മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വയനാട് ലക്കിടിയിലെ മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു. ഏറ്റുമുട്ടല്‍ നടന്ന റിസോര്‍ട്ടിന്റെ സമീപത്തുള്ള കുളത്തിനടുത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹമുള്ളത്. മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചത് പുലര്‍ച്ചെ 4.30ഓടെയാണ്. വൈത്തിരിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ ഐജി സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

രാത്രി 9 മണിയോടെയാണ് വൈത്തിരി കോഴിക്കോട് റോഡിലെ ഉഭവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് സംഘമെത്തുന്നത്. പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകള്‍ 15 മിനിറ്റോളം റിസോര്‍ട്ടില്‍ തങ്ങിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് റിസോര്‍ട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും തിരികെ വെടിയുതിര്‍ക്കുകയും റിസോര്‍ട്ടിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും ചെയ്തു. തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ പലതവണ വെടിവെപ്പുമുണ്ടായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാവോയിസ്റ്റുകള്‍ പ്രദേശത്ത് വന്ന്പോയിരുന്നതായി നാട്ടുകാര്‍ പറയുന്നു

അടിവാരം, ചുരം നാലാം വളവ്, എഴാം വളവ്, ചിപ്പിലിത്തോട്, കാക്കവയല്‍ വനമേഖല, ചുരത്തിനോട് ചേര്‍ന്നുള്ള പുതുപ്പാടി മട്ടിക്കുന്ന്, മേലേ പരപ്പന്‍പാറ എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന. ഈ പ്രദേശങ്ങളിലും മറുവശത്ത് തുഷാരഗിരി മേഖലയിലും സമീപകാലത്ത് മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. വൈത്തിരിയില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ തിരിച്ചടിയുണ്ടായേക്കുമെന്നും പോലീസ് കണക്ക് കൂട്ടുന്നുണ്ട്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലെന്ന് പോലീസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജലീലിന്റെ സഹോദരന്‍ റഷീദ് മൃതദേഹം തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സംസ്ഥാനത്ത് വടക്കന്‍ മേഖലയുടെ ചുമതലയുള്ള നേതാവാണ് സിപി ജലീല്‍.

ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ വേല്‍മുരുകന്‍ എന്ന മോവോയിസ്റ്റ് നേതാവ് നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് സൂചന. തമിഴ്‌നാട് സ്വദേശിയാണ് വേല്‍മുരുകന്‍. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഏറ്റുമുട്ടലില്‍ മറ്റ് ചില മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കാടുകളിലേക്ക് രക്ഷപ്പെട്ടു.

അതേസമയം ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഏറ്റുമുട്ടലിനിടെ റിസോര്‍ട്ടിന് മുകളിലുള്ള കാട്ടിലേക്ക് രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായാണ് തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. ഇവരില്‍ ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ ഉള്‍ക്കാടുകളിലേക്ക് കടക്കാനാവില്ലെന്നാണ് പോലീസ് നിഗമനം.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വൈത്തിരി ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ഇവര്‍ 50,000 രൂപയും ഭക്ഷണവും ആവശ്യപ്പെടുകയും ഉടമയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ തണ്ടര്‍ബോള്‍ട്ടിനെ വിവരം അറിയിക്കുകയായിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തിയതിനെ തുടര്‍ന്നാണ് വെടിവെയ്പ്പ് നടന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: