Tuesday, July 7, 2020

നിഴല്‍ യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആഹ്വനം ചെയ്ത് ഇറാന്‍ സൈനിക നേതാവ്; വീണ്ടും യുദ്ധക്കളമാകാന്‍ ഒരുങ്ങി ഇറാഖ്…

Updated on 18-05-2019 at 8:58 am

Share this news

ഇറാഖി സായുധ സംഘങ്ങളോട് ‘ഒരു നിഴല്‍ യുദ്ധത്തിന് തയ്യാറെടുക്കാന്‍’ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക നേതാവ് പറഞ്ഞതായി ‘ദ ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. മേജര്‍ ജനറല്‍ ഖാസിം സുലൈമാനി മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ബാഗ്ദാദിലെത്തി ഇറാനു സ്വാധീനമുള്ള സായുധ സംഘങ്ങളെ നേരില്‍ കണ്ടു സംസാരിച്ചു. ഇതോടെ മധ്യേഷ്യയിലെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് കനത്ത തിരിച്ചടി ഉണ്ടായേക്കാം എന്ന് അമേരിക്ക ഭയപ്പെടുന്നു. ഇറാഖിലുള്ള സൈന്യത്തോട് ജാഗ്രത പുലര്‍ത്താന്‍ ബ്രിട്ടനും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇറാഖിലെ ഷിയാ വിമത ഗ്രൂപ്പുകളുമായി സുലൈമാനി പതിവായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും, അതിന്റെ സ്വഭാവവും സ്വരവും വ്യത്യസ്തമായിരുന്നു വെന്നും വിവരങ്ങളുടെ ഉറവിടത്തെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പറയുന്നു. ഈ കൂടിക്കാഴ്ച യുഎസ്, ബ്രിട്ടീഷ്, ഇറാഖി സേനാ വെധാവികള്‍ തമ്മിലുള്ള നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി. ഇറാഖ് വീണ്ടുമൊരു യുദ്ധക്കളമാവുമോ എന്ന ആശങ്കയിലാണ് സഖ്യസേന.

അതോടെ ഇറാഖിലെ യു.എസ് എംബസി ഭാഗികമായി ഒഴിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ എംബസിയില്‍ ഉണ്ടാകേണ്ട ജീവനക്കാര്‍ ഒഴികെ മറ്റുള്ളവര്‍ ഉടന്‍ രാജ്യം വിടണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ബാഗ്ദാദിലെ യു.എസ് എംബസിയിലേയും ഇര്‍ബിലെ കോണ്‍സുലേറ്റിലേയും ഉദ്യോഗസ്ഥരേയാണ് തിരിച്ചു വിളിച്ചത്. കാലങ്ങളായി തുടരുന്ന നിഴല്‍ യുദ്ധം നേരിട്ടൊരു ഏറ്റുമുട്ടലിലേക്ക് എത്തിയേക്കാം എന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി.

ഇറാഖിലെ പോലുലര്‍ മൊബിലൈസേഷന്‍ യൂണിറ്റിന്റെ (പി.എം.യു) കീഴിലാണ് എല്ലാ വിമത സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്. പി.എം.യു-വിലെമുതിര്‍ന്ന നേതാക്കളുമായാണ് സുലൈമാനി ചര്‍ച്ച നടത്തിയത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥനാണ് സുലൈമാനി. അദ്ദേഹമാണ് ഇറാഖിലേയും സിറിയയിലേയും വിമത പോരാളികളെ ഒരുമിപ്പിച്ച് ഇറാനോടൊപ്പം നിര്‍ത്തി മുന്നോട്ടു കൊണ്ടുപോകുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇയിലെ ഫുജൈറ തീരത്തുണ്ടായ കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക പറയുന്നു. എന്നാല്‍ ഇറാന്‍ ആരോപണം തള്ളിക്കളഞ്ഞു. ഇറാനോ ഇറാന്റെ പിന്തുണയുള്ള സംഘങ്ങളോ ആണ് ആക്രമണം നടത്തിയത് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നു.

ഇറാന്‍ എണ്ണകയറ്റുമതിക്കുള്ള ഉപരോധം ശക്തമാക്കിയതിന് പിന്നാലെ ഒരു വിമാന വാഹിനി കപ്പലും ബി 52 ബോംബര്‍ വിമാനങ്ങളും അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് അയച്ചിരുന്നു. അതേസമയം, ഐ.എസ് വിരുദ്ധ പോരാട്ടം നടത്തുന്ന സഖ്യസേന ഡെപ്യൂട്ടി ജനറല്‍ ക്രിസ് ഘിക സിറിയയിലെയും ഇറാഖിലെയും നിലവിലെ സ്ഥിതി തൃപ്തികരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സഖ്യ സേനയുടെ നിലപാട് യു.എസ് മിലിട്ടറി സെന്‍ട്രല്‍ കമാന്റ് തള്ളി. ഇറാന്‍ സേനയും വിവിധ സായുധ വിഭാഗങ്ങളും അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന സ്ഥാപനങ്ങളും ലക്ഷ്യമാക്കി ആയുധങ്ങള്‍ വിന്യസിച്ചിരിക്കുകയാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

comments


 

Other news in this section
WhatsApp chat