ടോറികളെയും,ലേബറിനെയും പിന്നിലാക്കി ബ്രെക്‌സിറ്റ് പാര്‍ട്ടി മുന്നേറ്റം നടത്തിയേക്കുമെന്നു സര്‍വ്വേ ഫലം

ലണ്ടന്‍ : യു.കെ യില്‍ കണ്‍സേര്‍വേറ്റീവ് , ലേബര്‍ പാര്‍ട്ടികളെ പിന്തള്ളകൊണ്ട് ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് ജനപിന്തുണ വര്‍ദ്ധിക്കുന്നു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ഏറ്റവും പുതിയ സര്‍വ്വേ അനുസരിച്ചു കഴിഞ്ഞ ആഴ്ചകളില്‍ രൂപീകൃതമായ ബ്രെക്‌സിറ്റ് പാര്‍ട്ടി 6 പോയിന്റുകള്‍ കടന്നു 17 ശതമാനത്തോളം ജനസമ്മിതി നേടി.

നിലവില്‍ ടോറികളെ മറികടന്നു 7 പോയിന്റ് പിന്‍ബലത്തില്‍ ലേബര്‍ പാര്‍ട്ടി 33 ശതമാനം വോട്ടുകള്‍ക്ക് മുന്നിലാണ്. രണ്ടു പാര്‍ട്ടികള്‍ക്കും പുതിയ പാര്‍ട്ടി വന്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. രൂപീകൃതമായി ദിവസങ്ങള്‍ക്കകം 17 ശതമാനം പിന്തുണ നേടിയ ബ്രെക്‌സിറ്റ് പാര്‍ട്ടി വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തികുറിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

ബ്രെക്‌സിറ്റും തുടര്‍ന്നുള്ള പ്രതിസന്ധികളും കണ്‍സേര്‍വേറ്റീവിന്റെ 13 ശതമാനം വോട്ടുകളും ഇല്ലാതാക്കി. നിലവില്‍ 26 ശതമാനമാണ് പാര്‍ട്ടിയുടെ ജനപിന്തുണ. സര്‍വേയില്‍ ലിബറല്‍ ഡെമോക്രറ്റുകള്‍ 6 ശതമാനം, യുകിപ്, ഗ്രീന്‍ പാര്‍ട്ടി, സെന്‍ട്രിസ്റ്റ് പാര്‍ട്ടികള്‍ 4 ശതമാനം എന്നിങ്ങനെയാണ് വിവിധ പാര്‍ട്ടികളുടെ ലീഡ് .

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിയ്ക്കും വെല്ലുവിളിയായി എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള കുതിപ്പാണ് നിജെല്‍ ഫെരാജിന്റെ ബ്രെക്സിറ്റ് പാര്‍ട്ടി നടത്തുന്നത്. യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ ബ്രകിസ്റ്റ് പാര്‍ട്ടി മുമ്പിലെത്തുമെന്നുള്ള പ്രവചനങ്ങളും പുറത്ത് വന്നുകഴിഞ്ഞു. ബ്രെകിസ്റ്റിനെ പരാജയപ്പെടുത്തിയ എംപിമാര്‍ക്ക് പണികൊടുക്കാനും സ്ഥാനാര്‍ത്ഥികളെ ഇവര്‍ നിര്‍ത്തുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു.

യുകെയിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ട്രയല്‍ എന്ന വിധത്തിലായിരിക്കും അടുത്ത മാസം നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയെന്നും ഫെരാജ് വെളിപ്പെടുത്തിയിട്ടുണ്ട്. യുകിപിന്റെ നേതൃസ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് ശേഷം അടുത്തിടെ മാത്രമാണ് പുതിയ ബ്രെക്സിറ്റ് പാര്‍ട്ടി സ്ഥാപിച്ചത്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ പാര്‍ട്ടി നേടിയെടുത്തിരിക്കുന്ന പിന്തുണ ടോറികള്‍ക്കും ലേബറിനും കടുത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്തിനേറെ ചില അഭിപ്രായ സര്‍വേകളില്‍ ഇരു പാര്‍ട്ടികളെയും കവച്ച് വച്ച് ഫെരാജിന്റെ പാര്‍ട്ടി മുന്നിലെത്തുകയും ചെയ്തിരുന്നു.


ബ്രെക്സിറ്റ് വേണ്ട വിധത്തില്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് ജനകീയത നാള്‍ക്ക് നാള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന തെരേസയുടെ നേതൃത്വത്തിലുള്ള ടോറികള്‍ക്ക് 2022ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇതിനൊപ്പം ഫെരാജിന്റെ പാര്‍ട്ടി കൂടി മുന്നേറുന്നതോടെ ടോറികളുടെ നാശം പൂര്‍ണമാകുമെന്ന ആശങ്ക ശക്തമാണ്.

ബ്രെക്സിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് തെരേസക്കെതിരെ വിമതനീക്കം ശക്തമായിരിക്കുന്നതിനാല്‍ അവര്‍ കാലാവധി തികക്കുന്നതിന് മുമ്പ് രാജി വയ്ക്കാന്‍ നിര്‍ബന്ധിതയാകുമെന്നും അങ്ങനെ വന്നാല്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടി വരുകയും അതില്‍ ബ്രെക്സിറ്റ് പാര്‍ട്ടി മുന്നേറുമെന്നും പ്രവചനമുണ്ട്.

ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ നടത്തുന്നതിന്റെ ആദ്യ പടിയായി യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കഴിവ് തെളിയിക്കേണ്ടതുണ്ടെന്നാണ് ഫെരാജ് വിശദീകരിക്കുന്നത്. ബ്രെക്സിറ്റ് തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ തങ്ങളുടെ സീറ്റുകള്‍ കൈവിട്ട് പോകുമെന്ന് മിക്ക എംപിമാരും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ഫെരാജ് എടുത്ത് കാട്ടുന്നു.

ബ്രെക്സിറ്റ് പാര്‍ട്ടിയുടെ പ്രസക്തി അവരില്‍ മിക്കവരും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ബ്രെക്സിറ്റ് നടപ്പിലാക്കുക അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ മാത്രമാണ് നിലവില്‍ എംപിമാര്‍ക്ക് മുന്നിലുള്ളതെന്നും ഫെരാജ് പറയുന്നു.

Share this news

Leave a Reply

%d bloggers like this: