ജീവന് ഭീഷണിയായി വിഷത്തവളകള്‍: ഫ്‌ളോറിഡക്കാര്‍ ഭയത്തിലാണ്…

ഫ്‌ലോറിഡ: വിഷത്തവളകള്‍ ജനങ്ങള്‍ക്ക് ഭീതി സൃഷ്ടിക്കുന്നു. തെക്കന്‍ ഫ്ലോറിഡയിലാണ് ജനങ്ങളുടെ ജീവിതത്തെ തന്നെ ഇവയുടെ പെരുകല്‍ ബാധിച്ചിരിക്കുന്നത്. കിഴക്കന്‍ മിയാമിക്ക് സമീപമുള്ള പാം ബീച്ച് ഗാര്‍ഡന്‍സിലാണ് ആഴ്ചകള്‍ക്കു മുന്‍പ് ഈ തവളകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സമീപ പ്രദേശമാകെ ഇത് വ്യാപിക്കുകയായിരുന്നു. കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ജീവന്‍ തന്നെ അപകടത്തിലാക്കുകയാണ് ഇവയുടെ പെരുകല്‍ എന്നാണ് അധികൃതര്‍ പറയുന്നത്.

ഈ തവളകളുടെ ശരീരത്തില്‍ നിന്ന് വരുന്ന കൊഴുപ്പ് ദ്രാവകമാണ് മനുഷ്യനുള്‍പ്പെടെയുള്ള ജീവികളുടെ ജീവന് അപകടമാകുന്നത്. ബഫോ എന്ന പേരിലറിയപ്പെടുന്ന വിഷമുള്ള ഗണത്തില്‍ പെട്ടവയാണ് ഈ തവളകള്‍. കെയ്ന്‍ റ്റോഡ്സ് എന്ന പേരിലും അറിയപ്പെടുന്ന ഇവ അമേരിക്കയിലെ പ്രാദേശിക ജീവികളല്ല. തവളകളെ ചവിട്ടാതെ പലയിടങ്ങളിലും നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ഫ്‌ളോറിഡയില്‍. ഇവയുടെ തലയില്‍ നിന്നു പുറത്തേക്കു വരുന്ന ദ്രവരൂപത്തിലുള്ള വസ്തുവിലാണ് വിഷാംശമുള്ളത്. കയ്യിലെടുക്കുമ്പോഴോ അല്ലെങ്കില്‍ തങ്ങള്‍ക്കു ഭീഷണിയാണെന്നു തോന്നുന്ന സന്ദര്‍ഭത്തിലോ ആണ് ഇവ ഈ സ്രവം ഉല്‍പാദിപ്പിക്കുന്നത്.

മുതിര്‍ന്ന മനുഷ്യരില്‍ ഇത് പൊള്ളലും കണ്ണിനു നീറ്റലുമുണ്ടാക്കും. അതേസമയം കുട്ടികള്‍ക്കും പൂച്ചകളെയും പട്ടികളെയും പോലുള്ള ചെറിയ വളര്‍ത്തു മൃഗങ്ങള്‍ക്കും ഈ വിഷം ജീവനു തന്നെ അപകടം സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. 1955-ലാണ് ഇവ ഫ്ലോറിഡയില്‍ എത്തുന്നത്. തവളകളെ വളര്‍ത്തുന്നവര്‍ക്കായി വില്‍പനയ്ക്കു കൊണ്ടു വന്ന ഇടനിലക്കാരിലൊരാള്‍ അറിയാതെ നൂറോളം തവളകളെ സ്വതന്ത്രമാക്കിയിരുന്നു. അനുകൂല സാഹചര്യം ലഭിച്ചതോടെ ഫ്ലോറിഡയിലെ ചതുപ്പുകളില്‍ ഇവ പെറ്റുപെരുകുകയാണുണ്ടായതെന്ന് ഫ്ലോറിഡ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: