Tuesday, May 26, 2020

തെരെഞ്ഞെടുപ്പ് സര്‍വേകളില്‍ അട്ടിമറി ശ്രമമോ? ഏഷ്യാനെറ്റ് സര്‍വ്വേയിലെ രഹസ്യം തുറന്ന് പറഞ്ഞ് ശ്യാംലാല്‍…

Updated on 18-04-2019 at 8:17 pm

Share this news

തിരുവനന്തപുരം: ബി.ജെ.പി എം.പി ആയ രാജീവ് ചന്ദ്രശേഖറുടെ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേഫലങ്ങളില്‍ അട്ടിമറി ശ്രമം നടന്നതായി തുറന്നു പറയുകയാണ് മാധ്യമപ്രവര്‍ത്തകനായ ശ്യാംലാല്‍. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി സര്‍വേ ഫലത്തിലൂടെ തങ്ങള്‍ ഉദ്ദേശിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആധിപത്യം നേടിക്കൊടുക്കാനുള്ള അട്ടിമറി ശ്രമങ്ങളാണ് ചില ചാനലുകള്‍ നടത്തുന്നതെന്ന് ഏഷ്യാനെറ്റിനെ മുന്‍ നിര്‍ത്തിക്കൊണ്ട് ശ്യാം തുറന്നടിക്കുന്നു. സര്‍വേ ഫലങ്ങളില്‍ അട്ടിമറി നടന്ന 2 മണ്ഡലങ്ങളായി സൂചിപ്പിക്കുന്നത് തിരുവനന്തപുരവും പത്തനംതിട്ടയുമാണ്.

രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പി ക്ക് മുന്‍തൂക്കം ലഭിച്ചേക്കുമെന്നാണ് സര്വേഫലങ്ങള്‍. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ 40 ശതമാനം വോട്ട് നേടുമെന്നാണ് ഏഷ്യാനെറ്റ് എ ഇസഡ്ഡ് സര്‍വ്വേഫലങ്ങള്‍ നല്‍കുന്ന സൂചന. പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ ചെറിയ വ്യത്യാസത്തില്‍ രണ്ടാമത് എത്തിയേക്കുമെന്നും അഭിപ്രായ സര്‍വേയില്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ്സിനുള്ളിലെ പടലപ്പിണക്കം തിരുവനന്തപുരത്ത് ശശി തരൂരിനും, പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കും വന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫ് ന്റെ വിജയസാധ്യത മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റി ബി.ജെ.പി യെ ഒന്നാം സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാന്‍ വ്യാജ സര്‍വേ ഫലങ്ങളിലൂടെ ശ്രമം നടത്തിയതായി ശ്യാംലാല്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍വര്‍ഷങ്ങളില്‍ എല്‍.ഡി.എഫ് വന്‍ മുന്നേറ്റം നടത്തിയ മണ്ഡലങ്ങളില്‍ ഈ തെരഞ്ഞെടുപ്പിലും അത് തന്നെ ആവര്‍ത്തിക്കാനും സാധ്യത നിലനില്‍ക്കുമ്പോഴും പാര്‍ട്ടിയെ പിന്നോട്ടടുപ്പിക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമങ്ങള്‍ സര്‍വേഫലങ്ങളിലൂടെ നടന്നുവരികയാണെന്നും ആക്ഷേപം ഉയരുകയാണ്. ബി.ജെ.പി യിലെ ചില ബുദ്ധികേന്ദ്രങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് വോട്ട് നേടുന്നതിന്റെ ഭാഗമാണ് സര്‍വേഫലത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്.

അഭിപ്രായ സര്‍വേയിലെ പൊള്ളത്തരങ്ങള്‍ക്ക് നല്ലൊരു ഉദാഹരണമാണ് ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ്. ഇവിടെ ഇടതിന്റെ സജി ചെറിയാന്‍ മൂന്നാം സ്ഥാനത്തായിരിക്കും എന്നായിരുന്നു സര്‍വേ ഫലം. എന്നാല്‍ സജി ചെറിയാന്‍ വിജയക്കൊടി പാറിക്കുന്ന കാഴ്ചയാണ് ചെങ്ങന്നൂരില്‍ കാണാന്‍ കഴിഞ്ഞത്. ഏഷ്യാനെറ്റ് സര്‍വേയില്‍ തൃശ്ശൂരില്‍ ടി.എന്‍ പ്രതാപനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ പ്രതാപന്റെ വോട്ടുകള്‍ കൂടി ചോര്‍ത്താന്‍ ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് കഴിയുന്ന സാഹചര്യമാണ് തൃശ്ശൂരില്‍ നിലനില്‍ക്കുന്നത്.

സര്‍വേയിലെ മറ്റൊരു പ്രവചനം കോഴിക്കോട് എം.കെ രാഘവന്റെ വിജയ സാധ്യത ആണ്. ഒളിക്യാമറ വിവാദത്തില്‍ കുടുങ്ങിയ സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന സര്‍വേഫലവും അത്ര വിശ്വസനീയമല്ലെന്ന് ഊന്നിപ്പറയുകയാണ് ശ്യാംലാല്‍. മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം ഒത്തുകളിക്ക് കൂട്ടുനില്‍ക്കുന്നില്ലെങ്കിലും മീഡിയ മാനേജുമെന്റുകളും, സര്‍വേ നടത്തുന്ന ഏജന്‍സികളും തമ്മിലുള്ള കരാറുകളാണ് ഈ അട്ടിമറികള്‍ക്ക് പുറകിലെന്നും ആക്ഷേപമുണ്ട്. മാധ്യമങ്ങള്‍ പുറത്തുവിട്ട അഭിപ്രായ സര്‍വേകള്‍ തികഞ്ഞ തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ 8 നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു പ്രവചനവും പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഇത്തരത്തിലുള്ള ഒരു പരിപാടിയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. ഇത്തരമൊരു തെരെഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമം ലംഘിച്ച മാധ്യമങ്ങള്‍ക്ക് നിയമ നടപടിയും നേരിടേണ്ടി വന്നേക്കാം.

ഡികെ

comments


 

Other news in this section
WhatsApp chat