സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു; ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്ത്യം

ചെന്നൈ: ചലച്ചിത്ര സംവിധായകനും ഇടത് സഹയാത്രികനുമായ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു മരണം. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലത്തായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ ജനനം. ഭാര്യ:ഡോ.രമണി , മക്കള്‍: പാര്‍വതി, ഗൗതമന്‍. 1992 ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1996 ല്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലെനിന്‍ രാജേന്ദ്രന്റെ കുലം എന്ന സിനിമയ്ക്കായിരുന്നു. 2006-ല്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനും(രാത്രിമഴ) സംവിധാനത്തിനുമുള്ള പുരസ്‌കാരം ലെനിന്‍ രാജേന്ദ്രനായിരുന്നു. 2010 ലെ മികച്ച രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് നേടി.

പ്രധാന സിനിമകള്‍ വേനല്‍ (1981), ചില്ല് (1982), പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യന്‍ (1985), മഴക്കാല മേഘം (1985), സ്വാതി തിരുന്നാള്‍ (1987), പുരാവൃത്തം (1988), വചനം (1989), ദൈവത്തിന്റെ വികൃതികള്‍ (1992) കുലം(1996), മഴ(2000), അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010). ഇടതു സഹയാത്രികനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ രണ്ടു തവണ കെ.ആര്‍ നാരായണന് എതിരെ ഒറ്റപ്പാലം ലോക്‌സഭ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. നിലവില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Share this news

Leave a Reply

%d bloggers like this: