ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ നീണ്ടകാലയളവ് അനുവദിച്ചു: വരേദ്കറിനും, മെക്രോണിനും വിയോജിപ്പ്

ലണ്ടന്‍ : ബ്രെക്‌സിറ്റ് നീട്ടാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ നീണ്ട കാലാവധി അനുവദിച്ചെങ്കിലും യുകെ യുടെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. ബ്രെക്‌സിറ്റ് നടപടികള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ മേ യൂണിയനോട് കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. വരുന്ന ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ച് കൊണ്ട് കഴിഞ്ഞ ദിവസം നടന്ന ബ്രെസ്സല്‍സ് സമ്മേളനത്തില്‍ യൂണിയന്‍ ഉത്തരവ് ഇറക്കിയതോടെ ബ്രെക്‌സിറ്റ് അകാരണമായി നീണ്ടു പോകുമെന്ന ഭീതിയിലാണ് ബ്രിട്ടീഷ് ജനത.

കണ്‍സേര്‍വേറ്റീവ് അംഗങ്ങള്‍ കയ്യൊഴിഞ്ഞതോടെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണതേടി മേ, ജെര്‍മി കോര്‍ബിനുമായി ചര്‍ച്ച നടത്തിയിരുന്നു. യു.കെ കസ്റ്റംസ് യൂണിയന്റെ ഭാഗമായി തുടരണമെന്ന ജെര്‍മിയുടെ അഭിപ്രായം തെരേസ അംഗീകരിച്ചതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ബ്രെക്‌സിറ്റ് അനന്തമായി നീണ്ടുപോകുന്നതോടെ വരാനിരിക്കുന്ന യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ ബ്രിട്ടനും ഇതിന്റെ ഭാഗമായേക്കും. ബ്രെക്‌സിറ്റ് കാലാവധി നീട്ടിനല്‍കുന്നതിനോട് ഫ്രാന്‍സും, അയര്‍ലണ്ടും വിയോജിപ്പ് പ്രകടിപ്പിച്ചു.

ബ്രെക്‌സിറ്റ് നീണ്ട കാലത്തേക്ക് നീട്ടിവെയ്ക്കുന്നത് അയര്‍ലണ്ടിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വരേദ്കറിന്റെ അഭിപ്രായം. കൂടുതല്‍ സമയം എടുത്താലും തെരേസക്ക് നിലവിലെ കാലയളവില്‍ ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയും ഉടലെടുക്കുന്നുണ്ട്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ തുടരുന്നതിനിടെ സ്റ്റര്‍ലിംഗ് മൂല്യം ഇടിയാനുള്ള സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ തെരേസയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കാനുള്ള പ്രവര്‍ത്തങ്ങളും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതായി യു.കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ബ്രെക്‌സിറ്റ് അനിശ്ചിതത്വം തുടരുന്നതോടെ രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളും യു.കെ യില്‍ ശക്തമായി തുടരുകയാണ്. ആദ്യത്തെ ഹിതപരിശോധന കഴിഞ്ഞ് വര്‍ഷം മൂന്ന് ആയിട്ടും ബ്രിട്ടീഷ് സര്‍ക്കാര്‍ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തം പാര്‍ട്ടി കടുത്ത ബ്രെക്‌സിറ്റ് ആവശ്യപ്പെട്ടതോടെ തെരേസ രൂപപ്പെടുത്തിയ മൃദു ബ്രെക്‌സിറ്റ് സമീപനം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെടുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: