ജോയിസ് ജോര്‍ജ് എം.പി-യുടെ മൂവാറ്റുപുഴ ഹൈടെക് ബസ് ഷെല്‍ട്ടറിനെതിരെയുള്ള ആരോപണങ്ങളെ പൊളിച്ചടുക്കി സജി ജോര്‍ജിന്റെ ഫേസ്ബുക് വീഡിയോ വൈറലാകുന്നു…

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് ആധുനിക രീതിയില്‍ പണിതീര്‍ത്ത ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്ക് തടയിട്ട് സജി ജോര്‍ജിന്റെ ഫേസ്ബുക് വീഡിയോ വൈറലാകുന്നു. ബസ് യാത്രക്കാര്‍ക്ക് പാതയോരത്തെ കാത്തിരിപ്പിന്റെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ജോയ്സ് ജോര്‍ജ് എംപി ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ആധുനിക ബസ് ഷെല്‍ട്ടറിനെതിരെയായിരുന്നു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയത്. തെരെഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന ഇടുക്കി നിയോജകമണ്ഡലത്തിലെ വിജയ സാധ്യതയില്‍ മത്സരിക്കുന്ന ജോയിസ് ജോര്‍ജിന്റെ ജനപ്രീതി കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എതിര്‍പാര്‍ട്ടികളാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത്.

ശക്തമായ മഴ പെയ്തപ്പോള്‍ ബസ് കാത്തു നില്‍പ് കേന്ദ്രത്തിന്റെ അപാകത കൂടുതല്‍ വ്യക്തമായി എന്നതരത്തിലായിരുന്നു വ്യാജ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നത്. ബസ് കാത്തു നില്‍പ് കേന്ദ്രത്തിലുണ്ടായിരുന്ന യാത്രക്കാര്‍ മുഴുവന്‍ കുട ചൂടി നില്‍ക്കേണ്ടിവന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ശക്തമായ കാറ്റും മഴയും ഉള്ളപ്പോഴും യാതൊരു തരത്തിലും അസൗകര്യമില്ലാതെ യാത്രക്കാര്‍ ഈ ബസ് ഷെല്‍ട്ടറില്‍ നില്‍ക്കുന്ന കാഴ്ചയാണ് സജി ജോര്‍ജ് ഫേസ്ബുക് വഴി പങ്കുവെയ്ക്കുന്നത്.

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തില്‍ ബസ് ഷെല്‍ട്ടറിന്റെ മേല്‍ക്കൂരയുടെ ഉയരം കൂടിയതാണ് പരാതിക്കാരെ ചൊടിപ്പിച്ചത്. നിര്‍മാണഘട്ടത്തില്‍ രൂപരേഖ എംപി അറിയാതെ മാറ്റിയെന്നാരോപിച്ച് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംപി കലക്ടര്‍ക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ രൂപരേഖയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നു വ്യക്തമാക്കി കരാറുകാരന്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

ബസ് കാത്തു നില്‍പ് കേന്ദ്രത്തിന്റെ തൂണുകളോട് ചേര്‍ന്ന് ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കാഴ്ച്ചയില്‍ മഴയും വെയിലും ഷെല്‍ട്ടറിനുള്ളില്‍ പതിക്കുമെന്ന് തോന്നലുണ്ടാക്കുംവിധമാണ് നിര്‍മ്മാണമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ യാത്രക്കാര്‍ക്ക് ആശ്വാസകരമായ കാത്തിരുപ്പ് കേന്ദ്രമാണെന്ന് സജി ജോര്‍ജിന്റെ ഫേസ്ബുക് വീഡിയോ തെളിയിക്കുന്നുണ്ട്. മൂവാറ്റുപുഴ നഗര വികസനത്തിന് പുതുമയേകിയാണ് കച്ചേരിത്താഴത്ത് ഹൈടെക് ബസ് ഷെല്‍ട്ടര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

റോഡ് വീതികൂട്ടി നവീകരിച്ച് നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കി നിര്‍മ്മിച്ച ഈ ബസ് ഷെല്‍ട്ടര്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. മഴയും വെയിലുമേല്‍ക്കാത്തവിധം ആധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച മേല്‍ക്കൂരയോടു കൂടിയ ഈ ബസ് ഷെല്‍ട്ടര്‍ കാഴ്ചയിലും കൗതുകമുണര്‍ത്തുന്നു.

Share this news

Leave a Reply

%d bloggers like this: