റസൂല്‍ പൂക്കുട്ടിയുടെ ‘ദി സൗണ്ട് സ്റ്റോറി’ ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍

ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി നായകനായി തൃശ്ശൂര്‍ പൂരത്തിന്റെ താളമേളാദികള്‍ ഒപ്പിയെടുത്ത ചിത്രം ‘ദി സൗണ്ട് സ്റ്റോറി’ (The Sound Story) 91മത് ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍ ഇടം നേടി. ഒട്ടേറെ ചിത്രങ്ങളെ പിന്തള്ളിയാണ് 347 ചിത്രങ്ങളുടെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചത്. മികച്ച ചിത്രത്തിനുള്ള പരിഗണന പട്ടികയിലേക്കാണ് ദി സൗണ്ട് സ്റ്റോറി മത്സരിക്കുന്നത്.

സ്റ്റോണ്‍ മള്‍ട്ടി മീഡിയയുടെ ബാനറില്‍ രാജീവ് പനക്കല്‍ നിര്‍മിച്ച് പ്രസാദ് പ്രഭാകര്‍ രചനയും സംവിധാനം ചെയ്ത ചിത്രം ഒരു ശബ്ദലേഖകന്റെ ജീവിത യാത്രയാണ് പറയുന്നത്. തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് ചിത്രം ഒരുക്കിയത്. നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോര്‍ഡിങ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെയാണ് തൃശൂര്‍ പൂരം റെക്കോര്‍ഡ് ചെയ്തത്.

മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ രാജും ശരത്തും ചേര്‍ന്നാണ്. അന്ധര്‍ക്ക് കൂടി തൃശൂര്‍ പൂരം അനുഭവേദ്യമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരി 22ന് ഓസ്‌കര്‍ നാമനിര്‍ദേശപട്ടിക പുറത്തു വിടുക. ഫെബ്രുവരി 24നാണ് ഓസ്‌കര്‍ പ്രഖ്യാപനം.

Share this news

Leave a Reply

%d bloggers like this: