മനുഷ്യനില്‍ എബോളയെ പ്രതിരോധിക്കാനുള്ള പ്രോട്ടീനിന്റെ സാന്നിധ്യം കണ്ടെത്തി

എബോള വൈറസില്‍ നിന്ന് മനുഷ്യശരീരത്തെ രക്ഷിക്കാന്‍ ശേഷിയുള്ള പ്രോട്ടീന്‍ ഗവേഷകര്‍ കണ്ടെത്തി. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് മനുഷ്യശരീരത്തിലെ പ്രോട്ടീനും എബോള വൈറസ് പ്രോട്ടീനും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. മാസ്സ് സ്‌പെക്ട്രോമെട്രി (Mass Spectrometry) എന്ന ടെക്നിക്കിന്റെ സഹായത്താലാണ് ഇത് സാധ്യമായത്.

എബോള വൈറസ് പ്രോട്ടീനായ VP30യും മനുഷ്യശരീരത്തിലെ പ്രോട്ടീനായ RBBP6ഉം തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ സെല്‍ (Cell) മാസികയാണ് പ്രസിദ്ധീകരിച്ചത്. 23 അമിനോ ആസിഡുകള്‍ ചേര്‍ന്ന ചെറിയ പെപ്‌റ്റെഡ് ചെയിന്‍ ആണ് എബോള വൈറസിനെതിരെ പ്രവര്‍ത്തിക്കുക. വൈറസുകളുടെ സാന്നിധ്യം മനുഷ്യനില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഈ ചെറിയ അമിനോ ആസിഡ് വലയത്തിനാകുമെന്നാണ് വിലയിരുത്തല്‍.

”മനുഷ്യകോശങ്ങളില്‍ ഈ പെപ്‌റ്റെട് നിക്ഷേപിക്കുന്നത് വഴി എബോള ഇന്‍ഫെക്ഷനില്‍ നിന്ന് ശരീരത്തെ അകറ്റിനിര്‍ത്താം. RBBP6 പ്രോട്ടീന്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയുന്ന പക്ഷം, ഇരട്ടി വേഗത്തില്‍ എബോള വൈറസ് ശരീരത്തെ ബാധിക്കുമെ”ന്നും ഗവേഷകന്‍ പ്രൊഫ. ജൂഡ് ഹള്‍ട്ട്ക്വിസ്റ്റ് (Judd Hultquist) വ്യക്തമാക്കുന്നു.

എബോള വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നുകളുടെ നിര്‍മാണത്തില്‍ ഈ സാധ്യത പ്രയോജനപ്പെടുത്താമോ എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്. അതുതന്നെയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യമെന്ന് പ്രൊഫ. ജൂഡ് പറയുന്നു

Share this news

Leave a Reply

%d bloggers like this: