2021-ല്‍ റോം ആതിഥേയത്വം വഹിക്കുന്ന 10-ാമത് ലോക കുടുംബസംഗമത്തിന്റെ ‘തീം’ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ…

വത്തിക്കാന്‍ സിറ്റി: 2021ല്‍ റോം ആതിഥേയത്വം വഹിക്കുന്ന ലോക കുടുംബസംഗമത്തിന്റെ ‘തീം’ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ‘കുടുംബ സ്നേഹം: വിശുദ്ധയിലേക്കുള്ള വിളിയും മാര്‍ഗവും’ എന്നതാണ് 2021 ജൂണ്‍ 23മുതല്‍ 27വരെ നടക്കുന്ന 10-ാമത് ലോക കുടുംബസംഗമത്തിന്റെ ചിന്താവിഷയം. ചിന്താവിഷയം പ്രഖ്യാപിച്ചതോടെ ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കുടുംബസംഗത്തിന്റെ ഔദ്യോഗിക ഒരുക്കങ്ങള്‍ക്കും ആരംഭമാകുകയാണ്. കുടുംബ സംഗമത്തിന് തുടക്കമാകുന്നത് അപ്പസ്തോലിക പ്രബോധനമായ ‘അമോരിസ് ലറ്റീഷ്യ’ പ്രസിദ്ധീകരിച്ചതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലാണെന്നതും സവിശേഷതയാണ്.

കുടുംബ ജീവിതവും കുടുംബ ബന്ധങ്ങളിലെ സ്നേഹവും ഊഷ്മളമാക്കുക, കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ കുടുംബങ്ങളെ ശക്തമാക്കുക എന്നിവയാണ് ലോക കുടുംബസംഗമത്തിന്റെ ലക്ഷ്യം. കുടുംബത്തിലെ സ്നേഹം വിശുദ്ധിയിലേക്കുള്ള വിളിയും മാര്‍ഗവും എന്ന ചിന്ത പങ്കുവെക്കുന്നതിലൂടെ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും സ്വാധീനവും മനസിലാക്കികൊടുക്കാനാണ് ഉദ്ദേശിക്കുന്നതും. അതുകൊണ്ടുതന്നെയാണ് ഈ ചിന്താവിഷയം പാപ്പ തിരഞ്ഞെടുത്തത്.

കുടുംബത്തിലെ ഓരോ അംഗവും വഹിക്കുന്ന പ്രത്യേക ദൗത്യത്തെക്കുറിച്ചും ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്നതിനെക്കുറിച്ചുമെല്ലാം സംഗമത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പാപ്പ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ സഭയുടെ ഏറ്റവും ആകര്‍ഷകമായ രൂപം എന്ന് ബോധ്യമാണ് ലോക കുടുംബസംഗമം സംഘടിപ്പിക്കാനുള്ള പ്രചോദനം. അതുകൊണ്ടുതന്നെ കുടുംബങ്ങളുടെ വളര്‍ച്ചയ്ക്കുന്ന ഉതകുന്ന ചര്‍ച്ചകള്‍ സംഗമത്തില്‍ നടത്തുമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: