സണ്‍ഡേസ്‌ക്കൂള്‍ ബാലകലോത്സവം ഗാള്‍വേയില്‍ പ്രൗഢോജ്വലമായി സമാപിച്ചു…

ഗാള്‍വേ: മലങ്കര യാക്കോബായ സിറിയന്‍ സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ അയര്‍ലണ്ട് റീജിയണ്‍ ബാലകലോത്സവം മെയ് 6 ന് (തിങ്കളാഴ്ച) ഗാള്‍വേ, ഗോര്‍ട്ട് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. രാവിലെ 9 മണിക്ക് എം.ജെ.എസ്സ്.എസ്സ്.എ. ഡയറക്ടര്‍ വന്ദ്യ: ബിജു പാറേക്കാട്ടില്‍ അച്ഛന്‍ പതാകയുയര്‍ത്തി വനിതാസമാജം ഡയറക്ടര്‍ വന്ദ്യ: ജോബിമോന്‍ സ്‌കറിയ അച്ഛന്‍ ഉദ്ഘാടനം ചെയ്ത് സമാരംഭിക്കപ്പെട്ട ബാലകലോത്സവം രെജിസ്‌ട്രേഷനും ഉദ്ഘാടനസമ്മേളനത്തിനും ശേഷം ഔദ്യോഗികമായി ആരംഭിച്ചു. അഞ്ചുവേദികളിലായി അയര്‍ലണ്ടിലെ പതിനൊന്ന് ഇടവകകളില്‍ നിന്നുള്ള ഏകദേശം ഇരുനൂറോളം കലാപ്രതിഭകളാണ് ബാലകലോത്സവത്തില്‍ പങ്കെടുത്തത്.

ബാലകലോത്സവത്തിന്റെ വിജയത്തിനായി എം.ജെ.എസ്സ്.എസ്സ്.എ.ഡയറക്ടര്‍ വന്ദ്യ: ബിജു പാറേക്കാട്ടില്‍ അച്ഛന്റെയും സെക്രട്ടറി ശ്രീ. വര്‍ഗീസ്സ്‌കുട്ടി ജോര്‍ജിന്റെയും ജോയിന്റ് സെക്രട്ടറി ശ്രീ, ജെയ്മോന്‍ മര്‍ക്കോസിന്റെയും നേതൃത്വത്തില്‍ എല്ലാ സണ്ടേസ്‌കൂളുകളില്‍നിന്നുള്ള അധ്യാപകരെയും ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി ആദിയോടന്ത്യം പ്രവര്‍ത്തിച്ചു. ബെല്‍ഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ നിന്നുള്ള സണ്‍ഡേസ്‌കൂള്‍ അധ്യാപകരും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളും വിധകര്‍ത്താക്കളായി എത്തിച്ചേര്‍ന്ന ബാലകലോത്സവം ഇഞ്ചോടിഞ്ചു പോരാട്ടത്തിന് വേദിയായി എന്ന് വിധികര്‍ത്താക്കള്‍ തന്നെ തുറന്നു പ്രസ്താവിച്ചു. ക്രൈസ്തവ സംഗീതം, പ്രസംഗം, ആരാധന ഗീതം മലയാളം, ആരാധനാഗീതം സുറിയാനി, ബൈബിള്‍ ക്വിസ്, ബൈബിള്‍ ടെസ്റ്റ്, തങ്കവാക്യം എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. കൂടാതെ ചിത്രരചനാ മത്സരവും, പെയിന്റിംഗ് മത്സരവും, ബൈബിള്‍ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രപ്രദര്‍ശനങ്ങളും ഇതോടൊപ്പം നടത്തപ്പെട്ടു.

മത്സരങ്ങളുടെ ആകെ പോയിന്റ് നിലയില്‍ വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സണ്‍ഡേസ്‌കൂള്‍ ഒന്നാം സ്ഥാനവും കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് സണ്‍ഡേസ്‌കൂള്‍ രണ്ടാം സ്ഥാനവും സ്‌വോഡ്‌സ് സെന്റ് ഇഗ്‌നാത്തിയോസ് സണ്‍ഡേസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സണ്‍ഡേസ്‌കൂളുകള്‍ക്കുള്ള എവര്‍ റോളിങ്ങ് ട്രോഫികളും സമാപന സമ്മേളനത്തില്‍വെച്ചു വിതരണം ചെയ്യപ്പെട്ടു. കുട്ടികളുടെ കഥാ കവിത രചനകള്‍ ഉള്‍പ്പെടുത്തിയ എം.ജെ.എസ്സ്.എസ്സ്.എ അയര്‍ലണ്ട് റീജിയന്‍ മാഗസിന്‍ ‘മാനീസോ’ യുടെ വിതരണവും സണ്‍ഡേസ്‌കൂള്‍ പത്താം ക്ലാസ്സ് വിജയിച്ചകുട്ടികളുടെ ജെ.എസ്സ്.എസ്സ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെട്ടു.

ബാലകലോത്സവത്തില്‍ വന്നുസംബന്ധിച്ച എല്ലാവര്‍ക്കും സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി നന്ദി അറിയിച്ചു. സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി ആതിഥേയത്വം വഹിച്ച ഈ വര്‍ഷത്തെ ഭദ്രാസന ബാലകലോത്സവം കൊടിയിറക്കോടെ സമാപിച്ചു.

Share this news

Leave a Reply

%d bloggers like this: