Thursday, December 12, 2019

ദേശീയ രാഷ്ട്രീയത്തില്‍ അടിപതറുന്ന ബിജെപി; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയോ ??

Updated on 12-12-2018 at 5:58 am

ഹിന്ദി മേഖലയിലെ തട്ടകത്തില്‍ ബി.ജെ.പി.യുമായി നേരിട്ടേറ്റുമുട്ടി മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമ്പോള്‍ രാജ്യമൊട്ടുക്കും പ്രസക്തമാവുന്ന ചോദ്യമിതാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കും?

കോണ്‍ഗ്രസിനെ കശക്കിയെറിഞ്ഞ് വെറും 44 സീറ്റുകള്‍ മാത്രം നല്‍കിയാണ് 2014-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി. ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടിയത്. മൂന്നുപതിറ്റാണ്ടിനു ശേഷമാണ് ആദ്യമായി ഒരുപാര്‍ട്ടി തനിച്ച് ഭൂരിപക്ഷത്തിലെത്തിയത്. യു.പി.എ. ഭരണത്തിലെ അഴിമതി മാത്രമല്ല, മോദി ഉയര്‍ത്തിയ വികസനരാഷ്ട്രീയവും നല്ലഭരണമെന്ന വാഗ്ദാനവും ഹിന്ദുത്വ അജന്‍ഡയും അതിനു കാരണമായി. ഉത്തരേന്ത്യയിലെ പൂര്‍ണ തകര്‍ച്ചയില്‍നിന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ കരകയറുമ്പോള്‍ ബി.ജെ.പി.യുടെ വികസനമുഖവും ഹിന്ദുത്വ അജന്‍ഡയും ഒരുപോലെ ഇടിഞ്ഞിരിക്കുന്നുവെന്നുവേണം അനുമാനിക്കാന്‍.

ബി.ജെ.പി.യെയും മോദിയെയും ഹിന്ദി മേഖലയില്‍ത്തന്നെ തകര്‍ത്തെറിയാന്‍ കോണ്‍ഗ്രസിനു സാധിച്ചത് സുപ്രധാനമായ സന്ദേശമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു നല്‍കുന്നത്. ഭരണവിരുദ്ധ വികാരത്തെ പതിനഞ്ചുവര്‍ഷത്തോളം അതിജീവിച്ചതിനും വികസനത്തിനും നല്ലഭരണത്തിനും മികച്ച മാതൃകകളായി മോദിയും ബി.ജെ.പി.യും ഉയര്‍ത്തിക്കാട്ടിയ സംസ്ഥാനങ്ങളായിരുന്നു മധ്യപ്രദേശും ഛത്തീസ്ഗഢും. യഥാര്‍ഥത്തില്‍ അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രതിച്ഛായയ്ക്കു വലിയ കോട്ടം തട്ടിയിട്ടുമില്ല. രാജസ്ഥാനിലേതുപോലെ ഭരണവിരുദ്ധ വികാരം ഇല്ലാതിരുന്നിട്ടും അവര്‍ക്ക് അടിയറവു പറയേണ്ടിവന്നിരിക്കുന്നു.

ജനവിധി സ്വാഭാവികമായും ദേശീയതലത്തിലുള്ള ബി.ജെ.പി.യുടെയും മോദിയുടെയും നിലപാടുകളോടുള്ള പ്രതികരണം കൂടിയാണ്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ സംസ്ഥാനങ്ങളില്‍ നടത്തിയ വ്യാപകമായ പ്രചാരണവും വിലപ്പോയില്ല. പ്രാദേശിക കാരണങ്ങള്‍ക്കു പുറമേ നോട്ടസാധുവാക്കലിനും ജി.എസ്.ടി.ക്കും ശേഷമുണ്ടായ സാമ്പത്തികമാന്ദ്യവും ഗ്രാമീണ-കാര്‍ഷിക പ്രതിസന്ധിയും ബി.ജെ.പി. നേരിട്ട തിരിച്ചടിക്കു കാരണങ്ങളാണ്.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം 21 നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പു നടന്നതില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തിയത്. ബി.ജെ.പി.യും സഖ്യകക്ഷികളും അധികാരം പിടിച്ച സംസ്ഥാനങ്ങളിലെല്ലാം അത് മോദിയുടെ വ്യക്തിപ്രഭാവത്തിന്റെയും വികസനരാഷ്ട്രീയത്തിന്റെയും നേട്ടമായാണ് ബി.ജെ.പി. ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍, ചൊവ്വാഴ്ചത്തെ പരാജയം മോദിയുടെ മേല്‍ ആരും ചാര്‍ത്തിക്കൊടുക്കില്ലെന്ന് ഉറപ്പാണ്.

ഒരു പാര്‍ട്ടിയെയും നേതാവിനെയും തള്ളാനാവില്ലെന്ന പാഠമാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്നത്. 2019-ല്‍ മോദിക്കു ബദലാരെന്ന് ഇനി പഴയ ചങ്കുറപ്പോടെ ചോദിക്കാന്‍ ബി.ജെ.പി.ക്കാവില്ല. കോണ്‍ഗ്രസിനോട് അടുത്തും അല്പം അകന്നും നില്‍ക്കുന്ന സഖ്യകക്ഷികളുടെ രാഹുല്‍ ഗാന്ധിയോടുള്ള സമീപനത്തിലും നിലപാടിലും മാറ്റംവരുമെന്നും ഉറപ്പാണ്.

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അതേരീതി തുടര്‍ന്നുവരുന്ന പൊതുതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുന്നതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊതുപ്രവണത. അതു തുടര്‍ന്നാല്‍ ഏതാനും മാസത്തിനകം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഈ സംസ്ഥാനങ്ങളിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിസന്ധി നേരിടും.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ 65 ലോക്സഭാ സീറ്റുകളില്‍ 62 -ഉം ബി.െജ.പി.ക്കായിരുന്നു. ഇപ്പോഴത്തെ നിലയില്‍ 2019-ല്‍ അതില്‍ പകുതിയും കുറയും. ഇത് ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളായ യു.പി.യിലും ബിഹാറിലും വലിയ ചലനങ്ങളുണ്ടാക്കിയേക്കാം.

ബി.ജെ.പി.ക്ക് 80 -ല്‍ 71 സീറ്റുകള്‍ ലഭിച്ച യു.പി.യില്‍ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പി.യും സഖ്യമുണ്ടാക്കുന്നതുതന്നെ അവര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ ഗൊരഖ്പുരില്‍പോലും ബി.ജെ.പി. തോറ്റത് ഈ കൂട്ടുകെട്ടിന്റെ ഫലമാണ്. എസ്.പി.- ബി.എസ്.പി. സഖ്യത്തോടൊപ്പം തന്ത്രപരമായ സഖ്യം കോണ്‍ഗ്രസ് ഉണ്ടാക്കിയാല്‍ യു.പി.യില്‍ ബി.ജെ.പി. തകര്‍ന്നടിയും. ബിഹാറിലെ എന്‍.ഡി.എ. ഇതിനകം പ്രതിസന്ധിയിലാണ്. കഴിഞ്ഞദിവസം ഉപേന്ദ്ര കുശ്വാഹ രാജിവെക്കുകയും ആര്‍.എല്‍.എസ്.പി. ബി.ജെ.പി. സഖ്യം വിടുകയും ചെയ്തിരുന്നു.

അധികാരത്തിലെത്തുന്നതിനു മുമ്പും ശേഷവും കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ബി.ജെ.പി. ഉയര്‍ത്തിപ്പിടിച്ചത് ശ്രദ്ധേയമാണ്. സോണിയയ്ക്കും രാഹുലിനുമെതിരേ വ്യക്തിപരമായ പരിഹാസം പ്രധാനമന്ത്രിയില്‍നിന്നുതന്നെ ഉണ്ടായി. മാന്യത വിട്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ക്കെതിരേ പലകോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നു. അവയെ ചെറുത്തുകൊണ്ട്, ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ 2014 -നുശേഷം കോണ്‍ഗ്രസിനെയും അതിന്റെ രാഷ്ട്രീയനിലപാടുകളെയും പതുക്കെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ വലിയ ഉത്തരവാദിത്വമാണ് രാഹുല്‍ ഏറ്റെടുത്തത്.

രാഹുലും മോദിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി ഈ തിരഞ്ഞെടുപ്പിനെ പലരും വ്യാഖ്യാനിച്ചത് അതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ്. അതില്‍ തത്കാലം രാഹുല്‍ ജയിച്ചുനില്‍ക്കുകയാണെങ്കിലും അടുത്തഘട്ടത്തില്‍ കളിയുടെ ഗതി മാറുമെന്നാണ് ബി.ജെ.പി. നേതാക്കളുടെ അവകാശവാദം. പൊതുതിരഞ്ഞെടുപ്പിന്റെ വിഷയവും പ്രചാരണരീതിയും തന്ത്രങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കുമത്രെ.

ഏതായാലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെറും ‘പപ്പുമോനല്ല’ ശക്തിമാന്‍ ആണെന്നു തെളിയിക്കുന്നതാണ് ഹിന്ദി ഹൃദയഭൂമിയിലുള്‍പ്പെട്ട മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ് രാജ്യത്തിന്റെ അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന സന്ദേശം നല്‍കി മൂന്നു സംസ്ഥാനങ്ങളും കോണ്‍ഗ്രസ് പിടച്ചടക്കിയെന്നതും ശ്രദ്ധേയം.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തോടെ രാഹുല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ പരിഹാസത്തില്‍ പ്രതിരോധിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പതിവു രീതികളും ഇനി മാറ്റേണ്ടി വരും. ഹിന്ദി ഹൃദയ ഭൂമി പിടിച്ചെടുത്തതോടെ, നയിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടെന്ന ദുഷ്പേരില്‍നിന്നും മോദിക്ക് ശക്തനായ എതിരാളിയും പകരക്കാരനുമായ രാഷ്ട്രീയക്കാരനെന്ന നിലയിലേക്കാണ് രാഹുല്‍ മാറിയിരിക്കുന്നത്.

മോദിക്കെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി സമാന്തര മുന്നണി രൂപീകരിക്കാനുള്ള ബി.എസ്.പി, തൃണമൂല്‍, സമാജ് വാദി ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയ നീക്കങ്ങളും ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലപ്പോകില്ല. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ അംഗീകരിച്ചേ മതിയാകൂവെന്ന സന്ദേശമാണ് മൂന്നു സംസ്ഥാനങ്ങളിലെയും വിജയം ഈ പാര്‍ട്ടികള്‍ക്കു നല്‍കുന്നത്.

 

 

 

 

 

 

 

 

എ എം

comments


 

Other news in this section