2018 ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നെന്ന് WMO; ലോകം നേരിടാന്‍ പോകുന്നത് കടുത്ത പാരിസ്ഥിതിക വെല്ലുവിളി

ഈ വര്‍ഷം ആദ്യത്തെ പത്ത്മാസങ്ങള്‍ കണക്കിലെടുത്താല്‍ ആഗോളതലത്തില്‍ 2018 ഏറ്റവും ചൂടേറിയ നാല് വര്‍ഷങ്ങളില്‍ ഒന്നായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടം താപനിലയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് അധികം രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (WMO) ശാസ്ത്രജ്ഞര്‍ പറയുന്നു. വാഹനങ്ങള്‍ പുക (CO2) തുപ്പുന്നതിലും വര്‍ദ്ധനയുണ്ടെന്നാണ് കണക്ക്. താപനിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയ 20 വര്‍ഷങ്ങള്‍ കണക്കിലെടുത്താല്‍ അത് കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആണെന്നും ഇതില്‍ താപനിലയില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയത് തുടര്‍ച്ചയായി കഴിഞ്ഞ നാല് വര്‍ഷങ്ങളാണെന്നതും ഗവേഷകര്‍ കണ്ടെത്തി.

കഴിഞ്ഞ നാല് വര്‍ഷങ്ങള്‍, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ വര്‍ഷങ്ങളായിരുന്നു. ദീര്‍ഘകാലമായി താപനില ഉയര്‍ന്നു വരുന്ന പ്രതിഭാസത്തിനു ലോകം സാക്ഷ്യംവഹിക്കുകയാണ്. ഇപ്പോള്‍ കാണപ്പെടുന്നതും ഈ പ്രതിഭാസത്തിന്റെ ഭാഗമാണ്. ഏഷ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലെത്തുന്നതടക്കമുള്ള അസാധാരണമായ കാലാവസ്ഥയ്ക്കാണു നമ്മള്‍ സാക്ഷ്യം വഹിച്ചത്.

കാര്‍ബന്‍ ഡയോക്‌സൈഡ് ഉള്‍പ്പടെയുള്ള ഹരിത ഗൃഹവാതകങ്ങളുടെ തോത് കഴിഞ്ഞ വര്‍ഷങ്ങളിലായി അഭൂതപൂര്‍വമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതാപനം ഉള്‍പ്പടെയുള്ള വിപത്തിനെ നേരിടുന്നതിനുള്ള സുഗമമായ സന്ദര്‍ഭം ഇപ്പോള്‍ അവസാനിച്ചതായും ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന പറഞ്ഞു. കാലാവസ്ഥ സ്ഥിതിഗതികള്‍ രേഖപ്പെടുത്തുന്ന യു.എന്നിന്റെ വാര്‍ഷിക റിപ്പോര്‍ട്ടായ  ‘ഗ്രീന്‍ഹൗസ് ഗ്യാസ്’ ബുള്ളറ്റിന്‍ പ്രകാരം, വ്യാവസായിക വിപ്ലവത്തിന് ശേഷം അന്തരീക്ഷത്തിലെ വിഷവാതകങ്ങളുടെ അളവ് കാര്യമായി വര്‍ദ്ധിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലവും അനുബന്ധ ദുരിതങ്ങളിലും പോയ വര്‍ഷം 1.92 കോടി ആളുകള്‍ക്കു കുടിയൊഴിയേണ്ടി വന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും തെക്കു കിഴക്കന്‍ ഏഷ്യയിലാണ്. കാലാവസ്ഥവ്യതിയാനം 113 രാജ്യങ്ങളെ ഏറെ കഷ്ടത്തിലാക്കി. ഇതില്‍ ഉഷ്ണക്കാറ്റും കൊടുംവരള്‍ച്ചയും ദുരിതത്തിന്റെ ഭാരം വര്‍ദ്ധിപ്പിച്ചു. ഇതിനെ കുറിച്ചു വിശദമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. പക്ഷേ പ്രകൃതിദുരന്തങ്ങളുടെ കാരണമന്വേഷിച്ചാല്‍, മനുഷ്യന്റെ വീണ്ടു വിചാരമില്ലാത്ത പ്രവര്‍ത്തി കൊണ്ടാണ് അതു സംഭവിച്ചതെന്നു വ്യക്തമാകുമെന്നു ലോക കാലാവസ്ഥപഠന കേന്ദ്രം സെക്രട്ടറി ജനറല്‍ പെട്ടേരി താലസ് പറഞ്ഞു.

സമീപകാലത്തു നടത്തിയ പഠനത്തില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ തോത് എട്ട് ലക്ഷം വര്‍ഷങ്ങള്‍ക്കിടെയുണ്ടായതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാണെന്നു കണ്ടെത്തുകയുണ്ടായി. 2017 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം, അന്തരീക്ഷത്തിലെ Co2 ന്റെ അളവ് 405.5 പാര്‍ട്ട്‌സ് പര്‍ മില്ല്യണ്‍(PPM) അണ്. മുന്‍ വര്‍ഷം അത് 403.3ഉം, 2015ല്‍ 400.1 എന്ന നിലയിലുമായിരുന്നു. അവസാനമായി ഭൂമിയില്‍ Co2വിന്റെ അളവ് വര്‍ദ്ധിച്ചത് 3-5 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് അന്തരീക്ഷ താപനില 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയുണ്ടായി. ഹരിത ഗൃഹവാതകങ്ങള്‍ക്ക് പുറമേ, ഓസോണ്‍ ശോഷണത്തിന് കാരണമായ മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ് പോലുള്ള വാതകങ്ങളും കാര്യമായി വര്‍ദ്ധിച്ചതായി യു.എന്നിന്റെ കാലാവസ്ഥാ നിരീക്ഷണ സംഘടന പറയുന്നു. അടുത്ത വര്‍ഷത്തിലും താപനിലയില്‍ ഉയര്‍ന്ന വര്‍ദ്ധയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: