന്നതിലെ ആനുപാതികരാഹിത്യം വളരെ പ്രകടമാണ്.

കുറ്റവാളികളാക്കപ്പെടുന്നവര്‍ക്കു പിന്നീടുള്ള ജീവിതം അനിശ്ചിതത്വം നിറഞ്ഞതായിരിക്കും. ഒരു സ്ഥലത്തും സ്വസ്ഥമായി കഴിയാന്‍ പറ്റില്ല. കുടുംബത്തിന് നേര്‍ക്ക് ഭീഷണി ഉയരും. മതനിന്ദയുടെപേരില്‍ വധശിക്ഷ കാത്ത് കഴിയുന്നവരോ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരൊ ആയി 40 ക്രൈസ്തവരെങ്കിലും ഉണ്ടാകുമെന്നാണ് പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്. പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കും ഗവണ്മെന്റ് അധികസംരക്ഷണം നല്‍കിയെങ്കിലും ക്രൈസ്തവര്‍ വലിയ ഭീതിയിലാണ് കഴിയുന്നത്. തീവ്രവാദിസംഘടനകളുടെ പിന്‍ബലത്തോടെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അടുത്ത കാലത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും പാക് സമൂഹത്തില്‍ കടുത്ത വിവേചനമാണ് ക്രൈസ്തവര്‍ അനുഭവിക്കുന്നത്.

മതനിന്ദ പാക്കിസ്ഥാനില്‍ സ്ഫോടനാത്മകമായ വിഷയമാണ്. നേരത്തെ അസിയ ബിബിയെ പിന്തുണച്ചതിന്റെ പേരില്‍ രണ്ട് രാഷ്ട്രീയ നേതാക്കള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് ഗവര്‍ണ്ണറെ സ്വന്തം അംഗരക്ഷകനാണ് വേടിവച്ചുകൊന്നത്. ഘാതകന് വന്‍ പിന്തുണയാണ് രാജ്യത്ത് ലഭിച്ചത്. വന്‍ തുകകള്‍ പാരിതേഷികമായി വാഗ്ദാനംചെയ്തതു കൂടാതെ സ്വന്തം പെണ്‍മക്കളെ അയാള്‍ക്ക് കെട്ടിച്ചുകൊടുക്കാന്‍ പലരും മുമ്പോട്ടുവന്നു. ഇന്ന് അയാളുടെ സ്മരണയ്ക്കായി ഒരു മോസ്‌ക് പോലുമുണ്ട്. നൂറുകണക്കിനു പേരാണ് മതനിന്ദാ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. നിസ്സാര കാര്യത്തിനും പകരം വീട്ടാനും വസ്തുവകകള്‍ തട്ടിയെടുക്കാനും ഈ നിയമം ദുരുപോയോഗം ചെയ്യുന്നു എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഒരിക്കല്‍ കുറ്റാരോപിതനായാല്‍ പിന്നെ രക്ഷയില്ല. അയാള്‍ക്കുവേണ്ടി വാദിക്കാന്‍ പോലും ആരും മുമ്പോട്ടുവരുകയില്ല.

ബീബിയെ വെറുതെവിട്ടുകൊണ്ടുളള വിധി പുനപരിശേധിക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ബീബിയുടെ സാന്നിദ്ധ്യം ആവശ്യമില്ല. എങ്കിലും കേസില്‍ വിധി വരുന്നതിനുമുമ്പ് അവര്‍ രാജ്യം വിടുന്നത് ”അവര്‍ക്കും രാജ്യത്തിനും” സുരക്ഷിതമല്ലെന്നാണ് പാക്കിസ്ഥാനി ഉദ്യോഗസ്ഥരുടെ അഭിപ്രായം. അവരെ വെറുതേ വിട്ട ബഞ്ചിന്റെ തലവന്‍ ചീഫ് ജസ്റ്റീസ് വിരമിക്കുന്ന അടുത്ത ജനുവരി മദ്ധ്യത്തിനുമുമ്പ് കേസ് കേള്‍ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കോടതി വിധി തിരുത്താന്‍ സാദ്ധ്യതയില്ലെന്നാണ് പലരും പറയുന്നത്. എങ്കില്‍ പാക്കിസ്ഥാന്‍ വീണ്ടും കലാപഭൂമിയാകും. ചില മതനേതാക്കള്‍ സുപ്രീംകോടതി വിധി അംഗീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രമുഖ മതനിന്ദാവിരുദ്ധ ഗ്രൂപ്പായ തെഹ്രീക്ക് ഇ ലൈബക്ക് വിധി അംഗീകരിക്കുകയില്ലെന്ന നിലാടിലാണ്. വിധി തിരുത്തിയില്ലെങ്കില്‍ വന്‍ പ്രതിഷേധം സംഘടിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. തിരുത്തിയാല്‍ അന്താരാഷ്ട്ര സമൂഹം പാക്കിസ്ഥാനെ പഴിക്കും. പുതുതായി രൂപം കൊണ്ട തീവ്രവാദ രാഷ്ട്രീയ പാര്‍ട്ടിയായ ലൈബക്ക് ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2 മില്യണിലധികം വോട്ടുകള്‍ നേടിയിരുന്നു.

comments


 

Other news in this section
WhatsApp chat