തെരേസക്ക് താത്കാലിക ആശ്വാസം; ബ്രെക്സിറ്റ്‌ നടപടികൾക്ക് മേയ് 22 വരെ സമയം നീട്ടി; ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം

ലണ്ടൻ: ബ്രെക്സിറ്റിന്റെ അവസാനഘട്ട നടപടികൾക്ക് മേയ് 22 വരെ സമയം അനുവദിക്കാൻ യൂറോപ്യൻ കൗൺസിലിന്റെ അംഗീകാരം. ഇനിയുള്ള ദിവസങ്ങൾ ബ്രിട്ടന് നിർണ്ണായകമാണെങ്കിലും താത്കാലികമായി ആശ്വാസം ലഭിക്കുന്ന നടപടിയാണ് യൂണിയൻ കൈക്കൊണ്ടത്. ബ്രെക്സിറ്റ്‌ നടപടികളുമായി മുന്നോട്ട് പോകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തെരേസ മേയ് യൂണിയനെ സമീപിച്ചിരുന്നു. ഇതിന്റെ വിഷധാംശങ്ങൾ പരിശോധിച്ച യൂറോപ്യൻ കൗൺസിൽ മേയ് 22 വരെ സമയം അനുവദിച്ചു.

ഏപ്രിൽ 12-ന് യു.കെ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചില്ലെങ്കിൽ ഏറ്റവും അവസാനം മേയ്-22 വരെ ബ്രെക്സിറ്റ്‌ അവസാനഘട്ട നടപടികൾ പൂർത്തിയാക്കാൻ തെരേസക്ക് യൂണിയൻ അനുവാദം നൽകി. നിലവിൽ തുടരുന്ന നോ ബ്രെക്സിറ്റ്‌ ഡീൽ യു.കെയിൽ വൻ പ്രധിഷേധങ്ങളാണ് അഴിച്ചുവിടുന്നത്. യൂണിയനിൽ നിന്ന് വിട്ടുനിൽക്കാൻ ബ്രിട്ടനിൽ ആലോചന തുടങ്ങിയ സമയത്ത് കൂടെ നിന്നവർ എല്ലാം ഓരോന്നായി വിട്ടു നിന്നത് തെരേസക്ക് വൻ തിരിച്ചടിയാണ് സമ്മാനിച്ചത്.

ബ്രെക്സിറ്റിന്റെ മുഴുവൻ ഭാരവും ഒറ്റയടിക്ക് മുന്നോട്ട് കൊണ്ടുപോകാൻ തെരേസക്ക് കഴിയാതെ പോയത് ബ്രെക്സിറ്റ്‌ നടപടികൾ അനന്തമായി നീട്ടികൊണ്ട് പോവുകയായിരുന്നു. വ്യക്തമായ ആസൂത്രണമില്ലായ്മ ബ്രെക്സിറ്റിൽ നിഴലിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഹൌസ് ഓഫ് കമെൻസിൽ തെരേസയുടെ ബ്രെക്സിറ്റ്‌ പ്രമേയങ്ങൾ പരാജയപ്പെട്ടതോടെ കൂടുതൽ സമയം അനുവദിക്കാൻ യുണിയനോട് ആവശ്യപ്പെടുക മാത്രമായിരുന്നു തെരേസ മെയ്‌യുടെ മുന്നിലുള്ള ഏക പോംവഴി.

ആദ്യഘട്ടത്തിൽ ബ്രെക്സിറ്റ്‌ നടപ്പാക്കണോ വേണ്ടയോ എന്നറിയാൻ യു.കെ നടത്തിയ ഹിതപരിശോധന വിജയം കണ്ടെങ്കിലും തുടർനടപടികളിൽ വ്യക്തതയില്ലായ്മ ബ്രിട്ടീഷ് ജനതയെ കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തത്. രണ്ടാമതൊരു ഹിതപരിശോധന കൂടി വേണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിൽ വൻ പ്രധിഷേധങ്ങളാണ് നടന്നുവരുന്നത്. ബ്രെക്സിറ്റ്‌ എന്ന ഒറ്റക്കാര്യത്തെചൊല്ലി തെരേസ മെയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന ജന പിന്തുണയിൽ വൻ തോതിൽ ഇടിവ് വന്നുകഴിഞ്ഞു.

യൂണിയനിൽ നിന്നും പടിയിറങ്ങാനുള്ള നടപടിയിൽ യു.കെ പാർലിമെന്റ് രണ്ടു തട്ടിലെത്തിയത് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ പ്രതിസന്ധികൾ ഉണ്ടാക്കി. എന്തുവന്നാലും ബ്രെക്സിറ്റിന്റെ അവസാനഘട്ട നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തെരേസ യൂണിയനെ സമീപിച്ചിരുന്നു. ഇതിന്റെ ബാക്കി നടപടികൾക്കായി മേയ് 22 വരെ സമയം അനുവദിക്കാൻ യൂണിയൻ തീരുമാനമെടുക്കുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: