മോഹന്‍ലാല്‍ സംവിധായകനാകുന്നു; ‘ബറോസ്’ എന്ന പേരില്‍ 3Dയില്‍ ഒരു ലോകസിനിമ…

മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു. പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ബറോസ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ തയ്യാറാകുന്നത്. ‘അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണം എന്നാണ് എന്റെ സ്വപ്നം…’- ലാല്‍ തന്റെ ബ്ലോഗില്‍ പറഞ്ഞു.

മുമ്പ് താനും ടികെ രാജീവ് കുമാറും ചേര്‍ന്ന് ഒരു 3D സ്റ്റേജ് ഷോ നടത്തണമെന്ന് ആലോചിച്ചിരുന്നെന്നും അതിനു വേണ്ടിവരുന്ന ഭീമമായ തുക ചെലവിടാന്‍ കഴിയില്ലായെന്നതിനാല്‍ പിന്‍വാങ്ങുകയായിരുന്നെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അന്നത്തെ ആലോചനയാണ് ഇന്ന് മറ്റൊരു വിധത്തില്‍ സഫലമാകാന്‍ പോകുന്നതെന്ന് ലാല്‍ പറഞ്ഞു.

കഥയെക്കുറിച്ചുള്ള ചെറിയ സൂചനയും മോഹന്‍ലാല്‍ നല്‍കുന്നുണ്ട്: ”…ഒരു മലബാര്‍ തീരദേശ മിത്ത്. (Barroz – Guardian of D’ Gama’s Treasure). പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷമായി അയാളത് കാത്തു സൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാള്‍ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് കഥ.”

ഇതേവരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ വെമ്പുന്ന ഒരു മനസ്സാണ് തന്റേതെന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു. ഇന്ത്യയിലെ ആദ്യ 3D സിനിമ സംവിധാനം ചെയ്ത ജിജോ (നവോദയ) യാണ് ഈ സിനിമയ്ക്ക് കഥയെഴുതിയതെന്നും ലാല്‍ വിശദീകരിച്ചു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ മുതലുള്ള ബന്ധമാണ് ജിജോയുമായി തനിക്കുള്ളതെന്നും ലാല്‍ പറഞ്ഞു.

ഗോവയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്. നിരവധി വിദേശ താരങ്ങളെ സിനിമയ്ക്ക് ആവശ്യമായി വരും. ഇതിനുള്ള അന്വേഷണം തുടങ്ങിയതായി ലാല്‍ പറഞ്ഞു. കുട്ടിയായി അഭിനയിക്കുന്നയാളും വിദേശിയായിരിക്കും. ഇതൊരു തുടര്‍ സിനിമയായിട്ടായിരിക്കും സൃഷ്ടിക്കപ്പെടുക. തന്റേത് ഒരു ‘ലോകസിനിമ’യായിരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

Share this news

Leave a Reply

%d bloggers like this: