Friday, December 13, 2019

അയര്‍ലന്‍ഡിലെ പ്രധാനപ്പെട്ട 20 കോളേജുകളില്‍ പഠനാവസരമൊരുക്കി എജ്യുക്കേഷന്‍ ഫെയര്‍ ഇന്ത്യയില്‍

Updated on 19-11-2018 at 6:55 am

അയര്‍ലന്‍ഡിലെ സര്‍വകലാശാലകളിലും കോളേജുകളിലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരമൊരുക്കി അയര്‍ലന്‍ഡ് എജ്യുക്കേഷന്‍ ഫെയര്‍. അയര്‍ലന്‍ഡിലെ പ്രധാനപ്പെട്ട 20 കോളേജുകളാണ് മേളയുടെ ഭാഗമാകുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇവിടങ്ങളിലെ പ്രതിനിധികളോട് നേരിട്ട് സംസാരിക്കാം. 5000-ലേറെ കോഴ്‌സുകളെ കുറിച്ചും സ്‌കോളര്‍ഷിപ്പുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ അവര്‍ പങ്കുവെക്കും.

നവംബര്‍ 17: ഡല്‍ഹിയിലെ ശാന്‍ഗ്രി-ലാ ഹോട്ടല്‍: രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ
നവംബര്‍ 18: പുണെയില്‍ ഷെറട്ടണ്‍ ഗ്രാന്റില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ചുവരെ
നവംബര്‍ 21: മുംബൈയിലെ സെയ്ന്റ് റെജീസില്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് ആറുവരെ
നവംബര്‍ 24: ബെംഗളൂരുവിലെ താജ് വിവാന്തയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ
നവംബര്‍ 25: ചെന്നൈയിലെ താജ് കോറമണ്ഡല്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ചുവരെ.

നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ലോകത്തെ തന്നെ മികച്ച ഗവേഷണ സ്ഥാപനങ്ങളാണ് അയര്‍ലന്‍ഡിലേത്. അയര്‍ലന്‍ഡിലെ പ്രധാന ഏഴു യൂണിവേഴ്‌സിറ്റികളും ഈ മേളയില്‍ ഭാഗമാകുന്നു. നിലവില്‍ 161 രാജ്യങ്ങളില്‍ നിന്നായി 35,000-ലേറെ വിദ്യാര്‍ഥികള്‍ അയര്‍ലന്‍ഡില്‍ പഠിക്കുന്നു.

മെഡിസിന്‍ ബിരുദം: 37 ലക്ഷം രൂപ – 44 ലക്ഷം രൂപ (45,000-54,135 യൂറോ)
എന്‍ജിനീയറിങ്: എട്ട് ലക്ഷം രൂപ – 20 ലക്ഷം രൂപ (9950-25,000 യൂറോ)
സയന്‍സ് ആന്‍ഡ് ടെക്‌നോളജി: എട്ട് ലക്ഷം രൂപ- 20 ലക്ഷം രൂപ (9750-25,000 യൂറോ)
ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ്: എട്ടുലക്ഷം രൂപ- 18 ലക്ഷം രൂപ (9750-22,000 യൂറോ)
ബിസിനസ്: എട്ടുലക്ഷം രൂപ – 18 ലക്ഷം രൂപ (9750-20,000 യൂറോ)
അഞ്ചു ലക്ഷത്തില്‍ താഴെ ഫീസുള്ള കോഴ്‌സുകള്‍ക്ക് മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കണമെന്നാണ് വ്യവസ്ഥ.

രാജ്യത്ത് പഠനത്തിനെത്തുന്ന എല്ലാവര്‍ക്കും ഐ.ഇ.എല്‍.ടി.എസ്. (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) യോഗ്യത നിര്‍ബന്ധമാണ്. വിദേശത്ത് പഠനത്തിനും ജോലിക്കും എത്തുന്നവരുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കാനുള്ള പരീക്ഷയാണിത്. ബ്രിട്ടീഷ് കൗണ്‍സില്‍, ഐ.ഡി.പി. ഓസ്‌ട്രേലിയ, യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിജ് എന്നിവയാണ് പരീക്ഷ നടത്തുന്നത്. കേരളത്തില്‍ അഞ്ച് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിങ്ങനെ നാലുതരം പരീക്ഷകളാണുള്ളത്. ആറുമുതല്‍ ഏഴുവരെയുള്ള സ്‌കോറുകളാണ് നേടേണ്ടത്. ഒരുതവണ നേടുന്ന സ്‌കോറിന് രണ്ടുവര്‍ഷമാണ് കാലാവധി.

ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി, നാഷണല്‍ യൂണിവേഴ്‌സിറ്റ് ഓഫ് അയര്‍ലന്‍ഡ് ഗാല്‍വേ, മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റി, ട്രിനിറ്റി കോളേജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളേജ് കോര്‍ക്ക്, യൂണിവേഴ്‌സിറ്റി ഓഫ് ലിമെറിക്, അത്‌ലോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട 20 സര്‍വകലാശാലകളിലേക്കാണ് പ്രവേശനം.

വിദേശികളായ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനുശേഷം അയര്‍ലന്‍ഡില്‍ത്തന്നെ ജോലിചെയ്യാം. ആയിരത്തിലധികം ബഹുരാഷ്ട്ര കമ്പനികളുടെ യൂറോപ്പിലെ പ്രധാനകേന്ദ്രമാണ് അയര്‍ലന്‍ഡ്. അതുകൊണ്ടുതന്നെ ജോലിസാധ്യതയും കൂടുതലാണ്. ഗൂഗിള്‍, എച്ച്.പി., ആപ്പിള്‍, ഐ.ബി.എം., ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ യൂറോപ്പിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് അയര്‍ലന്‍ഡിലാണ്. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി സ്വന്തമാക്കാം.

പി.ജി. കോഴ്‌സുകള്‍ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഡി.ഐ.ടി. സെന്റിനറി സ്‌കോളര്‍ഷിപ്പ് ലഭിക്കും. ആകെ ഫീസിന്റെ 50 ശതമാനമാണ് സ്‌കോളര്‍ഷിപ്പ്. ഫസ്റ്റ് ക്ലാസോടു കൂടിയ ഓണേഴ്‌സ് ബിരുദമാണ് യോഗ്യത. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗാല്‍വേ വിദ്യാര്‍ഥികള്‍ക്കായി രണ്ടു സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. മൂന്ന് പി.ജി. വിദ്യാര്‍ഥികള്‍ക്ക് മാക്‌സ് ആര്‍തര്‍ മക്ലിഫ് സ്പെഷ്യല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മുഴുവന്‍ ഫീസും സ്‌കോളര്‍ഷിപ്പായി ലഭിക്കും. രണ്ടു പി.ജി. വിദ്യാര്‍ഥികള്‍ക്ക് സര്‍ പീറ്റര്‍ ഫ്രേയര്‍ സ്‌പെഷ്യല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പും നല്‍കുന്നു. രണ്ടു സ്‌കോളര്‍ഷിപ്പിലും മുഴുവന്‍ ഫീസും ലഭിക്കും. കൂടാതെ യു.ജി.പി.ജി.ക്കാര്‍ക്ക് ഒന്നരലക്ഷം രൂപയുടെ (2000 യൂറോ) മറ്റൊരു സ്‌കോളര്‍ഷിപ്പും നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അയര്‍ലന്‍ഡ് നല്‍കുന്നുണ്ട്. ഇവ കൂടാതെ പ്രധാനപ്പെട്ട കോളേജുകളും മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.

രണ്ടുതരം ബിരുദ കോഴ്‌സുകളാണ് രാജ്യത്തുള്ളത്. ഓര്‍ഡിനറി ഡിഗ്രിയും ഓണേഴ്‌സ് ഡിഗ്രിയും. മൂന്നുമുതല്‍ നാലുവര്‍ഷത്തെ കോഴ്‌സാണ് ഓണേഴ്‌സ് ബിരുദം. വിഷയത്തില്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കാനുള്ള അവസരമാണ് ഓണേഴ്‌സ് ബിരുദത്തിലൂടെ ലഭിക്കുന്നത്. മൂന്നുവര്‍ഷത്തെ കോഴ്‌സാണ് ഓര്‍ഡിനറി ബിരുദം. ഓര്‍ഡിനറി ബിരുദക്കാര്‍ക്ക് ഒരുവര്‍ഷത്തെ പ്രത്യേക കോഴ്‌സ് പൂര്‍ത്തിയാക്കി ഓണേഴ്‌സ് ബിരുദം നേടാനുള്ള അവസരവും ഉണ്ട്.

പി.ജി.യിലും സമാനമായി രണ്ടുതരം പ്രോഗ്രാമുകളാണുള്ളത്. ടോട്ട് മാസ്റ്റേഴ്‌സ് ഡിഗ്രിയും റിസര്‍ച്ച് മാസ്റ്റേഴ്‌സ് ഡിഗ്രിയും. ഓണേഴ്‌സ് ബിരുദമുള്ളവര്‍ക്കാണ് ടോട്ട് മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് സാധ്യത കൂടുതല്‍. ഓര്‍ഡിനറി ബിരുദക്കാര്‍ക്ക് പരിമിത സീറ്റുകളാണ് ഈ കോഴ്‌സിനുള്ളത്. ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെയാണ് പഠനകാലയളവ്. രണ്ടുവര്‍ഷത്തെ കോഴ്‌സാണ് റിസര്‍ച്ച് മാസ്റ്റേഴ്‌സ് ഡിഗ്രി. ഇതുകൂടാതെ ഹയര്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഡോക്ടറല്‍ ഡിഗ്രി എന്നീ കോഴ്‌സുകളുമുണ്ട്. ഭാഷാ കോഴ്‌സുകള്‍ക്കും ബിരുദേതര കോഴ്‌സുകള്‍ക്കുമായി അയര്‍ലന്‍ഡിലെത്തുന്നവര്‍ക്ക് മൂന്നുവര്‍ഷമാണ് രാജ്യത്ത് തങ്ങാനാകുക. മറ്റു കോഴ്‌സുകാര്‍ക്ക് ഏഴുവര്‍ഷം വരെയും.

രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും താമസസൗകര്യമുണ്ട്. ഒരു വര്‍ഷത്തെ വാടക രണ്ടുതവണകളായും ഒരുമാസത്തെ വാടക മുന്‍കൂറായും നല്‍കണം. മുന്‍കൂറായി നല്‍കുന്ന തുക കോഴ്‌സ് തീരുമ്പോള്‍ തിരികെ നല്‍കും. കൂടാതെ പെയിങ് ഗസ്റ്റായി താമസിക്കാനുള്ള സൗകര്യവും ഉണ്ട്. വാടകയുള്‍പ്പെടെ മാസം ഏകദേശം 74,000 രൂപ (900 യൂറോ) ചെലവു വരും.

വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: www.educationirelandevents.com

 

 

 

 

 

 

 

 

 

 

 

 

 

കടപ്പാട് : മാതൃഭൂമി

comments


 

Other news in this section