മാംസാഹാര ശീലം ആവാസവ്യവസ്ഥയെ താളംതെറ്റിക്കുമോ ? ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പഠനത്തില്‍ പറയുന്നത് ഇങ്ങനെ

സസ്യാഹാരം ശീലമാക്കുന്നത് പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം എന്നിവയില്‍ നിന്ന് ശരീരത്തെ ഉയര്‍ന്ന അളവില്‍ സംരക്ഷിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ആഹാരം ശീലത്തില്‍ പച്ചക്കറികള്‍ ഇടംനേടുന്നത് സ്വന്തം ആരോഗ്യത്തെ മാത്രമല്ല ഭൂമിയെയും സംരക്ഷിച്ചുനിര്‍ത്തുമെന്നാണ് പുതിയ പഠനം.

നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ഈ പഠനറിപ്പോര്‍ട്ട് പ്രകാരം, ജനപ്പെരുപ്പവും വര്‍ധിച്ചുവരുന്ന മാംസാഹാരത്തിന്റെ ഉപയോഗവും ഭൂമിക്കുമേല്‍ കനത്ത സമ്മര്‍ദ്ദമാണത്രെ നല്‍കുന്നത്! ആവാസവ്യവസ്ഥയുടെയും ആഹാരശൃംഖലയുടെയും ഈ താളംതെറ്റല്‍ 2050ഓടെ 90%ലേക്ക് എത്തുമെന്നാണ് കണക്ക്.

‘നിലനില്‍ക്കുന്ന പ്രകൃതി ശൃംഖലകള്‍ തകരുന്നത് കാലാവസ്ഥാവ്യതിയാനം ഉള്‍പ്പടെ കടുത്ത പ്രശ്നങ്ങളിലേക്ക് ലോകത്തെ നയിക്കും. വനം എന്നത് സങ്കല്‍പം മാത്രമാകും. ജൈവവ്യവസ്ഥ തകരാറിലാകുന്നത് വരള്‍ച്ച ഉള്‍പ്പടെയുള്ള ദുരിതങ്ങള്‍ സൃഷ്ടിക്കും. സമുദ്രങ്ങളിലെ വെള്ളമടക്കം മലിനമാകുന്നത് എല്ലാത്തരം ജീവികളുടെയും നിലനില്‍പ്പിനു തന്നെ വെല്ലുവിളിയാകുമെ’ന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ മാര്‍ക്കോ സ്പ്രിങ്മാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭൂമി ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ കഠിനപരിശ്രമം വേണം. കൃഷിക്കും കൃഷിരീതികള്‍ക്കും ലോകം മുഴുവന്‍ കഴിയുന്നത്ര പ്രചാരം നല്‍കണം. അതോടൊപ്പം മനുഷ്യന്റെ ആഹാരരീതിയില്‍ വെജിറ്റേറിയന്‍ ഡയറ്റിനായിരിക്കണം പ്രഥമ പരിഗണന. ഐക്യരാഷ്ട്രസംഘടന 2010ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മൃഗ പരിപാലന കൃഷിരീതികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ലഭ്യമാകുന്ന ശുദ്ധജലത്തിന്റെ 70%ഉം ഭൂമിയുടെ 38%ഉം ഉപയോഗിക്കുന്നതും ഹരിതഗൃഹ വാതകങ്ങളുടെ 19% പുറത്തുവിടുന്നതും, മനുഷ്യന് ആഹാരമായി മാറ്റുന്നതിനുള്ള ‘മൃഗസംരക്ഷണം’ആണെന്ന് യുഎന്‍ കുറ്റപ്പെടുത്തി.

കാട് നശിപ്പിച്ചു ഫാമുകളും മൃഗങ്ങള്‍ക്ക് മേയാനുള്ള പുല്‍ത്തകിടികളും ഒരുക്കുന്നത് കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ പുറന്തള്ളല്‍ വര്‍ധിക്കാന്‍ കാരണമാകും. മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവ കന്നുകാലി മാലിന്യങ്ങളില്‍ നിന്ന് നേരിട്ട് അന്തരീക്ഷത്തിലെത്തുമെന്നും വിലയിരുത്തപ്പെടുന്നു.

പഴം, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവ മാംസാഹാരത്തിനും പാലുല്പന്നങ്ങള്‍ക്കും ബദലാകണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. കല്‍ക്കരി എങ്ങനെ സൗരോര്‍ജത്തിനും മലിനീകരണമില്ലാത്ത ഊര്‍ജസ്രോതസുകള്‍ക്കും വഴിമാറിയോ, അതെ രീതിയില്‍ ലോകം മുഴുവന്‍ ചിന്തിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: