Friday, September 25, 2020

കരുതിയിരിക്കുക; അടുത്ത കൂട്ടക്കുരുതി ഏത് ദേവാലയത്തില്‍…

Updated on 28-04-2019 at 11:03 am

Share this news

ഐ.എസ്സിന്റെ ഭീകരാക്രമണങ്ങളില്‍ ഏറ്റവും നീചമായ നരവേട്ടയാണ് കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അരങ്ങേറിയത്. ക്രിസ്തുമത വിശ്വാസത്തിന് എതിരെയുള്ള യുദ്ധത്തിലെ ഏറ്റവും അവസാനത്തേതാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിനത്തില്‍ അവര്‍ നടപ്പാക്കിയത്. ആഘോഷത്തിന്റെയും വിശ്വാസത്തിന്റെയും ദിനത്തിലെ അതി ക്രൂരതക്ക് സാക്ഷ്യം വഹിച്ച ശ്രീലങ്ക ഇപ്പോഴും ഞെട്ടലില്‍ നിന്നും കരകയറിയിട്ടില്ല. അതിലുപരി ഈ ദ്വീപ് ജനതയെ അങ്ങേയറ്റം വേദനിപ്പിച്ചത് സ്വന്തം മണ്ണില്‍ നിന്നും ഉണ്ടായ തിരിച്ചടിയാണ്.

ഈസ്റ്റര്‍ ദിനത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 350 ഓളം ആളുകളെ കൊലപ്പെടുത്തിയ ഭീകരതയുടെ വേരുകള്‍ സ്വന്തം രാജ്യത്ത് തഴച്ച് വളരുന്നത് കാണാന്‍ ശ്രീലങ്കക്ക് കഴിയാതെ പോയി. സര്‍ക്കാര്‍ തലത്തില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ നടന്നുകൊണ്ടിരുന്നത് ഭീകരര്‍ക്ക് അനുകൂല സാഹചര്യമൊരുക്കി. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ആക്രമണങ്ങള്‍ നടന്നേക്കാമെന്ന ഇന്ത്യയുടെ മുന്നറിയിപ്പും അവര്‍ കാര്യമാക്കിയില്ല.

യൂറോപ്പില്‍ മാത്രം പിടിമുറുക്കിയ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന ഏഷ്യന്‍ രാജ്യങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ശ്രീലങ്കന്‍ സ്ഫോടനം. വ്യക്തിത്വത്തിന് അപ്പുറത്തേക്ക് മതത്തെ കൊണ്ടെത്തിച്ച് സ്വന്തം മതത്തില്‍ നിന്നും വിഭിന്നമായത് എന്തും നശിപ്പിക്കാനുള്ള ത്വരയും വളര്‍ന്നുവരുന്നതാണ് തീവ്രവാദം. ശ്രീലങ്കയില്‍ ഐ.എസ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത്ത് ജമാഅത്തെ എന്ന സംഘടനയിലെ അംഗങ്ങളാണ് ചാവേറുകളായി വേഷമിട്ടത്. ഉയര്‍ന്ന വിദ്യാഭയസവും സമ്പന്നമായ ചുറ്റുപാടുകളും ഉണ്ടായിരുന്നിട്ടും ഇടുങ്ങിയ മത ചിന്തകള്‍ ഇവരെ തീവ്രവാദികളാക്കി.

മത ചിന്തയില്‍ മുഴുകി നരവേട്ട നടത്തിയ ഇവര്‍ കുടുംബത്തിലോ സമൂഹത്തിലോ യാതൊരു തീവ്ര ചിന്തകളും പുലര്‍ത്തിയിരുന്നില്ല എന്നതും ഏറെ അത്ഭുതകരമാണ്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ഉത്തരാധിത്വം ഐ.എസ് ഏറ്റെടുത്തതോടെ ആശങ്കകള്‍ വര്‍ധിക്കുകയാണ്. ശ്രീലങ്കയില്‍ 8 ഇടങ്ങളില്‍ നടത്തിയ സ്പോടനങ്ങളില്‍ മതിവരാതെ ഇനിയും ചാവേറുകള്‍ പലയിടങ്ങളിലുമായിട്ട് ഉണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. തീവ്രവാദികള്‍ ഇനിയും രാജ്യത്ത് ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സേന വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഒരു സംഘം ആളുകള്‍ സേനക്ക് എതിരെ വെടി ഉതിര്‍ത്തതോടെ ശ്രീലങ്കയില്‍ ഭീകരുരുടെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്ന് സ്ഥിരീകരിച്ചു.

സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 ആളുകളാണ് കൊല്ലപ്പെട്ടത്. നീണ്ടകാലത്തെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും മുക്തി നേടി ടൂറിസത്തിന്റെ സാദ്ധ്യതകള്‍ ശ്രീലങ്ക പ്രയോജനപ്പെടുത്തി വരുന്നതിനിടെയാണ് സ്ഫോടന പരമ്പരകള്‍ അരങ്ങേറിയത്. ക്രിസ്ത്യന്‍ വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ രൂപീകരിക്കപ്പെട്ട ഐ.എസ്സിന് എല്ലായിടത്തും വേരുകള്‍ ഉണ്ടെന്നതിന്റെ തെളിവ് ആണ് കഴിഞ്ഞ ദിവസത്തെ കൂട്ടക്കൊല. എവിടെയും ഏത് രൂപത്തിലും ഭീകരര്‍ കടന്നു വന്നേക്കാമെന്ന ഭീതിയിലാണ് ലോക രാജ്യങ്ങള്‍.

ശ്രീലങ്കയില്‍ ഇത്രയും വലിയൊരു കൂട്ടക്കൊല നടന്നിട്ടും അതിന് ലോക മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്കിയില്ലെന്നതും വസ്തുതയാണ്. ചുരുക്കം ചില ലോക നേതാക്കള്‍ മാത്രമാണ് ശ്രീലങ്കയെ അനുശോചനം അറിയിച്ചത്. അയര്‍ലണ്ടില്‍ പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് ആക്രമണത്തെ അപലപിച്ചിരുന്നു. ക്രിസ്ത്യന്‍ വിശ്വാസത്തിന് എതിരെ നടന്ന കൂട്ടകുരുതിയാണ് ശ്രീലങ്കയില്‍ നടന്നതെന്ന് തുറന്ന് പറയാന്‍ ഐറിഷ് പ്രസിഡന്റ് മറന്നില്ല. എന്നാല്‍ ഫിനഗേല്‍ നേതാവും പ്രധാനമന്ത്രിയുമായ ലിയോ വരേദ്കര്‍ പ്രതികരണം നടത്തിയില്ലെന്നതും ഏറെ കൗതുകകരമാണ്. ജിഹാദി വധുവിനെ നാട്ടിലെത്തിക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവം കൂട്ടക്കൊല നടന്നപ്പോള്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ് .

ഇന്ത്യയില്‍ ഭീകരവിരുദ്ധ സേനയായ നാഷണല്‍ ഇന്‍വിസ്റ്റിഗേഷന്‍ എന്‍സിയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ശ്രീലങ്കയിലെ തൗഹീത്ത് ജമാഅത്തിന് തമിഴ്‌നാട്ടിലും വേരുകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്ത് കൊളംബോയില്‍ ഇവര്‍ക്ക് പരിശീലനം നല്കിയിട്ടുണ്ടെന്നുള്ള വിവരവും എന്‍.ഐ.എ ശ്രീലങ്കയെ അറിയിച്ചിരുന്നു.

ശ്രീലങ്കന്‍ സേന ഈ അറിയിപ്പില്‍ കാണിച്ച നിഷ്‌ക്രീയത്വമാണ് ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കൊല വരെ കൊണ്ടെത്തിച്ചതെന്ന് അഭ്യൂഹങ്ങള്‍ ഉയരുകയാണ്. ഇതിനിടെ ഇസ്ലാം മത പ്രസംഗികനായ സാക്കിര്‍ നായിക്കിന്റെ പരാമര്‍ശവും ഭീകരവാദത്തെ സംരക്ഷിക്കുന്നതരത്തിലായിരുന്നു. ചാവേറുകള്‍ ബോംബാക്രമണം നടത്തുന്നത് ഇസ്ലാമിലെ യുദ്ധ തന്ത്രമാണെന്നും സക്കീര്‍ അഭിപ്രായപ്പെട്ടിരുന്നു. ഭീകരവാദികള്‍ക്ക് തീര്‍ത്തും പ്രചോദനം നല്‍കുന്ന വാക്കുകളാണ് ഒരു മത നേതാവില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഏത് നേരത്തും എവിടെയും ചാവേറുകളെ പ്രതീഷിക്കണമെന്നാണ് ശ്രീലങ്കന്‍ സ്ഫോടനം നല്‍കുന്ന മുന്നറിയിപ്.

ബിബിസി ഹിന്ദിയ്ക്കു വേണ്ടി വുസാത്തുള്ളാ ഖാന്‍ എഴുതിയ ലേഖനം ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം…

മുറിയ്ക്കുള്ളില്‍ വാതിലടച്ചിരുന്ന് ആത്മാഹുതി ചെയ്യുന്നതിന്റെ മനഃശാസ്ത്രം മനസ്സിലാവും. വിഷം കുടിച്ചോ, ഫാനില്‍ കെട്ടിത്തൂങ്ങിയോ, അല്ലെങ്കില്‍ സ്വന്തം തലയിലേക്ക് വെടിയുതിര്‍ത്തോ ഒകെ ആത്മഹത്യ ചെയ്യാന്‍ ഒരാള്‍ക്ക് കാരണങ്ങള്‍ പലതുണ്ടാവാം. എനിക്കോ നിങ്ങള്‍ക്കോ ഒക്കെ ഒരു പക്ഷേ മനസ്സിലാക്കാന്‍ ഇത്തിരി പ്രയാസമുള്ള കാരണങ്ങള്‍…

എന്നാല്‍- ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത, എനിക്കോ എന്റെ കുടുംബക്കാര്‍ക്കോ യാതൊരു ദ്രോഹവും മനസാ വാചാ കര്‍മണാ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരു കൂട്ടമാളുകളെ കൊല്ലാന്‍ തോന്നുക. ചെറുപ്പക്കാരായ, ബാല്യം പിന്നിട്ടിട്ടില്ലാത്ത, ജീവിതത്തിന്റെ സായാഹ്നം ചെലവിട്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടമാളുകളെ; സ്ത്രീ-പുരുഷ-ശിശു ഭേദമില്ലാതെ കൊന്നുതള്ളുക. അവര്‍ ചാവണം,പറ്റുമെങ്കില്‍ സ്വന്തം കൈ കൊണ്ടുതന്നെ തീര്‍ക്കണം എന്നാഗ്രഹിക്കുക. ഇതൊക്കെ എനിക്ക് ഒട്ടും മനസ്സിലാവാത്ത കാര്യങ്ങളാണ്.

ചാവേറായി ചെന്നുകേറി നൂറുകണക്കിനാളുകളെ കൊല്ലുക. എന്നിട്ട്, അവര്‍ക്കൊപ്പം മരണമടയുന്ന താന്‍ മാത്രം സ്വര്‍ഗ്ഗത്തിലേക്കും, തന്റെ കയ്യാല്‍ മരിച്ചവര്‍ അത്രയും നരകത്തിലേക്കും പോവുമെന്ന് സങ്കല്‍പ്പിക്കുക.. എത്ര ഭ്രാന്തമായ ഒരു ചിന്താഗതിയാണത്.

ചാവേറായി മാറാന്‍ തയ്യാറെടുത്തുകഴിഞ്ഞ, അല്ലെങ്കില്‍ മനുഷ്യ മനസ്സുകളെ ചാവേറുകളാവാന്‍ പ്രേരിപ്പിക്കുന്ന മനുഷ്യര്‍ക്ക് ഒരേയൊരിടമേ ഈ ലോകത്തുള്ളൂ. അത് ഏതെങ്കിലും മാനസിക രോഗാശുപത്രിയുടെ അടഞ്ഞ സെല്‍ മുറികളാണ്. ദൗര്‍ഭാഗ്യവശാല്‍ ശ്രീലങ്കയുടെ കാര്യത്തില്‍ അതേപ്പറ്റി തിരിച്ചറിഞ്ഞപ്പോഴേക്കും നേരം ഏറെ വൈകിക്കഴിഞ്ഞിരിക്കുന്നു. ഈ ചാവേറുകളായി കൊലചെയ്യപ്പെടുന്നത്, അവരും അവര്‍ക്കു ചുറ്റുമുട്ടില്ല ഒരു കൂട്ടം നിരപരാധികളും മാത്രമാണെങ്കിലും സഹിക്കാമായിരുന്നു.

പക്ഷേ, ഈ ചാവേറാക്രമണങ്ങളില്‍ ചാവേറുകളും, നിരപരാധികളായ ജനങ്ങളും മാത്രമല്ല മരിക്കുന്നത്. കെട്ടിടങ്ങള്‍ മാത്രമല്ല തകര്‍ന്നടിയുന്നത്. ഇങ്ങനെയൊന്നുണ്ടാവുമ്പോള്‍ തകര്‍ന്നുവീഴുന്നത്, ഒരു തലമുറയ്ക്ക് മറ്റൊരു തലമുറയുടെ മേലുള്ള, ഒരു മതത്തിന് മറ്റൊരു മതത്തോടുള്ള, ഒരു സമൂഹത്തിന്, മറ്റൊരു സമൂഹത്തോടുള്ള അല്ലെങ്കില്‍ ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തോടുള്ള കേവല വിശ്വാസം കൂടിയാണ്. പതുക്കെയാണെങ്കിലും, ആ നഷ്ടത്തിന് കൊടുക്കേണ്ടി വരുന്ന വില വലുതാണ്. ഒടുവില്‍ ബാക്കിയാവുന്നത് ഒരു കാടും, അതിനുള്ളില്‍ ഒരു കൂട്ടം ചെന്നായ്ക്കളും മാത്രമാണ് എന്നുവരും. നില നില്പിനുവേണ്ടി പരസ്പരം കൊന്നുതിന്നുന്ന ഒരു അവസ്ഥ വന്നുചേരും.

ശ്രീലങ്കയില്‍ നൂറുകണക്കിന് മനുഷ്യദേഹങ്ങള്‍ ചിതറിത്തെറിച്ചതില്‍ നിന്നും ഈ ലോകത്ത് ഒരാള്‍ക്കും ലാഭമുണ്ടായിട്ടില്ല എന്ന് വരാന്‍ വഴിയില്ല. ഈ ദുരന്തത്തില്‍ ചിന്നിയ ചോര കുപ്പികളില്‍ നിറഞ്ഞ്, തിരിച്ചു കേറുന്നത് തീവ്രവാദത്തിന്റെ ഞരമ്പുകളില്‍ പുത്തന്‍ ഊര്‍ജ്ജമായിട്ടാണ്. അതിന്റെ ആയുസ്സ് ഇരട്ടിപ്പിച്ചുകൊണ്ടാണ്. കൊല്ലാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ആരുമാവട്ടെ.. സിംഹളനോ, ബുദ്ധതീവ്രവാദിയോ, മുസ്ലീമോ, ജൈനനോ, ഹിന്ദുവോ ആരുമാവട്ടെ.. അത് ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിന്റെ ഭൂതം കാട്ടി പേടിപ്പിക്കുന്നവരാവട്ടെ.. അല്ലെങ്കില്‍ ബര്‍മയിലോ, റുവാണ്ടയിലോ, ബോസ്നിയയിലോ ഒക്കെ നരഹത്യയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടവനാവട്ടെ..

ഷിന്‍ജിയാങ്ങിലെ ഉയിഗര്‍ വംശജരെ ‘നന്നാക്കാന്‍’ എന്ന പേരില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടയ്ക്കുന്ന ചൈനീസ് സൈനികനാവട്ടെ, കറുത്ത വര്‍ഗക്കാര്‍ ജീവനോടെ ചുട്ടുകരിക്കാന്‍ ആഗ്രഹിക്കുന്ന കു ക്ലക്സ് ക്ലാന്‍ ഭ്രാന്തനാവട്ടെ.. സ്വന്തം വംശമൊഴിച്ച് മറ്റെല്ലാ മുസ്ലീങ്ങളെയും കാഫിര്‍ എന്ന് കണക്കാക്കി കൊല്ലാന്‍ തയ്യാറാവുന്ന ജിഹാദിയാവട്ടെ.. സോഷ്യല്‍ മീഡിയയില്‍ വിഷം തുപ്പുന്ന ഡിജിറ്റല്‍ തീവ്രവാദിയാവട്ടെ.. കൊള്ളുന്ന കാര്യങ്ങള്‍ ആരുടേതായാലും അതിലോടുന്ന രക്തത്തിലാണ് ആ ഊര്‍ജം കേറിപ്പറ്റുന്നത്.

ഒരു വ്യക്തിക്കോ, ഒരു സംഘടനയ്‌ക്കോ വേണ്ടി നടത്തപ്പെട്ട ഈ ക്രൂരകൃത്യത്തില്‍ നിന്നും എല്ലാവരും അവരവരുടേതായ രീതിയില്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വളരെ നൈസര്‍ഗികമായ രീതിയില്‍ വെറുപ്പ് ഈ ലോകമെങ്ങും പരത്തിക്കൊണ്ടിരിക്കുകയാണ്.

പക്ഷേ, നമ്മളോര്‍ക്കേണ്ട ഒന്നുണ്ട്.. ഈ കൃത്യം നടത്തിയവര്‍ ഒരു സുപ്രഭാതത്തില്‍ ചൊവ്വയില്‍ നിന്നും ഇറങ്ങി വന്നവരല്ല. നമുക്കിടയില്‍ തന്നെ ഉള്ളവരാണ് ഇവര്‍. നമ്മുടെ അയല്‍പക്കങ്ങളില്‍ ജീവിച്ചിരുന്നവര്‍. നമ്മയോട് സംവദിച്ചുകൊണ്ട് നമ്മുടെ ജീവിതങ്ങളില്‍ സന്നിഹിതരായിരുന്നവര്‍.. ഇത്രയും കാലം നമ്മളറിയാതെ നമ്മുടെ സ്വന്തം മനസ്സുകള്‍ക്കുള്ളില്‍ വന്ന് ഒളിച്ചിരുന്നവര്‍.. എന്നിട്ടും നമ്മുടെ ആവശ്യം, സര്‍ക്കാര്‍ ഉടന്‍ എന്തെങ്കിലും നടപടിയെടുക്കണം എന്നുമാത്രമാണ്..!

comments


 

Other news in this section
WhatsApp chat