അയര്‍ലണ്ടിലെ തൊഴില്‍ നിയമങ്ങളില്‍ അടിമുടി മാറ്റം വരുന്നു: തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസം ആക്കിയേക്കും…

ഡബ്ലിന്‍: അയര്‍ലണ്ടിലെ തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌കരണം കൊണ്ട് വരാനുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ട്രേയ്ഡ് യൂണിയന്‍ ഫോര്‍സെ ആണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഭാവിയില്‍ തൊഴില്‍ ദിനങ്ങള്‍ കുറച്ചുകൊണ്ട് ഉത്പാദന ക്ഷമത ഉയര്‍ത്തുക എന്ന തത്വമാണ് ഇതിന് പിന്നിലുള്ളതെന്ന് ഫോര്‍സ വക്താവ് ജോ ഓ കൊണോര്‍ വ്യക്തമാക്കി.

ദേശീയതലത്തില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറയ്ക്കും. തൊഴില്‍ ദിന പരിഷ്‌കരണം സംബന്ധിച്ച ഫോര്‍സെ യുടെ തീരുമാനം രാജ്യത്തെ മറ്റു തൊഴില്‍ സംഘടനകളുമായി ചര്‍ച്ച നടത്തും. മുഴുവന്‍ ട്രേഡ് യുണിയനുകളെയും ഒന്നിപ്പിച്ച് തൊഴില്‍ നിയമത്തില്‍ ഭേദഗതി കൊണ്ട് വരികയാണ് ലക്ഷ്യം.

ആഴ്ചയില്‍ 4 ദിവസങ്ങളിലായി തൊഴില്‍ ദിനങ്ങള്‍ പരിഷ്‌കരിക്കുന്നത് ഉത്പാദന ക്ഷമത കൂടുന്നതോടൊപ്പം ജീവനക്കാരുടെ ശാരീരിക മാനസിക ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് മാനേജ്മെന്റ് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ 4 ദിവസമായി ചുരുക്കുമ്പോള്‍ ഈ ദിവസങ്ങളിലെ തൊഴില്‍ സമയം ഉയര്‍ത്തേണ്ടി വരുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ആഴ്ചയില്‍ 4 ദിവസം തൊഴില്‍ ദിനങ്ങള്‍ ആക്കികൊണ്ട് ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനാവുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റ്-ടെക്നോളജി സ്ഥാപനങ്ങളെല്ലാം ഈ വിഷയത്തില്‍ നടത്തിയ ഗവേഷണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഫോര്‍സ മുന്നോട്ട് വെയ്ക്കുന്ന തൊഴില്‍ നിയമം. ആഴ്ചയില്‍ 4 ദിവസം മാത്രം തൊഴില്‍ ദിവസമാക്കി മാറ്റിയ ന്യൂസിലന്‍ഡിലെ ടെക്നോളജി സ്ഥാപനങ്ങള്‍ നടത്തിയ പരീക്ഷണങ്ങള്‍ ഉത്പാദന രംഗത്ത് വന്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചതായി ഫോര്‍സ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ നെതെര്‍ലാന്റ്‌സിലും ഇത്തരം ഒരു പരീക്ഷണം വിജയം കണ്ടിരുന്നു. ജര്‍മനിയും ഇതേ പാതയില്‍ തന്നെയാണ്.

യൂറോപ്പിലെ രാജ്യങ്ങള്‍ എല്ലാം തന്നെ തൊഴില്‍ ദിനങ്ങള്‍ കുറക്കുന്ന തൊഴില്‍ നിയമങ്ങള്‍ക്ക് അനുകൂല നിലപാട് എടുത്തുവരികയാണ്. അയര്‍ലണ്ടില്‍ തൊഴില്‍ ദിനങ്ങള്‍ 4 ദിവസമായി അനുവദിക്കുന്ന നിയമം കൊണ്ട് വരാന്‍ യൂറോപ്യന്‍ യുണിയനെയും സമീപിക്കാനിരിക്കുകയാണ് ഫോര്‍സ.

ഡികെ

Share this news

Leave a Reply

%d bloggers like this: