ഐറിഷ് ബാക്ക് സ്റ്റോപ്പുമായി ബന്ധപ്പെട്ട അതൃപ്തി: തെരേസ മേയുടെ പുതിയ ബ്രെക്‌സിറ്റ് ഡീലും പാര്‍ലമെന്റ് തള്ളി. രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് ബ്രിട്ടണ്‍.

ഡബ്ലിന്‍: മാര്‍ച്ച് 29 ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പിന്മാറുന്നതിന് മുന്നൊരുക്കമായി തയ്യാറാക്കിയ ഗവണ്‍മെന്റ് ഡീല്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 391 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് കരാര്‍ തള്ളിപ്പോയത്. 242 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.

ഡീല്‍ തൃപ്തികരമല്ലെന്ന് വാദിക്കുന്ന കണ്‍സര്‍വേറ്റീവ് അംഗങ്ങളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഡീലിനെതിരായി വോട്ടു രേഖപ്പെടുത്തി. ജനുവരി 15 ന് നടന്ന സമാനമായ വോട്ടെടുപ്പിലും തെരേസ മേയ് അവതരിപ്പിച്ച ഡീല്‍ പാര്‍ലമെന്റ് തള്ളിയിരുന്നു. 202 നെതിരെ 432 വോട്ടിനായിരുന്നു അന്ന് എംപിമാര്‍ പാര്‍ലമെന്റില്‍ ഡീല്‍ പരാജയപ്പെടുത്തിയത്. ഇതേത്തുടര്‍ന്നു യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ ഡീല്‍ മെച്ചപ്പെടുത്തുന്നതിനായി തെരേസ മേ മാരത്തണ്‍ ചര്‍ച്ചകളാണ് നടത്തിയത്.

ഐറിഷ് ബാക്ക് സ്റ്റോപ്പുമായി ബന്ധപ്പെട്ടാണ് പ്രധാനമായും എം പിമാര്‍ അസംതൃപ്തി പ്രകടിപ്പിക്കുന്നത്. നിയമ പരിരക്ഷയോടെയുള്ള ഉറപ്പ് ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നല്കിയിട്ടുണ്ടെന്ന് തെരേസ മേ പാര്‍ലമെന്റിനെ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ ഭൂരിപക്ഷം എംപിമാരും തയ്യാറായില്ല.

ഇനി രണ്ടു വഴികളാണ് ഗവണ്‍മെന്റിന് മുന്‍പിലുള്ളത്. നേരത്തെ തീരുമാനിച്ച സമയക്രമം പാലിച്ചുകൊണ്ട് നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നോ ഡീലിന് പാര്‍ലമെന്റ് സമ്മതിക്കുന്ന പക്ഷം മാര്‍ച്ച് 29 ന് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ ബന്ധം അവസാനിക്കും. നോ ഡീല്‍ പ്രമേയം പാര്‍ലമെന്റ് തള്ളിയാല്‍ മാര്‍ച്ച് 14 ന് ബ്രെക്‌സിറ്റിനുള്ള സമയപരിധി നീട്ടാനുള്ള അനുമതിക്കായി തെരേസ മേ വീണ്ടും പാര്‍ലമെന്റിനോട് അഭ്യര്‍ത്ഥിക്കും. അനുമതി ലഭിച്ചാല്‍ യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ഡീല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബ്രെക്‌സിറ്റിനുള്ള സമയപരിധി നീട്ടിക്കിട്ടാന്‍ തെരേസ മേ യൂറോപ്യന്‍ പാര്‍ലമെന്റിനെ സമീപിക്കും. പാര്‍ലമെന്റ് അനുമതി നല്‍കാത്ത പക്ഷം മാര്‍ച്ച് 29 ന് യൂറോപ്യന്‍ യൂണിയനുമായി യാതൊരു കരാറും ഉറപ്പിക്കാതെ ബ്രിട്ടണ്‍ പുറത്തുവരും.

ഡികെ

Share this news

Leave a Reply

%d bloggers like this: