തരൂരിന്റെ പുസ്തകത്തിലെ നായര്‍ വിരുദ്ധ പരാമര്‍ശം: കോടതി നടപടികളിലേക്ക് നീങ്ങി പരാതിക്കാര്‍…

തിരുവനന്തപുരം: ശശി തരൂരിന്റെ പുസ്തകത്തിലെ നായര്‍ സമുദായ വിരുദ്ധ പരാമര്‍ശത്തിനെതിരെ പരാതിക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഒരു സമുദായത്തെ മുഴുവന്‍ അപമാനിക്കുകയും സ്വാഭിമാന ഹാനി വരുത്തുകയും ചെയ്ത തരൂര്‍, പുസ്തകമോ പുസ്തകത്തിലെ ഭാഗമോ പിന്‍വലിച്ച് തെറ്റു പറ്റിയതായി പത്രപരസ്യം ചെയ്തില്ലെങ്കില്‍ നിയമ നടപടിക്കു പോകുമെന്ന നിലപാടിനോട് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണിത്.

തരൂരിന്റെ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ പുസ്തകത്തിലാണ് നായര്‍ സമുദായത്തിലെ സ്ത്രീകളെക്കുറിച്ച് തുറന്നെഴുത്ത് നടത്തിയിരിക്കുന്നത്. ഇത് പലരും ചൂണ്ടിക്കാട്ടിയിട്ടും അത് തെറ്റാണെന്ന് സമ്മതിക്കാന്‍ തയാറാകാതെ ന്യായീകരിക്കുകയായിരുന്നു തരൂര്‍. പഴയകാലത്തെ നായര്‍ സ്ത്രീകളുടെ വൈവാഹിക ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു വിവാദത്തിന് വഴിയൊരുക്കിയത്. പണ്ടെല്ലാം നായര്‍ സമുദായത്തില്‍ ലൈംഗിക അരാജകത്വം ഉണ്ടായിരുന്നതായി തരൂര്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

വിവാഹിതകളായ നായര്‍ സ്ത്രീകളുടെ മുറിക്കു പുറത്ത്, ചെരുപ്പഴിച്ചു വെച്ചിട്ടില്ലെങ്കിലേ സ്വന്തം ഭര്‍ത്താവു പോലും ഉള്ളില്‍ കടക്കുമായിരുന്നുള്ളു. പരപുരുഷന്മാര്‍ അകത്തുണ്ടെന്ന് അറിയിക്കാന്‍ മുറിക്കുപുറത്ത് ചെരുപ്പ് അഴിച്ചുവെക്കുന്നതായിരുന്നു അടയാളം തുടങ്ങിയ വിവരണങ്ങളാണ് പുസ്തകത്തില്‍. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാസ്തവവും ചരിത്രവുമാണെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം സ്വദേശി സന്ധ്യാ ശ്രീകുമാര്‍, അഡ്വ. സുപ്രിയാ ദേവയാനി മുഖേന തരൂരിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

പുസ്തകത്തിലെ പരാമര്‍ശം തെറ്റായെന്ന് ഖേദം പ്രകടിപ്പിക്കണമെന്നും പുസ്തകം പിന്‍വലിക്കുന്നതടക്കം നടപടിവേണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ തരൂര്‍ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതി നടപടികളിലേക്ക് നീങ്ങുന്നത്.

Share this news

Leave a Reply

%d bloggers like this: